ഭാരത പത്രപ്രവര്‍ത്തക രംഗത്തെ ഫോട്ടോഗ്രഫി മേഖലയിലെ ആദ്യത്തെ വനിതയായിരുന്നു ഹോമായ് വ്യാരവാല. 1938 മുതലാണ് അവര്‍ ഈ മേഖലയില്‍ തന്റെ മികവ് കാഴ്ചവച്ചത്. മറ്റുള്ളവര്‍ക്ക് മാതൃകയും വഴികാട്ടിയുമായി 1973 വരെ ഈ വനിത ഫോട്ടോഗ്രാഫി രംഗത്ത് സജീവമായിരുന്നു. ഭാരതത്തിന്റെ ചരിത്രപ്രധാനമായ മൂഹൂര്‍ത്തങ്ങളില്‍ പലതും ക്യാമറയില്‍ പകര്‍ത്തിയ രാജ്യത്തെ ആദ്യത്തെ വനിതാ പത്ര ഫോട്ടോഗ്രഫര്‍.
1913 ഡിസംബര്‍ 9ന് തെക്കന്‍ ഗുജറാത്തിലെ നവ്സാരിയില്‍ ഒരു പാഴ്സി കുടുംബത്തിലായിരുന്നു ജനനം. ‘ഡാല്‍ഡ 13’ എന്ന പേരിലും അറിയപ്പെട്ട ഹോമായ്, ജെ. ജെ. സ്കൂള്‍ ഓഫ് ആര്‍ട്സ് വിദ്യാര്‍ത്ഥിനിയായിരിക്കെ ഫോട്ടോഗ്രാഫിയില്‍ ആകൃഷ്ടയായി. പിന്നീട് ജീവിത പങ്കാളിയായ മനേക് ഷാ വ്യാരവാല ആയിരുന്നു പ്രചോദനം. ആദ്യം എടുത്ത ഫോട്ടോ ബോംബെക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെ ദല്‍ഹി ബ്യൂറോയില്‍ ഫോട്ടോഗ്രാഫറായി. ഒപ്പം ഓണ്‍ലുക്കറിലും ടൈമിലും ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ബോംബെ ആസ്ഥാനമായി ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയില് ചേര്‍ന്നു. ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു ഹോമായുടെ ക്യാമറയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി. ഗാന്ധിജിയുടെ ചിത്രവും ഹോമായ് ക്യാമറയില്‍ പകര്‍ത്തി.
1938 മുതല്‍ 1973 വരെ വാര്‍ത്താ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി നിന്ന ഹോമായ് പിന്നീട് ഈ രംഗത്തുനിന്നും സ്വമേധയാ പിന്മാറി. രണ്ടാം ലോകമഹായുദ്ധം, സ്വാതന്ത്ര്യസമരം, ബംഗാള്‍ വിഭജനം, റെഡ്ഫോര്‍ട്ടില്‍ ആദ്യമായി ദേശീയ പതാക ഉയര്‍ത്തുന്നത് ഇവയെല്ലാം അവരുടെ ക്യാമറയിലൂടെ ചരിത്രത്തിന്റെ താളുകളിലെ മായാത്ത ചിത്രങ്ങളായി. പാകിസ്ഥാനിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് വ്യാകുലനായി കാണപ്പെട്ട ജിന്നയുടെ പടം, ഗാന്ധിജിയുടെ വിയോഗവേളയിലെ ദൃശ്യങ്ങള്‍ എന്നിവയും പ്രസിദ്ധങ്ങളായിരുന്നു.
2011ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. 2012 ജനുവരി 15ന് താനെടുത്ത ചിത്രങ്ങളെ ചരിത്രത്താളുകളില്‍ ബാക്കിവച്ച് ഹോമായ് വ്യാരവാല അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: