കൊച്ചി: വേനല്‍ക്കാലത്തിന്റെ വരവോടെ വരും മാസങ്ങളില്‍ കരിക്കിന്റെ ആവശ്യകത കൂടുമെന്ന് നാളികേര വികസന ബോര്‍ഡ്. കരിക്കിന് തദ്ദേശീയ വിപണിയിലെ ഉയര്‍ന്ന ആവശ്യകതയെ തുടര്‍ന്ന് കൊപ്രയുടെ വരവ് കുറയുകയും ചെയ്യും.
പ്രധാന കേരോത്പാദക സംസ്ഥാനങ്ങളിലെല്ലാം തന്നെ അനുയോജ്യ കാലാവസ്ഥയാണെങ്കിലും കരിക്കിനുള്ള ആവശ്യകത നിമിത്തം തേങ്ങയുടെ വരവ് കുറഞ്ഞു തന്നെ നില്ക്കുന്നു. കൊപ്ര സംഭരണം കുറഞ്ഞതിനാല്‍ കൊപ്ര ഉത്പാദനം അടുത്ത 3 – 4 മാസത്തേക്ക് മെച്ചപ്പെടാനുള്ള സാധ്യതയില്ല. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ പാക്കിസ്ഥാനിലേയ്ക്കുള്ള ഉണക്കത്തേങ്ങയുടെയും, ജി.സി.സി. രാജ്യങ്ങളിലേയ്ക്കുള്ള പച്ചത്തേങ്ങയുടെയും യു.എസ്സ്.എയിലേക്കുള്ള വെര്‍ജിന്‍ കോക്കനട്ട് ഓയിലിന്റെയും കയറ്റുമതിയില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
20-25 ശതമാനം കരിക്ക് ആയി വിളവെടുക്കുന്നതിനാല്‍ കൊപ്ര ഉത്പാദനത്തിനുള്ള പച്ചത്തേങ്ങയുടെ വിതരണം ഗണ്യമായി കുറയും എന്നു കരുതപ്പെടുന്നു.
വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കേരള ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ആരംഭിച്ച പദ്ധതി ഫലം കണ്ടുതുടങ്ങിയതായി ബോര്‍ഡ് അവകാശപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ വെളിച്ചെണ്ണ ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിലേക്കുള്ള മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വരവ് കുറഞ്ഞത്, അടുത്ത ദിവസങ്ങളില്‍ എണ്ണ വിലയില്‍ പ്രതിഫലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: