മാവേലിക്കര: കള്ളില്‍ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള എക്സൈസ് വകുപ്പിലെ മൊബൈല്‍ ടെസ്റ്റിങ് ലാബിന്റെ പരിശോധന ജില്ലയില്‍ മുടങ്ങിയിട്ട് മൂന്നുമാസം പിന്നിടുന്നു. ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളില്‍ മായം കലര്‍ത്തിയിട്ടുണ്ടോയെന്ന് സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനാണ് മൊബൈല്‍ ടെസ്റ്റിങ് ലാബ് ആരംഭിച്ചത്.
സാധാരണ ഗതിയില്‍ കള്ളിന്റെ സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ അയച്ച് പരിശോധന നടത്തുകയായിരുന്നു ചെയ്തിരുന്നത്. ഇത്തരത്തില്‍ നടത്തുന്ന പരിശോധന ഫലം വരുമ്പോഴേക്കും മായം ചേര്‍ന്ന കള്ളിന്റെ വില്‍പ്പന കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിടും. അതിനാലാണ് സ്ഥലത്തെത്തി പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കാന്‍ എക്സൈസ് വകുപ്പ് മൊബൈല്‍ ടെസ്റ്റിങ് ലാബിന് തുടക്കം കുറിച്ചത്.
ആരംഭകാലത്ത് കൃത്യമായ രീതിയില്‍ റേഞ്ചുകളില്‍ പരിശോധനകള്‍ നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ പരിശോധനകള്‍ പ്രഹസനമായി മാറുന്നു. ജില്ലയില്‍ മൊബൈല്‍ ടെസ്റ്റിങ് ലാബിന്റെ പരിശോധന നവംബര്‍ മാസത്തിനു ശേഷം നടന്നിട്ടില്ല. നേരത്തെ ജില്ലയില്‍ മൊബൈല്‍ ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തി കള്ളില്‍ മാരകമായ വിഷാംശമായ ക്ലോറല്‍ ഹൈഡ്രേറ്റ്, സോഡിയം ലാറ്ററേറ്റ് അടങ്ങിയത് കണ്ടെത്തിയിരുന്നു. പരിശോധനകള്‍ പ്രഹസനമായതോടെ ജില്ലയില്‍ വിഷക്കള്ള് വില്‍പ്പന പൊടിപൊടിക്കുകയാണ്. ഇത് ഉദ്യോഗസ്ഥരും കള്ള് ലോബിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ബാറുകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നതോടെ ഷാപ്പുകളില്‍ വിഷക്കള്ളു ഒഴുകാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്നുമുള്ള ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഉള്ള സാദ്ധ്യതകള്‍ കൂടി എക്സൈസ് വകുപ്പ് ഉപയോഗപ്പെടുത്താത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: