കോഴിക്കോട്: കേരളത്തിലെ തിയേറ്ററുകാര്‍ക്ക് മലയാള സിനിമ വേണ്ടെന്ന നിലപാടാണുള്ളതെന്ന് സംവിധായകന് അമ്പിളി. തന്റെ പുതിയ ചിത്രമായ ചാമന്റെ കബനിയുടെ റിലീസിംഗുമായി ബന്ധപ്പെട്ട് സിനിമാ തിയേറ്ററുകാരുമായി ബന്ധപ്പെട്ടപ്പോള്‍ മനസ്സിലായ കാര്യമാണിത്.
താങ്കള്‍ ഇനി മലയാള സിനിമ എടുക്കരുതെന്നും തമിഴ് സിനിമ വല്ലതും ഉണ്ടെങ്കില്‍ എടുക്കാം എന്ന നിലപാടുമാണ് പലരും സ്വീകരിച്ചത്. മള്‍ട്ടിപ്ലക്സുകള്‍ അടക്കം വരുന്നുണ്ടെങ്കിലും ഇത്തരം നിലപാടുകള്‍ കാണുമ്പോള്‍ സിനിമ അസ്തമിക്കാന്‍ പോകുന്നുവെന്ന തോന്നലാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമ്പിളി.
ചാമന്റെ കബനി എന്ന ചിത്രം പുറത്തിറക്കുന്നതിനായി ഒട്ടനവധി പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. ചിത്രത്തിന്റെ സംവിധായകന് എന്നതിനൊപ്പം നിര്‍മ്മാതാവും വിതരണക്കാരനും ആകേണ്ടിവന്നു. ഇനി ഒരു സിനിമ എടുക്കരുതെന്ന് കരുതി നില്‍ക്കുമ്പോഴാണ് മുത്തങ്ങ സംഭവം ഉണ്ടാകുന്നത്. മനസ്സില്‍ അതൊരു വേദനയായി മാറിയപ്പോഴാണ് വിജയപരാജയങ്ങള്‍ നോക്കാതെ സിനിമയെടുക്കാനിറങ്ങിയത്.
മുത്തങ്ങയിലെ ആദിവാസികള്‍ക്കുവേണ്ടി, അവരെക്കുറിച്ച് ഒരു തിരിച്ചറിവ് നമ്മുടെ നാട്ടുകാര്‍ക്ക് ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഈ സിനിമ. കാട്ടില്‍പ്പോലും സംരക്ഷണം ഇല്ലാത്ത, എല്ലാ സമരങ്ങളും പരാജയപ്പെടുന്ന ആദിവാസികളെക്കുറിച്ച്, അവിവാഹിതകളായ ആദിവാസി അമ്മമാരെക്കുറിച്ച്, എല്ലാം ഈ ചിത്രം പറയുന്നുണ്ട്. ആദിവാസികളോട് ഒരു ഭരണകൂടവും ചെയ്യാന്‍ പാടില്ലാത്തതാണ് മുത്തങ്ങയില്‍ ചെയ്തത്. കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്കുന്നവര് കാട്ടില്‍ ജനിച്ചവര്‍ക്ക് ഒരു തുണ്ടു ഭൂമി പോലും നല്‍കുന്നില്ല.
ചാമന്റെ കബനിയുടെ റിലീസിംഗ് വൈകിയതിന് സെന്‍സര്‍ ബോര്‍ഡും കാരണമായി. നിരവധി തവണ അനുമതിക്കായി കാത്തു നിന്നു. ഒന്നു രണ്ടു തവണ ചിത്രത്തിന്റെ പേരു മാറ്റിയും അപേക്ഷ നല്കി. കബനി പിന്നെ ചാമന്റെ കബനിയായി മാറ്റിയപ്പോഴാണ് അനുമതി ലഭിച്ചത്. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങള്‍ മാറ്റേണ്ടിയും വന്നു.
ചിത്രത്തിന്റെ റിലീസിംഗിന് തിയേറ്ററുകള്‍ ലഭിക്കാത്ത സ്ഥിതിയും ഉണ്ടായി. കേരളത്തില്‍ ഏഴു തിയേറ്ററുകളിലാണിപ്പോള് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മാള അരവിന്ദന് അവസാനമായി അഭിനയിച്ച ചിത്രമാണിത്. ചിത്രം പുറത്തിറങ്ങി കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നത് വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, എ.വി. ഫര്‍ദിസ്, ആര്. ശ്രീനിവാസന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: