ശ്രീജിത്ത് കെ.സി.
പൊന്‍കുന്നം: വേനല്‍ കനത്തതോടെ ജില്ലയുടെ കിഴക്കന്‍ മേഖല ഉരുകുന്നു. മേഖലയില്‍ ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ചതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി എന്നീ പ്രദേശങ്ങളാണ് കുടിവെള്ള ക്ഷാമത്തിന്റെ പിടിയില്‍ അമരുന്നത്. ഇവിടങ്ങളില്‍ ടാങ്കര്‍ ലോറികളെയാണ് ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നത്. നിലവിലുള്ള കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പൊന്കുന്നത്തിന്റെ പ്രാന്തപ്രദേശങ്ങളായ കോയിപ്പള്ളി പത്താശാരി, ചേപ്പുംപാറ, ആലപ്പാട്ട്, ഗ്രാമദീപം, കുന്നുംഭാഗം, ഉഗാണ്ട, തോണിപ്പാറ, 20-ാം മൈല്‍, പുന്നന്താനം, പാട്ടുപാറ, പൊന്‍പാറ, കോടംങ്കയം, ചെറുവള്ളി, കറുത്തമഞ്ഞാടി, കാവുംഭാഗം, ചേന്നാംകുന്ന്, പൊന്നയ്ക്കല്‍കുന്ന്, കുരങ്ങാടി എന്നീ പ്രദേശങ്ങളാണ് കുടിവെള്ളത്തിനായി വീര്‍പ്പുമുട്ടുന്നത്. ഈ പ്രദേശങ്ങളില്‍ കരിമ്പുകയം പദ്ധതിയില്‍ നിന്നുമാണ് വെള്ളമെത്തിച്ചിരുന്നത്. പദ്ധതിയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട് പണികള്‍ നടക്കുന്നതിനാല്‍ പമ്പിംഗ് കാര്യക്ഷമല്ലാത്തത് ഈ പ്രദേശങ്ങളില്‍ ക്ഷാമം വര്‍ദ്ധിക്കാന്‍ കാരണമായി. ചെറുകിട കുടിവെള്ള പദ്ധതികള്‍ നിലവിലുണ്ടെങ്കിലും പലതും കാര്യക്ഷമല്ലായെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. സര്‍ക്കാരിന്റെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് തുടങ്ങിയ പദ്ധതികള്‍ ചിലത് അഴിമതി ആരോപണത്തിന്റെ നിഴലിലുമാണ്. പത്താശ്ശേരി, ചെന്നാകുന്ന്, പൊന്നയ്ക്കല്‍കുന്ന്, കുരങ്ങാടി എന്നിവിടങ്ങളില്‍ പദ്ധതികള്‍ ഉണ്ടെങ്കിലും പമ്പിംഗ് മോട്ടറുകള്‍ കേടായത് പദ്ധതികളെ അവതാളത്തിലാക്കി.
കാഞ്ഞിരപ്പള്ളി മേഖലയില്‍ വേനല്‍ ആരംഭിച്ചതുമുതല്‍ പ്രദേശങ്ങളിലെ കോളനികളില്‍ കുടിവെള്ളക്ഷാമം. ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന കൊടുവന്താനം, മേലോട്ടോതകിടി, കല്ലുങ്കല്‍ കോളനി, നാച്ചി കോളനി, വട്ടകപ്പാറ, ബംഗ്ലാവ്പറമ്പ്, പേട്ടവാര്‍ഡ് എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. കോളനി മേഖലകളില്‍ ആരംഭിച്ച പദ്ധതികള്‍ നോക്കുകുത്തികളായതോടെ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് പ്രദേശവാസികള്‍. ഗ്രാമപഞ്ചായത്ത് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ 2 ദിവസമായി ലഭിക്കുന്ന വേനല്‍മഴയിലാണ്. ചില സംഘടനകള്‍ വിതരണം ചെയ്യുന്ന വെള്ളമാണ് കുടിവെള്ളം വിലകൊടുത്ത് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ആകെ ആശ്രയമെന്നും പറയാം.
പഞ്ചായത്തിലെ 22, 23, 3 വാര്‍ഡുകള്‍ ഉള്‍പ്പെട്ട തമ്പലക്കാട്ട് പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്. തൊണ്ടുവേലി, അമ്പിയില്‍ ഭാഗം, തേക്കിടക്കവല, 4-ാം മൈല്‍, വഞ്ചിമല എന്നീ പ്രദേശങ്ങള്‍ കുടിവെള്ളത്തിനായി പ്രദേശവാസികള്‍ ടാങ്കര്‍ ലോറികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. മൂന്നു വാര്‍ഡുകളിലും ചെറുകിട കുടിവെള്ള പദ്ധതികള്‍ ആരംഭിച്ചെങ്കിലും 22-ാം വാര്‍ഡിലെ പദ്ധതികള്‍ കാര്യക്ഷമമല്ല. വാര്‍ഡില്‍ നിരവധി കുഴല്‍ കിണറുകള്‍ നിര്‍മ്മിച്ചെങ്കിലും വളരെക്കുറച്ചുമാത്രമാണ്് വെള്ളം ഉള്ളത്. മൂന്നാം വാര്‍ഡില്‍ ആരംഭിച്ച മഹാകാളിപാറ കുടിവെള്ള പദ്ധതി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഏറെ പ്രയോജനം നല്‍കുന്നതായി നാട്ടുകാര്‍ പറയുന്നു.
കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ആരംഭിച്ച വട്ടകപ്പാറ-നാച്ചികോളനി ജലവിതരണ പദ്ധതി, ഏറ്റവും ഒടുവില്‍ ചിറ്റാര്‍ പുഴയുടെ തീരത്ത് കിണര്‍കുത്തി നടപ്പിലാക്കിയ പദ്ധതി വരെ താളം തെറ്റിയ നിലയിലാണ്. ചിറ്റാര്‍ പുഴയില്‍ നിര്‍മ്മിച്ച കിണറിനു ചുറ്റും വേനല്‍ ആയതോടെ മാലിന്യം അടിഞ്ഞുകൂടുകയാണ്. 200 കുടുംബങ്ങളെ സഹായിക്കാന്‍ നിര്‍മ്മിച്ചതാണി പദ്ധതിയെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. മേഖലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ വട്ടകപ്പാറ-നാച്ചികോളനി പദ്ധതിയുടെ പമ്പിങ്ങ് കൃത്യമായി നടത്താതും, മോട്ടോര്‍ സ്ഥിരമായി തകരാര്‍ സംഭവിക്കുന്നതും പരാതികള്‍ ഉയര്‍ത്തുന്നു. പമ്പ് ഹൗസിന്റെ വൈദ്യുതി ചാര്‍ജ് രണ്ട് മാസമായി അടയ്ക്കാത്തതുമൂലം കെ.എസ്.ഇ.ബി. വൈദ്യുതി വിഛേദിച്ച സംഭവം വിവാദമായിരുന്നു. കുടിവെള്ളം യഥാസമയം ലഭിക്കാത്തതുമൂലം പണം മുടക്കി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുകയാണ് പ്രദേശവാസികളില്‍ ഭൂരിഭാഗവും.
എരുമേലി പഞ്ചായത്തിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച വേനല്‍മഴ കുറച്ച് ആശ്വാസം നല്‍കിയെങ്കിലും വേനല്‍ കനക്കുമ്പോള്‍ ദുരിതം ഏറും. കൊരട്ടി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് എരുമേലി ടൗണില്‍ മാത്രമാണ്. പഞ്ചായത്തിലെ മുട്ടപ്പള്ളി, എലിവാലിക്കര, കൊടിത്തോട്ടം, പൊരിയന്മല, തമ്പുരാന്‍കുന്ന്, നേര്‍ച്ചപ്പാറ, കനകപ്പലം എന്നീ കോളനി പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളാണ്. മുണ്ടക്കയത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴ ചൂടിന്റെ കാഠിന്യം കുറച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമം ആരംഭിച്ചപ്പോള്‍ ലഭിച്ച മഴ അനുഗ്രഹമായി മുണ്ടക്കയം നിവാസികള്‍ കാണുന്നു. സമീപ പ്രദേശങ്ങളായ പറത്താനം, വെട്ടുകല്ലാകുഴി, ബ്ലോക്ക് മൗണ്ട്, കൂട്ടിക്കല്‍, ചപ്പാത്ത് കോളനി, പനക്കച്ചിറ എന്നിവിടങ്ങളിലാണ് സാധാരണയായി ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍.
കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഉടന്‍ പരിഹാരം കാണുന്നതിന് സൗജന്യ കുടിവെള്ള വിതരണം നടത്തുകയും പ്രഖ്യാപിച്ച പദ്ധതികള്‍ അധികൃതര്‍ അടിയന്തിരമായി നടപ്പിലാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: