മണ്ണഞ്ചേരി: കലവൂര്‍ ഐടിസി കോളനി പുതുവല്‍ വെളിയില്‍ വേണുഗോപാലിനെ വധിച്ച കേസിലെ പ്രതിയായ മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ 13-ാം വാര്‍ഡ് വെടിയന്തറവെളിയില് പ്രേംകുമാറി (തിരുമേനി-29)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ മാരാരിക്കുളത്തെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. ജനുവരി 28ന് പുലര്‍ച്ചെ പ്രഭാതസവാരി കഴിഞ്ഞെത്തിയ വേണുഗോപാലിനെ ബൈക്കിലെത്തിയ ആറംഗസംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ പ്രേംകുമാര്‍ കേസിലെ ഇരുപത്തിയൊന്നാം പ്രതിയാണന്ന് പോലീസ് പറഞ്ഞു. ഗൂഢാലോചനയും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും ചെയ്തു എന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം. കൃത്യനിര്‍വഹണത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികള്‍ ഉള്‍പ്പടെ ഇനിയും ചിലരെ കൂടി പിടികൂടാനുള്ള ഈകേസിലെ പ്രധാനികള്‍ എല്ലാം വരുംദിവസങ്ങളില്‍ തന്നെ പിടിയിലാകുമെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള മാരാരിക്കുളം സിഐ: കെ.ജി. അനീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: