ചെങ്ങന്നൂര്‍: വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ വിദ്യാര്‍ത്ഥികളടക്കം ആറു പേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എടത്വാ സ്വദേശികളായ 13, 16 വയസുള്ളവര്‍, കോട്ടയം അയ്മനം സ്വദേശിയായ പതിനേഴുകാരന്‍, എടത്വ പുതുക്കരി കൊച്ചുമങ്കോട്ട വീട്ടില്‍ യദു സതീഷ് (18), തലവടി വ്യാസപുരം ചക്കുളം കൊച്ചുപുരയ്‌ക്കല്‍ വീട്ടില്‍ കെ. ജിനുമോന്‍ (18), പെരിങ്ങര ചാത്തങ്കേരി പുതുപ്പറമ്പില്‍ വീട്ടില്‍ ശ്യാം (18) എന്നിവരെയാണ് ചെങ്ങന്നൂര്‍ സിഐ: ആര്‍. ബിനുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ചെങ്ങന്നൂര്‍ അസി. പോലീസ് സൂപ്രണ്ട് ഡോ. അരുള്‍ ആര്‍.ബി.കൃഷ്ണയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മാര്‍ച്ച് നാലിന് രാത്രി എട്ടോടെ തലവടി പഞ്ചായത്ത് ജങ്ഷന് സമീപത്തുനിന്നുമാണ് മോഷ്ടിച്ച ബൈക്കുമായി 17കാരന്‍ പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വാഹനം തലവടി പഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്നും മോഷ്ടിച്ചയാണ് പ്രതി സമ്മതിച്ചു. ഇയാളെ മായിത്തറ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ആറിന് രാവിലെ ചെങ്ങന്നൂര്‍ ഐടിഐ ജങ്ഷന് സമീപം മോഷ്ടിച്ച മോട്ടോര്‍ സൈക്കിളുമായാണ് 13 വയസുകാരന്‍ പിടിയിലാകുന്നത്.
ചോദ്യം ചെയ്യലില്‍ മോട്ടോര്‍ സൈക്കിള്‍ പൊടിയാടിക്ക് സമീപമുള്ള സര്‍വ്വീസ് സ്‌റ്റേഷന് മുന്‍പില്‍ നിന്നും കഴിഞ്ഞ ഓണത്തിന് ശേഷമുള്ള ദിവസം കള്ളത്താക്കോല്‍ ഉപയോഗിച്ച് തുറന്ന്, നമ്പര്‍ പ്ലേറ്റ് മാറ്റി ഉപയോഗിച്ചു വരികയായിരുന്നു എന്ന് സമ്മതിച്ചു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇവരെക്കൂടാതെ മോഷണത്തില്‍ മറ്റ് പ്രതികളുടെ സംഘം ഉണ്ടെന്നറിഞ്ഞു നടത്തിയ അന്വേഷണത്തിലാണ് ബാക്കി പ്രതികളെയും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: