ഒരു അന്താരാഷ്ട്ര വനിതാദിനം കൂടി കടന്നു പോവുന്നു. 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കിലെ ഒരു കൂട്ടം വനിതകള്‍ സ്വന്തം ജോലി സ്ഥലത്തെ അന്യായങ്ങള്‍ക്കും മുതലാളിത്ത വ്യവസ്ഥയ്ക്കുമെതിരെ പോരാടിയതിന്റെ ഓര്‍മ്മയ്ക്കായാണ് വനിതാദിനം. പ്രതികൂല സാഹചര്യങ്ങളില്‍ തുച്ഛമായ വേതനത്തിന് ജോലിയെടുക്കേണ്ടി വരുന്ന സ്ത്രീകളോട് ലോകം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊണ്ടാടുന്ന ദിനം കൂടിയാണ് വനിതാ ദിനം.
ഈ ദിവസം അത്യാഘോഷപൂര്‍വ്വം ലോകരാജ്യങ്ങള്‍ കൊണ്ടാടുമ്പോള്‍ സ്വാതന്ത്ര്യം എന്നത് വെറും സ്വപ്നമായി മാത്രം കാണുകയാണ് ഇറാഖിലേയും സിറിയയിലേയും ആയിരക്കണക്കിന് സ്ത്രീകള്‍.
അടുത്തിടെ ലോകമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഭീകര സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ്. ഇറാഖും സിറിയയും കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന ഈ ഭീകരരുടെ കൊടുംക്രൂരതകളാണ് ലോകജനശ്രദ്ധ ഇവരിലേക്ക് തിരിയാന്‍ കാരണവും. വനിതാദിനത്തില്‍ ഭീകരര്‍ക്കിടയില്‍ അത്യധികം വേദനയും ദുഃഖവും സഹിച്ച് ദിവസം ഏതുവിധേനയും കഴിച്ചുകൂട്ടാനാണ് ഇവര്‍ വിധിക്കപ്പെട്ടിരിക്കുന്നത്. വികസ്വര, വികസിത രാജ്യങ്ങള്‍ സ്ത്രീസ്വാതന്ത്ര്യത്തേയും സമത്വത്തേയും കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴാണ് ഈ സ്ഥിതിയെന്നോര്‍ക്കണം. ബന്ധുവിനൊപ്പം പോലും സ്വന്തം ആവശ്യങ്ങള്‍ക്കും മറ്റും വീടിനു പുറത്തേയ്ക്കിറങ്ങാന്‍ ഇവര്‍ക്ക് അനുവാദമില്ല. അടുത്തിടെ ഐഎസ് തങ്ങളുടെ രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്കായി ഒരു മാനിഫെസ്റ്റോ പുറത്തിറക്കി. ഇതില്‍ ഒരു പെണ്‍കുട്ടിക്ക് ഒമ്പതു പുരുഷന്മാരെ വരെ വിവാഹം കഴിക്കാമെന്നും ഇവരുടെ വിദ്യാഭ്യാസം 15 വയസ്സുവരെ മാത്രമേ പാടുള്ളൂ എന്നും വ്യക്തമാക്കുന്നുണ്ട്. ഐഎസ് അധീന പ്രദേശത്തെ സ്ത്രീകള്‍ക്ക് സാധാരണ ബുര്‍ഖ നല്കുന്ന കാഴ്ചാ സൗകര്യത്തിന്റെ പാതിയേ അനുവദിച്ചിട്ടുള്ളു. ശരീരം മുഴുവനും മറച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കാനുമാണ് ഇവരുടെ കര്‍ശന നിര്‍ദ്ദേശം.
അടിമപ്പണിയ്ക്കും ലൈംഗിക ചൂഷണത്തിനും മാത്രമായാണ് ഭൂരിഭാഗം ഐഎസ് ഭീകരരും സ്ത്രീകളെ ഉപയോഗിക്കുന്നത്. അടുത്തിടെ യുഎന്‍ നടത്തിയ പഠനത്തില്‍ ഐഎസ്, സ്ത്രീകളെ വന്‍ അതിക്രമങ്ങള്‍ക്ക് വിധേയരാക്കുന്നതായി കണ്ടെത്തിയിരുന്നു. സ്വന്തം മകനെ അന്വേഷിച്ച് ഐഎസ് ആസ്ഥാനത്തുവന്ന വൃദ്ധയായ മാതാവിനെ മകനെ കൊന്ന്, ആ ഇറച്ചി തീറ്റിച്ചത് ഇവരുടെ പല വിനോദങ്ങളില്‍ ഒന്നു മാത്രം.
ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ഐഎസ് അധീന പ്രവിശ്യകളിലെ സ്ത്രീകളെ പലപ്പോഴും തട്ടിക്കൊണ്ടുപോയി അടിമപ്പണി ചെയ്യിക്കുകയാണ് പതിവ്. ഇതുകൂടാതെ ദരിദ്ര കുടുംബത്തിലെ സ്ത്രീകളെ നിക്കാഹെന്ന പേരില്‍ വന്‍ തുക മെഹര്‍ നല്‍കിയും ഇവര്‍ സ്വന്തമാക്കുന്നുണ്ട്. ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കാണ് ഇവര്‍ പിന്നീട് ഇരയാകേണ്ടി വരുന്നത്. പതിനഞ്ചിനും ഒമ്പതിനും ഇടയ്ക്കുള്ള പെണ്‍കുട്ടികളാണ് ഇതില്‍ ഭൂരിഭാഗവും. ലൈംഗിക പീഡനങ്ങളെ തുടര്‍ന്ന് ഈ പെണ്‍കുട്ടികളില്‍ പലരും വൈദ്യ സഹായം തേടുന്നതായി യുണൈറ്റഡ് നാഷന്‍സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ ഭീകരരുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ചങ്ങലയ്ക്കും മറ്റുമിട്ട് അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും വിധേയരാക്കുന്നുണ്ട്. ഇവിടെ സ്ത്രീകള്‍ക്ക് ജീവിക്കാനും മരിക്കാനുമുള്ള അവകാശം വരെ ഭീകരര്‍ കൈക്കലാക്കിയിരിക്കുകയാണ്. മുസ്ലിം സമുദായത്തില്‍ വളര്‍ന്ന സ്ത്രീകളുടെ അവസ്ഥ തന്നെ അതിദാരുണമാണ്. മറ്റുസമുദായക്കാര്‍ ഇവരെ ഭയന്ന് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ഭീകരരുടെ ആഗ്രഹങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ പരസ്യമായി ലേലവും ചെയ്യുന്നുണ്ട്. ഇതൊക്കെ ഭീകരരുടെ ഭാഷയില്‍ ഇസ്ലാമിക രാഷ്ട്ര നിര്‍മ്മാണത്തിനായുള്ള പോരാട്ടത്തിലെ ചെറിയൊരു ഘടകം മാത്രമാണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഭീകര സംഘടനയും ഐഎസാണ്. 200 കോടി ഡോളറാണ് ഇവരുടെ മൊത്തം വാര്‍ഷിക വരുമാനമായി പ്രമുഖ വാര്‍ത്താചാനല്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്. ഐഎസ് അധീന പ്രദേശങ്ങളിലെ ഫാക്ടറികളും എണ്ണ ഖനനവുമാണ് ഇവരുടെ മുഖ്യ വരുമാനം. ഈ ഫാക്ടറികളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഇവിടെ നിര്‍ബന്ധപൂര്‍വ്വം സ്ത്രീകളെ കൊണ്ട് പണിയെടുപ്പിക്കുകയാണ്. ഇത്തരത്തില്‍ ഐഎസിന്റെ അറിയപ്പെടാത്ത കഥകളും നിരവധിയുണ്ട്. ലോകത്തില്‍ ഒട്ടനവധി സംഘങ്ങളാണ് സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി നിലകൊള്ളുന്നത്. എന്നാല്‍, യുഎന്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പോലും ഐഎസിന്റെ കൊടും ക്രൂരതകള്‍ക്കുമുന്നില്‍ നിസ്സഹായരായ സാക്ഷികളാണ്. ഇതിനെതിരെയുള്ള പ്രതികരണം വാക്കുകളിലും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും മാത്രമാക്കി നമ്മള് ഒതുക്കുമ്പോള്‍ സ്വസ്ഥമായി ഒന്നുറങ്ങുക എന്നതുപോലും ഇവിടുത്തെ സ്ത്രീകള്‍ക്ക് സ്വപ്നമായി അവശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: