പാര്‍ട്ടി പത്രങ്ങള്‍ എന്ന് വിവക്ഷിക്കപ്പെടുന്ന വര്‍ത്തമാന പത്രങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അതെന്താണെന്ന് നാട്ടിലെമ്പാടുമുള്ള എല്ലാവര്ക്കും അറിവുള്ളതുതന്നെ. മറ്റു പത്രങ്ങള്‍ക്കില്ലാത്ത ഉത്തരവാദിത്തബോധം അവയ്ക്കുണ്ട്. മറ്റുള്ളവര്‍ കാണാത്ത വശങ്ങളിലേക്ക് വെളിച്ചം വീശേണ്ടിവരും. അങ്ങനെ കാണുന്നവ രുചിക്കുന്ന തരത്തില്‍ വായനക്കാര്‍ക്ക് നല്‍കേണ്ടി വരും. പ്രതിരോധം, പ്രോത്സാഹനം, വിമര്‍ശനം, വിശകലനം എന്നിങ്ങനെ അത്തരം വര്‍ത്തമാന പത്രങ്ങളുടെ പ്രവര്‍ത്തന വൈവിധ്യം പലതാണ്. കീഴ്വഴക്കത്തിന്റെ കിഴക്കന്‍ മേഖലയിലൂടെയുള്ള ആ പ്രയാണം അങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും, ആരെതിര്‍ത്താലും ആര് പിന്തുണച്ചാലും.
എന്നാല്‍ നിഷ്പക്ഷതയുടെ മേലങ്കി അണിഞ്ഞ് പക്ഷം ചേരലിന്റെ പ്രധാന പാതയിലൂടെയുള്ള പത്രങ്ങളുടെ പോക്ക് അത്ര ശരിയല്ല. എങ്ങനെ ഈ പക്ഷംചേരല്‍ തിരിച്ചറിയാം എന്നാണ് ചോദ്യമെങ്കില്‍ സത്യം സമത്വം സ്വാതന്ത്ര്യം ആപ്തവാക്യമാക്കിയ പത്രത്തിന്റെ, തന്നേന്ന് മാതൃഭൂമിയുടെ മാര്‍ച്ച് 04ന്റെ ലക്കം നോക്കുക. ഒറ്റനോട്ടത്തില്‍ നിങ്ങള്‍ക്കത് പിടികിട്ടില്ല. പത്രാധിപന്റെ ഉദീരണം നിറച്ച പേജില്‍ നിങ്ങള്‍ക്ക് രണ്ട് ലേഖനം കാണാം. ഒന്ന് ധനവിചാരം എന്ന പംക്തിയില്‍ ബഹുമാനിതന് നമ്മുടെ തോമസ് ഐസക് വക. വിഷയം കേന്ദ്ര ബജറ്റിനെതിരെയുള്ള എ.കെ 47 വക വെടിവെപ്പ്. തലക്കെട്ട് ഇതാ: കോര്‍പ്പറേറ്റുകള്‍ക്ക് പ്രീണനം, ജനങ്ങള്‍ക്ക് പീഡനം. തലക്കെട്ടില്‍ നിന്നു തന്നെ കാര്യങ്ങള്‍ പിടികിട്ടും. ഈ മുട്ടന്‍ വടിവെട്ടിയുള്ള അടിക്ക് താഴെ മറ്റൊരു ലേഖനം കാണാം. ജിയോജിത് ബിഎന്‍പി പാരിബയില്‍ ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ. വി. കെ. വിജയകുമാറിന്റെതാണത്. തലക്കെട്ട് ഇങ്ങനെ: സാമ്പത്തികക്കുതിപ്പിനുള്ള മികച്ച ബജറ്റ്. ഇരു ലേഖനങ്ങളുടെയും ഉള്ളിലേക്ക് കടക്കുന്നില്ല, അതില്‍ കാര്യവുമില്ല. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ബജറ്റ് വിശേഷങ്ങളില്‍ എന്തൊക്കെ ഗുണപരമായ കാര്യങ്ങളുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ ഡോ. വി. കെ. വിജയകുമാറിന്റെ ലേഖനത്തിനൊടുവില്‍ പത്രാധിപന്റെ വക ഒരു കടുംവെട്ട്. അത് ഇങ്ങനെ വായിക്കാം: അഭിപ്രായങ്ങള്‍ വ്യക്തിപരം.
മറ്റേ ടിയാന്റെ ലേഖനത്തിന് ഒടുവില്‍ ഇമ്മാതിരി കസര്ത്തൊന്നുമില്ല. അപ്പോള്‍ ആറുറുപ്പിക കൊടുത്ത് ഇക്കടലാസ് വാങ്ങിയ വിദ്വാന് എന്ത് കരുതണം? കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് തനി പോക്കാണ്. മാതൃഭൂമിയുടെ അഭിപ്രായം അതാണ്. സത്യം സമത്വം സ്വാതന്ത്ര്യം പറയുന്നവര്‍ സത്യസന്ധരായിരിക്കുമല്ലോ എന്നല്ലേ? തോമസ് ഐസക്കാണ് മാതൃഭൂമിയുടെ അഭിപ്രായം മാലോകരെ അറിയിക്കുന്നത്. ഡോ. വിജയകുമാറിന്റെ ലേഖനം അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഇത്തരം നപുംസകത്വം പിന്തുടരുന്ന പത്രപ്രവര്‍ത്തനത്തെ വിശേഷിപ്പിക്കാന്‍ സഹജരേ പുതുവാക്കുകള്‍ തേടുക. പാര്‍ട്ടി ജിഹ്വകള്‍ അവരവരുടെ പാര്‍ട്ടി കാഴ്ചപ്പാടിനെതിരായ ലേഖനങ്ങള്‍ കൊടുക്കുന്ന അവസരത്തില്‍ അഭിപ്രായങ്ങള്‍ ലേഖകന്റെ വ്യക്തിപരം എന്ന് മുന്‍കൂര്‍ ജാമ്യം എടുക്കാറുണ്ട്. അത് ആവശ്യമാണുതാനും. എന്നാല്‍ ചെന്നായ്ക്കള്‍ ഇങ്ങനെ ആട്ടിന്തോലണിഞ്ഞ് കസര്‍ത്ത് നടത്തുന്നത് എന്തുകൊണ്ടാവാം. സത്യം സമത്വം സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗീയ പത്രാധിപന്മാര് ഇതുകണ്ട് അവിടെയിരുന്ന് ഒരു പക്ഷെ, കണ്ണീര് വാര്‍ക്കുന്നുണ്ടാവാം.
ചുംബനസമരം കഴിഞ്ഞാല്‍ അടുത്തതെന്ത് എന്നന്വേഷിക്കുന്ന പശുപാലക്കൂട്ടത്തിനും ജംബുകപാലക്കൂട്ടത്തിനും അത്യാവശ്യം ഇരയിട്ടുകൊടുത്തില്ലെങ്കില് പത്രാധിപനായിരുന്നിട്ടെന്ത് ഫലം? ഇങ്ങനെ ചിന്തിക്കുന്നവര്‍ അത്രയധികം വരില്ലെങ്കിലും നഞ്ഞെന്തിന് നാനാഴി എന്നു പറയുംപോലെയാണ് സ്ഥിതിഗതികള്‍. ഉമ്മറക്കോലായ ചുംബനസമരക്കാര്‍ക്ക് 999 വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുത്ത പത്രത്തിന്റെ വാരികയില്‍ ഇത്തവണ ആഫ്റ്റര്‍ കിസ് വിഭവങ്ങള്‍ വേണ്ടത്ര. കവറില്‍ നിങ്ങള്‍ക്ക് ഇങ്ങനെ വായിക്കാം: ചുംബിക്കാന്‍ പഠിച്ച മലയാളി ഇനി പ്രണയത്തിലേക്ക് വളരട്ടെ- ചുംബനസമരത്തിന്റെ ആഘാതപഠനങ്ങള്‍. ആണും പെണ്ണും നടുറോഡില്‍ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതോടെ സകല പ്രശ്നങ്ങളും അവസാനിച്ചു എന്നു കരുതുന്ന വങ്കന്മാരുടെ നിര എന്തും എഴുതിവെക്കുന്നതിലേക്ക് കൂപ്പുകുത്തുന്നു. ഇതു പഠിക്കേണ്ടതു തന്നെ. അതിന് ആളും അര്‍ഥവും നല്‍കുന്നവരുടെ കാര്യമോ? ജനാധിപത്യത്തിലെത്തുന്ന ജൈവിക പ്രണയം (കെ. സഹദേവന്, എന്‍ പി. ജോണ്സണ്), പെണ്ണുങ്ങള് പൂക്കുന്ന കാലം(അഫീദ കെ.ടി), ചുംബന സമരമെന്ന സ്വാതന്ത്ര്യ പ്രയോഗം (ടിടി. ശ്രീകുമാര്‍). സംഗതി പ്രണയവും പേക്കൂത്തുമാണെങ്കിലും ശ്രീകുമാര്‍ എന്ന മഹിതാശയന് അതിലേക്ക് ഹൈന്ദവമുന്നേറ്റത്തിന്റെ ഘടകങ്ങളെയും വലിച്ചിഴച്ചുകൊണ്ടുവരുന്നു. പുരകത്തുമ്പോഴാണല്ലോ വാഴ വെട്ടാന്‍ സൗകര്യം. ഇതാ നോക്കൂ: ഇന്ത്യയിലും ബിജെപിയുടെ വളര്‍ച്ച എല്ലാ വിഭാഗങ്ങളിലേയും തീവ്രവലതുപക്ഷത്തെ സന്തോഷിപ്പിച്ചിട്ടുണ്ടോ എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ ഉണ്ട്. തങ്ങള്‍ക്ക് ഈ സാഹചര്യം സ്വന്തം അധികാരം,
പിതരാധിപത്യധാര്മ്മിക രാഷ്ട്രീയത്തിന് അനൂകൂലമായി മാറ്റാന്‍ കഴിയുമോ എന്ന അവര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഹിന്ദുത്വ ഫാസിസത്തെ തുറന്നെതിര്‍ക്കുന്നത് തങ്ങളുടെ അജന്‍ഡകളെ അപകടപ്പെടുത്തുമോ എന്ന ഭയം അവരില്‍ ചിലരെ ബാധിച്ചിട്ടുണ്ട്. മാനസിക ആരോഗ്യമില്ലാത്തവര്ക്കായി തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ഒരുമാതിരി ഭംഗിയായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുണ്ട്. ആഫ്റ്റര്‍ കിസ് സ്ഥിതിഗതികളെ വിശകലനം ചെയ്യുന്ന വിദ്വാന്മാരെ അങ്ങോട്ട് റഫര്‍ ചെയ്യാനാണ് പത്രാധിപന്മാര് ശ്രദ്ധിക്കേണ്ടത്. ഇല്ലെങ്കില്‍ പാവം വായനക്കാര്‍ പെരുവഴിയിലാവും. ശരീരം പ്രണയം രാഷ്ട്രീയം എന്ന അക്ഷരക്കസര്ത്തിന്റെ മറവിലാണ് ശ്രീകുമാര്‍ ഇമ്മാതിരിയൊക്കെ എഴുതിക്കൂട്ടിയിരിക്കുന്നത്.
മത തീവ്രവാദത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുമ്പോള്‍ അതില്‍ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ വേദത്തിന്റെ ആഴവും പരപ്പും കണ്ടറിഞ്ഞ് അത് ജനഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കാന്‍ അക്ഷീണ പ്രയത്നം നടത്തുന്ന ആചാര്യ എം.ആര്. രാജേഷ് അതിനെക്കുറിച്ച് പറയുന്നു. ഹിരണ്യ മാസിക (മാര്‍ച്ച) യില്‍ അദ്ദേഹം എഴുതിയ ലളിതവും ഗഹനവുമായ ലേഖനത്തിന്റെ തലക്കെട്ട് ഉങ്ങനെ: മത തീവ്രവാദം: ശ്രദ്ധ മാധ്യമങ്ങള്‍ക്കും വേണം. നാലുപേജുള്ള ലേഖനത്തില്‍ നാടിന്റെ സമഗ്രചിത്രം നല്കാന് കഴിഞ്ഞു എന്നു മാത്രമല്ല, തീവ്രവാദ റിപ്പോര്‍ട്ടിംഗിലും അതിന്റെ തുടര്‍ വാര്‍ത്തകളിലും മാധ്യമങ്ങള്‍ ഏതൊക്കെ തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നുവെന്നും യുക്തിസഹമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജേര്‍ണലിസം വിദ്യാര്‍ത്ഥികളും ആ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വായിച്ച് മഥനം ചെയ്യേണ്ടതാണ് ലേഖനം. മനുഷ്യന്റെ വൈകാരികവും വൈചാരികവുമായ തലങ്ങളില്‍ മതബോധം ഉണ്ടാകാം. അതു പിന്തുടരുകയുമാകാം. അതിലുപരിയായി മത സ്പര്‍ദ്ധയിലേക്കും തീവ്രവാദത്തിലേക്കും നയിക്കുന്ന വാര്‍ത്താ ശകലങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അതു തുടര്‍ച്ചയായി ചാനലുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഒന്നുമറിയാത്ത നിരവധി മസ്തിഷ്കങ്ങളില്‍ വിദ്വേഷത്തിന്റെയും വൈരത്തിന്റെയും കനലുകള്‍ക്ക് നാം വിത്തുപാകുകയാണെന്ന് അറിയണം. ഇത് അറിഞ്ഞാലും അങ്ങനെയേ ചെയ്യൂ എന്‍ വാശിപിടിക്കുന്ന മാധ്യമങ്ങളെ എങ്ങനെ ഉപദേശിച്ച് നേരെയാക്കും? ആചാര്യനെ പോലുള്ളവരുടെ ഉള്‍ക്കാഴ്ചയുള്ള നിലപാടുകള്‍ വഴി കുറെയൊക്കെ തിരുത്തിക്കാന്‍ കഴിയും എന്നത് ശുഭപ്രതീക്ഷയേകുന്നു.
ബരാക് ഒബാമയും ശിവരാത്രിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഒറ്റനോട്ടത്തിലും വായനയിലും അസംബന്ധം എന്നാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ ഹിന്ദുവിശ്വ മാസിക (ഫെബ്രു-മാര്‍ച്ച്)യില്‍ കാവാലം ശശികുമാറിന്റെ നാലു പേജ് വരുന്ന ലേഖനം വായിക്കുക. പാലാഴി മഥനവും ആ മഥനം നടക്കുമ്പോള്‍ ഉയര്‍ന്നുവന്ന കൊടിയവിഷമുള്പ്പെടെയുള്ളവയും അവസ്ഥയും സമകാലികസംഭവങ്ങളുമായി സമഞ്ജസമായി യോജിപ്പിച്ച് എഴുതിയ ലേഖനം കൈക്കുറ്റപ്പാടില്ലാത്ത കവിതയുടെ ഹൃദ്യത നല്‍കും. ഒബാമയുടെ സന്ദര്‍ശനത്തെയും ശിവരാത്രിയെയും എന്തിന് ബന്ധിപ്പിക്കണമെന്ന ഒരു ചോദ്യം ഇപ്പോഴും കേള്‍ക്കുന്നുണ്ട്. പുരാണവും ഐതിഹ്യവും ഇതിഹാസവും സംഭവിച്ചതോ ശാസ്ത്രീയമോ എന്നതര്‍ക്കത്തില്‍ കുരുങ്ങിക്കിടക്കാതിരിക്കുന്നതാണ് ബുദ്ധി. അത്തരം തര്‍ക്കങ്ങള്‍ ചില കുബുദ്ധികളുടെ താല്‍പ്പര്യമാണ്. അവര്‍ക്കു ലക്ഷ്യം മറ്റുപലതുമാണ്. ആ ലക്ഷ്യങ്ങള്‍ കണ്ടുപിടിച്ച് കൊടുക്കുന്നതിലാണ് ലേഖകന്‍ വിജയിക്കുന്നത്. അത്തരം ലേഖകരെ കണ്ടെത്തുന്നതില്‍ പത്രാധിപരും. ലക്ഷ്യബോധമുള്ള പത്രപ്രവര്‍ത്തനത്തിന്റെ സുതാര്യവും സാരള്യവുമായ മുഖം ഹിന്ദുവിശ്വ യില്‍ കാണാം. ഇത്തരം വീക്ഷണവിശേഷണങ്ങളുമായി മാസിക ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കുന്നത് കാണുമ്പോള്‍ ഏതു വായനക്കാരനാണ് അഭിമാനം തോന്നാതിരിക്കുക?
തൊട്ടുകൂട്ടാന്‍
പിതൃക്കള്‍
ഭാഗ്യവാന്മാര്
ബലിച്ചോറുറപ്പ്
പാലേലി മോഹന്‍
കവിത: ഭാഗ്യം
ഇന്ന് മാസിക, മലപ്പുറം (ഫെബ്രു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: