കാന്‍ബറ: അയര്‍ലന്റിനെ 201 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റില്‍ പൂള് ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഹാഷിം ആംലയുടെയും (159), ഡു പ്ലെസിസിന്റെയും (109) തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്റിനെ 45 ഓവറില്‍ 210 റണ്‍സിന് ഓള് ഔട്ടാക്കിയാണ് ദക്ഷിണാഫ്രിക്ക തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ക്വാര്‍ട്ടര്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ചത്.
നാല് കളികളില്‍ നിന്ന് മൂന്നാം വിജയമാണ് ദക്ഷിണാഫ്രിക്ക ഇന്നലെ സ്വന്തമാക്കിയത്. ഇന്ത്യയോട് മാത്രമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. അതേസമയം അയര്‍ലന്റിന്റെ ആദ്യ പരാജയമാണിത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെയും രണ്ടാം കളിയില്‍ യുഎഇയെയും അവര്‍ പരാജയപ്പെടുത്തിയിരുന്നു. ആംലയാണ് മാന്‍ ഓഫ് ദി മാച്ച്. നാല് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്ക ആറ് പോയിന്റുമായി ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.
ഏകദിനത്തിന്റെ ചരിത്രത്തില്‍ അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്ക 400 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയും. കഴിഞ്ഞയാഴ്ച വിന്‍ഡീസിനെതിരെയും അവര്‍ 408 റണ്‍സെടുത്തിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് തുടക്കത്തില്‍ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് അവര്‍ വിശ്വരൂപം പുറത്തെടുത്തതാണ് കണ്ടത്. സ്കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇതുവരെ ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന ഡി കോക്കിനെ മൂണിയുടെ പന്തില്‍ വില്‍സണ്‍ കയ്യിലൊതുക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഹാഷിം ആംലക്കൊപ്പം ഡു പ്ലെസിസ് ഒത്തുചേര്‍ന്നതോടെ അയര്‍ലന്റ് ബൗളിംഗിന്റെ മുനയൊടിഞ്ഞു. ഇടയ്ക്ക് അയര്‍ലന്റ് ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും കൂടിയായതോടെ ദക്ഷിണാഫ്രിക്ക വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. രണ്ടാം വിക്കറ്റില്‍ 35.1 ഓവറില്‍ 247 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്.
വ്യക്തിഗത സ്കോര്‍ പത്തില്‍ നില്‍ക്കെ കെവിന് ഒബ്രിയാന് എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്തില്‍ ഹാഷിം ആംലയെ മിഡ്വിക്കറ്റില് എഡ് ജോയ്സ് വിട്ടുകളഞ്ഞതാണ് കളിയിലെ വഴിത്തിരിവായത്. പിന്നീട് തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന ആംല 128 പന്തില്‍ നിന്ന് 16 ഫോറും നാല് സിക്സറുമടക്കം 159 റണ്‍സ് നേടിയപ്പോള്‍ ഡു പ്ലെസ്സിസ് 109 പന്തില്‍ നിന്ന് 10 ഫോറും ഒരു സിക്സറുമടക്കം 109 ഉം റണ്‍സാണ് നേടിയത്. ആംലയുടെ ഇരുപതാമത്തെയും ഡുപ്ലെസിസിന്റെ നാലാമത്തെയും ഏകദിന സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. ആംലയുടെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറുമാണിത്. രണ്ടാം വിക്കറ്റില്‍ 247 റണ്ണിന്റെ റെക്കോഡ് കൂട്ടുകെട്ടാണ് ഇവരും ചേര്‍ന്ന് നേടിയത്. ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണിത്.
ടീം സ്കോര്‍ 259-ല്‍ നില്‍ക്കെ ഫുള്‍ ടോസിലൂടെ ഡു പ്ലെസ്സിസിന്റെ കുറ്റി തെറിപ്പിച്ച കെവിന് ഒബ്രെയ്നാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നു വന്ന ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സ് വെടിക്കെട്ടോടു കൂടിയാണ് ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാല്‍ സ്കോര്‍ 41.1 ഓവറില്‍ 299-ല്‍ നില്‍ക്കേ മക്ബ്രെയിന്‍ ആംലയെ എഡ് ജോയ്സിന്റെ കൈകളിലെത്തിച്ചു. ഒരു പന്തിന്റെ ഇടവേളയ്ക്കുശേഷം ഡിവില്ലിയേഴ്സിനെയും മക്ബ്രെയിന്‍ മടക്കി. 9 പന്തില്‍ നിന്ന് ഒരു ഫോറും രണ്ട് സിക്സറുമടക്കം 24 റണ്‍സാണ് ഡിവില്ലിയേഴ്സിന്റെ സംഭാവന.
എന്നാല്‍ ഈ ആശ്വാസം ഏറെ നീണ്ടുനിന്നില്ല. തുടര്‍ന്ന് കൂട്ടുചേര്‍ന്ന മില്ലറും റോസ്സൗവും ഐറിഷ് ബൗളര്‍മാരെ കണക്കിന് തന്നെ പ്രഹരിച്ചു. അവസാന 20 ഓവറില്‍ 230 റണ്ണാണ് ദക്ഷിണാഫ്രിക്ക നേടിയത്. 49.3 ഓവറില്‍ സ്കോര്‍ 400ഉം കടത്തി. അവസാന 8.3 ഓവറില്‍ 110 റണ്‍സാണ് റോസ്സൗവും മില്ലറും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 30 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്സറുമടക്കം 61 റണ്‍സുമായി റോസ്സൗവും 23 പന്തില്‍ നിനന് നാല് ഫോറും രണ്ട് സിക്സറുമടക്കം 46 റണ്‍സുമായി ഡേവിഡ് മില്‍നറും പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ പടുകൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ അയര്‍ലന്റ് തുടക്കത്തിലേ പതറി. കളിയുടെ ഒരുഘട്ടത്തിലും അവര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ നിരയെ ഒന്ന് വെല്ലുവിളിക്കാന്‍ പോലും കഴിഞ്ഞില്ല. സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ 9 റണ്‍സെടുത്ത സ്റ്റിര്‍ലിംഗിനെ ഡി കോക്കിന്റെ കൈകളിലെത്തിച്ച് സ്റ്റെയിനാണ് ഐറിഷ് തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നീട് സ്കോര്‍ 21-ല്‍ നില്‍ക്കേ 12 റണ്‍സെടുത്ത പോര്‍ട്ടര്‍ഫീല്‍ഡിനെ അബോട്ട് ഡുപ്ലെസിസിന്റെ കൈകളിലെത്തിച്ചു. ഇതേ സ്കോറില്‍ തന്നെ മൂന്നാം വിക്കറ്റും ഐറിഷ് ടീമിന് നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന ജോയ്സിനെ സ്റ്റെയിന് ആംലയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീടെത്തിയ നെയ്ല്‍ ഒബ്രിയാനും (14), വില്‍സണും (0) പെട്ടെന്ന് മടങ്ങിയതോടെ അയര്‍ലന്റ് അഞ്ചിന് 48 എന്ന നിലയിലായി. ആറാം വിക്കറ്റില്‍ ബാല്‍ബിര്‍നെയും (58) കെവിന് ഒബ്രിയാനും ചേര്‍ന്നാണ് അയര്‍ലന്റ് സ്കോര്‍ 100 കടത്തിവിട്ടത്. എന്നാല്‍ സ്കോര്‍ 129-ല്‍ നില്‍ക്കേ ബാല്ബിര്നെയെ മോര്‍ക്കലിന്റെ പന്തില്‍ റൊസ്സൊവ് മടക്കിയതോടെ 81 റണ്‍സിന്റെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീട് സ്കോര്‍ 150-ല്‍ നില്‍ക്കേ ഏഴാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 8 റണ്‍സെടുത്ത മൂണിയെ ഡിവില്ലിയേഴ്സ് ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് ഡോക്ക്റെല്ലും സോറന്‍സെനും ചേര്‍ന്ന് സ്കോര്‍ 200-ല്‍ എത്തിച്ചു. എന്നാല്‍ 19 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത സോറന്സെനെ മോര്‍ക്കല്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. സ്കോര്‍ 210-ല്‍ എത്തിയപ്പോള്‍ 25 റണ്‍സെടുത്ത ഡോക്ക്റെല്ലിനെ മോര്‍ക്കല്‍ ബൗള്‍ഡാക്കിയതോടെ അയര്‍ലന്റ് ഇന്നിംഗ്സിന് തിരശ്ശീല വീണു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി അബോട്ട് നാലും മോര്‍ക്കല്‍ മുന്നും സ്റ്റെയിന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
ദക്ഷിണാഫ്രിക്ക
ഹാഷിം ആംല സി ജോയ്സ് ബി മക്ബ്രെയിന്‍ 159, ഡി കോക്ക് സ വില്‍സണ്‍ ബി മൂണി 1, ഡു പ്ലെസിസ് ബി കെവിന് ഒബ്രിയാന് 109, എ.ബി. ഡിവില്ലിയേഴ്സ് സി നെയ്ല്‍ ഒബ്രിയാന് ബി മക്ബ്രെയിന്‍ 24, മില്‍നര്‍ 46 നോട്ടൗട്ട്, റോസ്സൗവ് 61 നോട്ടൗട്ട്, എക്സ്ട്രാസ് 11, ആകെ 50 ഓവറില്‍ നാലിന് 411.
വിക്കറ്റ് വീഴ്ച: 1-12, 2-259, 3-299, 4-301.
ബൗളിംഗ്: മൂണി 7-2-52-1, സോറന്‍സെന്‍ 6-0-76-0, ഒബ്രിയാന് 7-0-95-1, ഡോക്ക്റെല്‍ 10-0-56-0, സ്റ്റിര്‍ലിംഗ് 10-0-68-0, മക്ബ്രെയിന്‍ 10-0-63-2.
അയര്‍ലന്റ്
പോര്‍ട്ടര്‍ഫീല്‍ഡ് സി ഡുപ്ലെസിസ് ബി അബോട്ട് 12, സ്റ്റിര്‍ലിംഗ് സി ഡി കോക്ക് ബി സ്റ്റെയിന് 9, ജോയ്സ് സി ആംല ബി സ്റ്റെയിന് 0, നെയ്ല്‍ ഒബ്രിയാന് സി ആംല ബി അബോട്ട് 14, ബാല്‍ബിര്‍നെ സി റോസ്സൗവ് ബി മോര്‍ക്കല്‍ 58, ഗ്യാരി വില്‍സണ്‍ എല്‍ബിഡബ്ല്യു ബി അബോട്ട് 0, കെവിന് ഒബ്രിയാന് സി റോസ്സൗവ് ബി അബോട്ട് 48, മൂണി ബി ഡിവില്ലിയേഴ്സ് 8, സോറന്‍സെന്‍ സി ഡി കോക്ക് ബി മോര്‍ക്കല്‍ 22, ഡോക്ക്റെല്‍ ബി മോര്‍ക്കല്‍ 25, മക്ബ്രെയിന്‍ നോട്ടൗട്ട് 2, എക്സ്ട്രാസ് 12, ആകെ 45 ഒാവറില്‍ 210ന് എല്ലാവരും പുറത്ത്.
വിക്കറ്റ് വീഴ്ച:
1-17, 2-21, 3-21, 4-42, 5-48, 6-129, 7-150, 8-167, 9-200, 10-210.
ബൗളിംഗ്: സ്റ്റെയിന് 8-0-39-2, അബോട്ട് 8-0-21-4, മോര്‍ക്കല്‍ 9-0-34-3, ഇമ്രാന് താഹിര്‍ 10-1-50-0, ബഹാര്‍ഡിന്‍ 2-0-13-0, റോസ്സൗവ് 2-0-13-0, ഡു പ്ലെസിസ് 4-0-30-0, ഡിവില്ലിയേഴ്സ് 2-0-7-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: