പാലക്കാട്: ബി.ജെ.പി. മുതലമട മണ്ഡലം പ്രസിഡന്റുമായ വെള്ളാരംകടവ് മണി കൊല്ലപ്പെട്ട കേസില്‍ നല് അല്‍-ഉമ്മ പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന കോടതി വിധിചരിത്രമായി. കേരളത്തില്‍ അല്‍ ഉമ്മ ബന്ധം സ്ഥിരീകരിച്ച ആദ്യകേസിലാണ് പാലക്കാട് അതിവേഗകോടതി (മൂന്ന്) ജഡ്ജ് കെ.ആര്. മധുകുമാറിന്റെ വിധി.
. കേസിലെ ഒന്നുമുതല്‍ നാലുവരെ പ്രതികളായ കിഴക്കഞ്ചേരി സ്വദേശി ഷെരീഫ്, വിളയൂര്‍ സ്വദേശി സെയ്തലവി ബാവ, വല്ലപ്പുഴ സ്വദേശി അബ്ദുള്‍ ഖാദര്‍, വളാഞ്ചേരി സ്വേദേശി സയ്യിദ് ഹബീബ് കോയ തങ്ങള്‍, എന്നിവരെയാണ് കറ്റക്കാരെന്ന് കണ്ടെത്തിയത്.
മുഹമ്മദ് ഷെരീഫ് മതപരമായ ക്ലാസുകളുടെ പേരില്‍ മുസ്ലീം ചെറുപ്പക്കാരെ സംഘടിപ്പിക്കുകയും യത്തിംഖാനയുടെ ഹുണ്ടിക പിരിവിന്റെ പേരിലും കോഴിക്കോടുളള താഹ ഹജ്ജ്ടൂര് എന്ന സ്ഥാപനത്തിന്റെ മറയിലും അല്‍ഉമ എന്ന തീവ്രവാദ സംഘടനയെ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഷംസുദ്ദീന് എന്ന ഒരു കൊലക്കേസ് പ്രതിയുടെ മരണത്തിന് പ്രതികാരം ചെയ്യണമെന്നുളള ലക്ഷ്യത്തോടെ 1996 ഏപ്രില്‍ മാസത്തില്‍ മുതലമട ഭാഗത്തുളള ബിജെപി, ആര്‍എസ്എസ് സംഘടനയിലെ സജീവ പ്രവര്‍ത്തകരുടെ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു.
മുതലമട ബിജെപി മണ്ഡലം പ്രസിഡണ്ടായ മണിയെ കാലപ്പെടുത്തുന്നതിനായി മുഹമ്മദ് ഷെരീഫ്, സെയ്തലവിബാവ, അബ്ദുള്‍ഖാദര്‍, സെയ്ത് ഹബീബ് കോയ തങ്ങള്‍, സെയ്തലവി അന്‍വരി, സി ടി അബൂബക്കര്‍, അബ്ദുള്‍ റഹ്മാന്, തൗഫീക് മുസ്തഫ എന്നിവര്‍ രഹസ്യമായി ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. മുഹമ്മദ്ഷെരീഫ്, സെയ്തലവിബാവ, അബ്ദുള്‍ഖാദര്‍, സെയ്തുഹബീബ് കോയതങ്ങള്‍ എന്നിവര്‍ രണ്ട് മോട്ടോള്‍ സൈക്കിളുകളായി 1996 ജൂലൈ 20 ന് മുതലമട വെച്ചാരം കടവിലെ ഈച്ചരം പാറച്ചുവട്ടില്‍ മണിയുടെ വീട് അനേ്വഷിച്ച് കണ്ടുപിടിക്കുകയും ചെയ്തു.
കാടിനോട് ചേര്‍ന്ന മണിയുടെ വീട്ടില്‍ എത്തി കാട് വാങ്ങാന്‍ വന്നവരാണെന്നു പറഞ്ഞു വ്യാജപേരില്‍ പരിചയപ്പെടുകയും മണിയുമായി കാട് നടന്ന് ചുറ്റിക്കാണുകയും മണിയുടെ വിശ്വാസം നേടിയെടുക്കുകയുമായിരുന്നു. വീണ്ടും ഒരിക്കല്‍ കാട്ടില്‍ നായാട്ടിനു പോകാന്‍ വരുന്നുണ്ടെന്നും മണിയും കൂടെ ചെല്ലണമെന്നും പറഞ്ഞ് വിശ്വാസം ജനിപ്പിച്ച് തിരിച്ച് പോവുകയും ചെയ്തു.
1996 ആഗസ്റ്റ് 13 ന് സെയ്തലവി ബാവ, ഹബീബ് കോയ തങ്ങളുമായി ബുളളറ്റ് മോട്ടോര്‍ സൈക്കിളിലും മുഹമ്മദ്ഷെരീഫ് അബ്ദുള്‍ ഖാദറുമായി ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിളിലും വന്ന് രാത്രി രണ്ട് മണിയോടു കൂടി ഈച്ചരം പാറച്ചുവട്ടില്‍ എത്തുകയും ഉറങ്ങാന്‍ കിടന്നിരുന്ന മണിയെയും ഭാര്യ സത്യഭാമയെയും വിളിച്ചുണര്‍ത്തുകയും ചെയ്തു.
അന്നു പറഞ്ഞ പ്രകാരം നായാട്ടിനു വന്നതാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും മണിയെ ഇറക്കികൊണ്ടുപോയി 50 മീറ്റര്‍ അകലെ വഴിയരികിലുളള പാറച്ചെരിവില് വെച്ച് കൈവശം കരുതി വെച്ച ആ വാള്, വെട്ടുകത്തി, കത്തി എന്നിവ കൊണ്ട് മണിയുടെ കഴുത്തിലും ചുമലിലും വെട്ടി പരിക്കേല്‍പ്പിച്ച ശേഷം മോട്ടോര്‍ സൈക്കിളില്‍ കയറി രക്ഷപ്പെട്ട് പോവുകയുംചെയ്തു.മണിയുടെ നിലവിളി കേട്ട് ഓടി എത്തിയ ഭാര്യ സത്യഭാമ കുറച്ചകലെ യുള്ള പതിയില്‍ ചെന്ന് ആളുകളെ വിളിച്ചുകൊണ്ടുവരികയും കാറില്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി മണി മരണപ്പെടുകയും ചെയ്തു.
തുടക്കത്തില്‍, മുതലമട സര്‍ക്കിള്‍ ഇന്‍സ്പെക്ടറും പിന്നീട് ആലത്തൂര്‍ ഡിവൈ.എസ്.പി.യും അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് പ്രത്യേകസംഘമാണ് പൂര്‍ത്തിയാക്കിയത്. കൊലപാതകം നടന്ന് പത്ത് വര്‍ഷത്തിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ 16 ന് കോടതി വിധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: