കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ രാജ്യമഹിളാ സമ്മാന്‍ പുരസ്ക്കാര ജേതാവ് സിസ്റ്റര്‍ മൈഥിലി തന്റെ ജീവതം മറ്റുള്ളവര്‍ക്ക് പ്രചോദനമാക്കുകയാണ്. തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര എന്ന ഗ്രാമപ്രദേശത്തെ സ്ത്രീകളുടെ ജീവിതനിലവാരവും സാമൂഹ്യപദവിയും ഉയര്‍ത്താന്‍ വിലപ്പെട്ട സംഭാവനകളാണ് സിസ്റ്റര്‍ മൈഥിലി നല്‍കിയത്.ഒന്നരവയസ്സുള്ളപ്പോള് പോളിയോ ബാധിച്ച് കാല് തളര്‍ന്നുപോയ ഒരു സ്ത്രീ നേടിയെടുത്ത സാമൂഹ്യമുന്നേറ്റങ്ങള്‍ മുഴുവന്‍ സമൂഹത്തിനും മാതൃകയാണ്.
തമിഴ്നാട്ടിലെ മധുരസ്വദേശിനിയാണ്. മുത്തച്ഛന് എ. വൈദ്യനാഥ അയ്യര്‍ മധുര മീനാക്ഷി ക്ഷേത്രം ഹരിജനങ്ങള്‍ക്കു വേണ്ടി തുറന്നുകൊടുക്കുന്നതിനായി പ്രക്ഷോഭം നയിച്ച സാമൂഹ്യ പരിഷ്ക്കര്‍ത്താവായിരുന്നു. ആ സംഭവം സിസ്റ്റര്‍ മൈഥിലിയുടെ ജീവതത്തില്‍ വഴിത്തിരിവായെന്നു പറയാം.
ശാരീരിക വൈകല്യമുണ്ടായിരുന്നിട്ടും മാതാപിതാക്കള്‍ മൈഥിലിയെ സാധാരണ കുട്ടികളെപ്പോലെയാക്കാന്‍ ശ്രമിച്ചു. അതിനായി ഡോക്ടര്‍മാര്‍ കാലില്‍ ഇരുമ്പുചട്ട ഘടിപ്പിച്ച് നല്‍കിയതോടെ മുടന്തിയെങ്കിലും നടക്കാന്‍ മൈഥിലിക്കായി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും എംഎഡ് ബിരുദവും നേടിയിട്ടുള്ള മൈഥിലിക്ക് സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങളോട് താല്‍പ്പര്യമുണ്ടായിരുന്നു.
തന്റെ വഴി സന്യാസമാണെന്ന് തിരിച്ചറിഞ്ഞ മൈഥിലി രക്ഷിതാക്കളുടെ സമ്മതത്തോടെ സേലത്തെ ശാരദ സമിതിയില്‍ ചേര്‍ന്നു. മൈഥിലിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞാണ് ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ജി. രാമചന്ദ്രന്റെ ഭാര്യ സൗന്ദരം രാമചന്ദ്രന് അവരെ ഗാന്ധിഗ്രാമിലെ സേവിക ആശ്രമത്തിലേക്ക് ക്ഷണിച്ചത്. വിധവകളുടെയും ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെയും വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനുള്ള ക്ഷണമായിരുന്നു അത്.
ഗാന്ധിഗ്രാമില്‍ വച്ചാണ് പില്ക്കാലത്ത് തന്റെ ഗുരുവായി സ്വീകരിച്ച ജി. രാമചന്ദ്രനുമായി മൈഥിലി ആശയവിനിമയം നടത്തുന്നത്. ദൈവത്തെക്കുറിച്ചും ആധ്യാത്മികതയെക്കുറിച്ചുമുള്ള മൈഥിലിയുടെ സംശയങ്ങള്‍ക്കെല്ലാം രാമചന്ദ്രന്റെ പക്കല്‍ മറുപടിയുണ്ടായിരുന്നു. അങ്ങനെ മൈഥിലി, സിസ്റ്റര്‍ മൈഥിലിയായി.
അപ്പോഴേക്കും ആരോഗ്യം മോശമായിരുന്ന രാമചന്ദ്രന്റെ പരിചരണച്ചുമതല അവര്‍ ഏറ്റെടുത്തു.
നെയ്യാറ്റിന്‍കരയിലെ ഊരൂട്ടുകാലായില്‍ 1976-ല്‍ അദ്ദേഹം മടങ്ങിയെത്തി. കൂടെ പരിചരണത്തിനായി സിസ്റ്റര്‍ മൈഥിലിയും. 1980-ല്‍ ജി. രാമചന്ദ്രന്, അമ്മയുടെ ഓര്‍മ്മയ്ക്കായി മാധവി മന്ദിരം ലോക്സേവാ ട്രസ്റ്റിന് രൂപം നല്കി. ട്രസ്റ്റ് സെക്രട്ടറിയായി മൈഥിലിയെ നിയോഗിച്ചു. ‘ശാന്തി സേന’ രൂപവല്ക്കരിച്ചാണ് ട്രസ്റ്റ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
പ്രദേശത്തെ വനിതകളുടെയും കുട്ടികളുടെയും അവസ്ഥ പരിതാപകരമാണെന്ന് കണ്ടെത്തിയ സിസ്റ്റര്‍ മൈഥിലി അവര്‍ക്കുവേണ്ടി പ്രത്യേകം പദ്ധതികള്‍ ആസൂത്രണം ചെയ്തു. സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെയും ഖാദി കമ്മീഷന്റെയും സഹായത്തോടെ നെയ്യാറ്റിന്‍കരയില്‍ ഒരു ഖാദി നെയ്ത്തുകേന്ദ്രം സ്ഥാപിച്ചു. ജി. രാമചന്ദ്രന്റെ താല്‍പ്പര്യപ്രകാരം കാഞ്ചീപുരം സാരികളോട് കിടപിടിക്കുന്ന പ്രത്യേക ഖാദി മസ്ലിന് സാരികള്‍ ഈ കേന്ദ്രത്തില്‍ നിന്ന് പുറത്തിറക്കി. ജി.ആര് സാരി എന്ന ബ്രാന്റ് നാമത്തില്‍ പുതിയൊരു സാരി തന്നെ ഇവര്‍ വിപണിയിലെത്തിച്ചു.
പിന്നീട് പ്രദേശത്തെ കുഞ്ഞുങ്ങള്‍ക്കായി ഡേ കെയര്‍ സെന്ററുകള്‍, പ്രത്യേക വിദ്യാഭ്യാസ പദ്ധതി, സാമൂഹ്യ വനവല്‍ക്കരണ പരിപാടി എന്നിവ നടപ്പിലാക്കി. വിവിധ മാനസിക പ്രശ്നങ്ങളനുഭവിക്കുന്ന സ്ത്രീകള്‍ക്കായി കൗണ്‍സലിംഗ് സെന്ററുകള്‍ ആരംഭിച്ചു.
ആര്‍ത്തവകാലത്തെ ശുചിത്വക്കുറവു പരിഹരിക്കാന്‍ 1985 സപ്തംബര്‍ 20-ന് ‘ദയ’ എന്ന പേരില്‍ സാനിറ്ററി നാപ്കിന് ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിച്ചു. ഇവിടെ സഹായവുമായി ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ അന്നത്തെ ഡയറക്ടര്‍ ഡോ. എം.എ. വല്യത്താനെത്തി. ശ്രീചിത്രയിലെ ജീവനക്കാര്‍ക്കുള്ള യൂണിഫോം തയ്ക്കാന്‍ ഒരു യൂണിറ്റ് ആരംഭിച്ചു. പ്രദേശത്തെ വനിതകള്‍ക്ക് തൊഴില്‍ നല്‍കാനായിരുന്നു ഇതിന്റെയെല്ലാം പ്രധാന ഉദ്ദേശ്യം.
ഓരോ ദൗത്യവും വിജയകരമായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കുമ്പോള്‍ അടുത്തത് തേടിയെത്തും. ഇന്നിപ്പോള്‍ കൃത്രിമ ഹൃദയ വാല്‍വുകള്‍വരെ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പ്രതിമാസം 900 കൃത്രിമ വാല്‍വുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള യൂണിറ്റാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.1990-ല്‍ ഡോ. മൈഥിലി പ്രിന്‍സിപ്പലായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിച്ചു. ഇന്ന് 12-ാം ക്ലാസ്സുവരെ 3,000 ത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. സ്കൂളിലെ കടലാസുകള്‍ പാഴായിപ്പോകുന്നത് തടയാനായി പേപ്പര്‍ റീസൈക്ലിംഗ് യൂണിറ്റ് തുടങ്ങി. ‘സ്യമന്തക’എന്ന ബ്രാന്റില്‍ ഹാന്റ്മെയ്ഡ് പേപ്പറുകളും ഫയലുകളും വിപണിയിലെത്തിക്കുന്നു.
പരമഹംസ യോഗാനന്ദയുടെ ‘ആന്‍ ഓട്ടോ ബയോഗ്രഫി ഓഫ് എ യോഗി’ എന്ന പുസ്തകമാണ് ജീവിതത്തില്‍ തന്നെ ഏറ്റവും സ്വാധീനിച്ചതെന്ന് പറയുന്ന സിസ്റ്റര്‍ മൈഥിലി തന്റെ ജീവിതം ചിട്ടപ്പെടുത്തിയത് ഡോ. ജി. രാമചന്ദ്രനാണെന്നും സ്മരിക്കുന്നു. സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരാകണമെന്നും ആത്മവിശ്വാസമുണ്ടെങ്കില്‍ എന്തും നേടാമെതിന് തന്റെ ജീവിതം തന്നെ തെളിവാണെന്നും സിസ്റ്റര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: