ന്യൂദല്‍ഹി: ഇരുരാജ്യങ്ങളും തമ്മിലെ ഉഭകക്ഷിബന്ധം കൂടുതല്‍ വിപുലവും ഊഷ്മളവുമാക്കുകയെന്ന ലക്ഷ്യത്തോടെ പോളണ്ട് കാര്‍ഷിക ഗ്രാമീണ വികസന മന്ത്രി മാരെക് സാവിസ്കി ഭാരതത്തിലെത്തി. കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്ങുമായി ഇന്നലെ അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഭാരതത്തില്‍ കാര്‍ഷികവൃത്തിക്കുള്ള പ്രാമുഖ്യവും രണ്ടു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും ആഴവും കൂടിക്കാഴ്ച്ചയ്ക്കിടെ രാധ മോഹന്‍ സിങ് അടിവരയിട്ടു. കൃഷിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഭാരതം കൈവരിച്ച പുരോഗതിയും സാവിസ്കിയോട് അദ്ദേഹം വിവരിച്ചു.
ഭാരതം നിക്ഷേപത്തിന് ഏറെ അനുയോജ്യമായ ഇടമാണെന്നും കൂടിക്കാഴ്ചയില്‍ സിങ് വ്യക്തമാക്കി. രണ്ടു രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന തരത്തില്‍ കാര്ഷികമേഖലിയിലെ സഹകരണമെന്ന നിര്‍ദേശവും മന്ത്രിമാര്‍ മുന്നോട്ടുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: