കരുനാഗപ്പള്ളി: വ്യാപാരസ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കായി പ്രത്യേക സംരക്ഷണപദ്ധതി നടപ്പിലാക്കുന്നു. വരുന്ന നിയമസഭാ സമ്മേളനത്തില്‍ പദ്ധതി അവതരിപ്പിച്ച് അംഗീകാരം തേടുമെന്ന് (ലേബര്‍ എന്‍ഫോഴ്സ്) അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അലക്സാണ്ടര്‍ അറിയിച്ചു.
തൊഴില്‍സമയം നിജപ്പെടുത്തും. എട്ട് മണിക്കൂറില്‍ കൂടുതല്‍ സ്ത്രീകളെ തൊഴില്‍ ചെയ്യിക്കുവാന്‍ പാടില്ല. ശമ്പളത്തോടെ ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണം. താല്ക്കാലികമോ സ്ഥിരമായോ തൊഴില്‍ ചെയ്യിക്കുന്നതിന് മുമ്പ് അപ്പോയ്മെന്റ് ഓര്‍ഡര്‍ നല്‍കണം. ജോലിയില്‍ നിന്ന് സ്വയം പിരിഞ്ഞുപോയാലോ ഒഴിവാക്കിയാലോ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.
തൊഴിലാളികളുടെയോ ഉദ്യോഗാര്‍ത്ഥിയുടെയോ യാതൊരു സര്‍ട്ടിഫിക്കറ്റുകളും പിടിച്ചുവയ്ക്കുവാന്‍ അനുവദിക്കുകയില്ല. വിശ്രമമുറി, കുടിനീര്, അരമണിക്കൂര്‍ വിശ്രമം, ഗര്‍ഭിണിയായ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തെ വേതനത്തോടെയുള്ള അവധി, കൈക്കുഞ്ഞുങ്ങളെ പാലൂട്ടാനായി പ്രത്യേക സൗകര്യം, ആരോഗ്യപരിരക്ഷ പദ്ധതികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമം ഭേദഗതി ചെയ്യുന്നത്. തൊഴില്ലംഘനം ഉണ്ടായാല്‍ തൊഴിലാളിക്കോ തൊഴിലാളി യൂണിയനോ മറ്റേതൊരു വ്യക്തിക്കോ പരാതി നല്‍കാമെന്ന് അലക്സാണ്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: