തിരുവനന്തപുരം: വിവരാവകാശ പ്രകാരമുള്ള അപേക്ഷകളില്‍ മറുപടി നല്കാന് സഹകരണ ബാങ്കുകള്‍ ബാധ്യസ്ഥരാെണന്ന് സംസ്ഥാന വിവരാവകാശകമ്മീഷന് ഉത്തരവ്. കൊല്ലം സ്വദേശി സി. സുനില്‍ കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഇയാള്‍ വിവരാവകാശ നിയമപ്രകാരം കൊല്ലം ജില്ലാ സഹകരണബാങ്കില്‍ നിന്നും ചില രേഖകള്‍ ആവശ്യപ്പെട്ട് കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ 2013ലെ സുപ്രീംകോടതി വിധിപ്രകാരം വിവരങ്ങള്‍ നല്കാന് സഹകരണ ബാങ്കിന് ബാധ്യതയില്ലെന്ന നിലപാടാണ് ബാങ്ക് സ്വീകരിച്ചത്. ബാങ്കിന്റെ വാദം ശരിയല്ലെന്ന് കമ്മീഷന് വ്യക്തമാക്കി.
ആവശ്യപ്പെട്ട രേഖകള്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ സൗജന്യമായി നല്‍കണമെന്ന് കമ്മീഷന് സഹകരണവകുപ്പിന് നിര്‍ദ്ദേശം നല്കി. കോടതി വിധി പൂര്‍ണ്ണമായി വായിച്ചു നോക്കാതെയും ഔചിത്യ ബോധമില്ലാതെയുമാണ് ജില്ലാബാങ്ക് മറുപടി നല്‍കിയത്.
സഹകരണസംഘം രജിസ്ട്രാര്‍ക്ക് സഹകരണനിയമം സെക്ഷന്‍ 65 പ്രകാരം എതുസംഘത്തിലും അന്വേഷണം നടത്തുന്നതടക്കമുള്ള വിപുലമായ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സംഘത്തില്‍ നിന്നും ഏതു വിവരം കരസ്ഥമാക്കുന്നതിനും രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്നും കമ്മീഷന് അറിയിച്ചു.
വിവരങ്ങള്‍ നല്‍കുന്നത് ഉറപ്പുവരുത്താന്‍ വേണ്ടി സഹകരണസംഘം രജിസ്ട്രാര്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് മറയാക്കി കേരളത്തിലെ സഹകരണ ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളൊന്നും ഇപ്പോള്‍ വിവരാവകാശ അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. എന്നാല്‍ സര്‍ക്കാരില്‍ നിന്നും നേരിട്ടോ പരോക്ഷമായോ സാമ്പത്തിക സഹായം ലഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് വിവരാവകാശ നിയമങ്ങള്‍ ബാധകമാണ്. ജനങ്ങളുടെ പണം ഉപയോഗിച്ച് വ്യവസായം നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍
സുതാര്യമായിരിക്കണമെന്നതാണ് വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനം. സുതാര്യമായ ഭരണനിര്വ്വഹണത്തിനുവേണ്ടിയുള്ള ഈ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നതിനെ പ്രതിരോധിക്കാന്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടാകണമെന്നും കമ്മീഷന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: