മലപ്പുറം: സംസ്ഥാനത്തെ ബഹുനില കെട്ടിടങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പില്‍ നിന്നും ഫയര്‍ എന്‍ഒസി ലഭിക്കുന്നതിനുള്ള അപേക്ഷാഫീസ് വര്‍ദ്ധിപ്പിച്ചത് ജനങ്ങളെ പൊള്ളിക്കുന്ന രീതിയില്‍. പത്തിരട്ടിയോളം ഫീസ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി നിലനില്ക്കുമ്പോള് തന്നെ എന്‍ഒസി ഫീസ് വര്‍ദ്ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ദ്രോഹിക്കുകയാണെന്ന് കെട്ടിട ഉടമകളും കരാറുകാരും പറയുന്നു.
15 മീറ്റര്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് 10 രൂപയായിരുന്നത് 20 രൂപയാക്കിയും, 35 മീറ്റര്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് 10 രൂപയെന്നത് 100 രൂപയാക്കിയും വര്‍ധിപ്പിച്ചു. ഇതുപ്രകാരം 5000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന് മുമ്പ് 50000 രൂപയായിരുന്നു ഫീസ്.
പുതിയ ഉത്തരവ് മൂലം ഇത് അഞ്ചുലക്ഷത്തോളം അടക്കേണ്ടിവരും. ആദ്യപരിശോധന പരാജയമായാല്‍ വീണ്ടും 5 ലക്ഷം രൂപ അടച്ച് പുതുക്കിയ അപേക്ഷ ഹാജരാക്കണം. ഇത്തരത്തില്‍ ഹോട്ടല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് കെട്ടിടങ്ങള്‍ക്കുമുള്ള ഫീസുകളിലും മാനദണ്ഡമില്ലാതെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. രണ്ടുനിലകളില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് വരെ ചുറ്റുകോണി സ്ഥാപിക്കാമെന്ന നേരത്തെയുള്ള ഉത്തരവ് മാറ്റി ഒമ്പതുമീറ്ററാക്കി ചുരുക്കിയതും പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് കരാറുകാര്‍ പറയുന്നു.
പെട്ടെന്നുള്ള ഫീസ് വര്‍ധന മൂലം കരാറുകാര്‍ നെട്ടോട്ടത്തിലാണ്. ഫയര്‍ ആന്‍ഡ് റസ്ക്യൂ ആസ്ഥാനത്തുനിന്നും ഇറക്കിയ ഉത്തരവ് പ്രകാരം ആദ്യം നല്കിയ അപേക്ഷയില്‍ പ്ലാനും, സൈറ്റും തമ്മില്‍ എന്തെങ്കിലും ചെറിയ വ്യത്യാസം പരിശോധനയില്‍ കണ്ടെത്തിയാല്‍ രണ്ടാമത് വീണ്ടും അപേക്ഷ നല്‍കണം. കൂടാതെ ഒടുക്കിയ ഫീസും നല്‍കണം. ഇത് നിര്‍മ്മാണമേഖലയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്.
സാധാരണനിലയില്‍ ഓരോ പ്രൊജക്ടിന്റെയും നിര്‍മാണം പൂര്‍ത്തിയായതിനുശേഷമാണ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം സുരക്ഷാ പരിശോധനക്ക് എത്തുന്നത്. ഈ സന്ദര്‍ഭത്തില്‍ പോരായ്മകള്‍ കണ്ടെത്തിയാല്‍ പരിഹരിക്കുന്നതിന് ഉത്തരവിടുകയാണ് പതിവ്. ഇത്തരത്തില്‍ പോരായ്മകള്‍ പരിഹരിക്കുന്നതിന് പുതിയ അപേക്ഷയും ഫീസും നല്‍കണമെന്ന തീരുമാനത്തിനെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളില്‍ പരിശോധന നടത്തുന്ന ഫയര്‍ ആന്‍ഡ് റസ്ക്യൂ സേഫ്റ്റി ഉദ്യോഗസ്ഥര്‍ തുടര്‍ന്ന് വിലയിരുത്തലുകളോ നിരീക്ഷണമോ നടത്താറില്ലെന്ന പരാതിയും വ്യാപകമാണ്. സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പ്രകാരം പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ക്ക് പരിശോധനക്ക് ഈടാക്കിയിരുന്ന തുകയില്‍ വന്‍വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്.
നിര്‍മ്മാണ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതിനിടെയാണ് ഫീസും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഫയര്‍ ആന്‍ഡ് റസ്ക്യൂ വകുപ്പില്‍ കൂടുതല്‍ അഴിമതിക്കാരെ സൃഷ്ടിക്കാന്‍ ഈ ഉത്തരവ് സഹായിക്കുമെന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു. ഫീസ് വര്‍ദ്ധിപ്പിക്കരുതെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് കെട്ടിട ഉടമകളും കരാറുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: