പെര്‍ത്ത്: ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടുന്ന ഓസ്ട്രേലിയന്‍ നിരയില്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവം നിഴലിക്കും. ന്യൂസിലാന്റിനെതിരായ മത്സരത്തിനിടെ പരിക്കേറ്റതാണ് കമ്മിന്‍സിന് തിരിച്ചടിയായത്. താരത്തിനേറ്റ പരിക്ക് ഗുരുതരമല്ലെങ്കിലും ഇന്ന് കളിക്കാന്‍ കഴിയില്ലെന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു.
ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്പിച്ച ഓസ്ട്രേലിയ മൂന്നാം മത്സരത്തില്‍ ന്യൂസിലാന്റിനോട് പരാജയപ്പെടുകയും ചെയ്തു. ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. പൂള് എയില്‍ മൂന്ന് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ് ഓസ്ട്രേലിയ നില്‍ക്കുന്നത്. ക്വാര്‍ട്ടറില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ന് കംഗാരുക്കള്‍ക്ക് വിജയം അനിവാര്യമാണ്. ക്യാപ്റ്റന്‍ ക്ലാര്‍ക്കടക്കമുള്ള മുന്‍നിര താരങ്ങളുടെ ഫോമില്ലായ്മയാണ് കംഗാരുക്കളെ വലയ്ക്കുന്നത്. എന്നാല്‍ സ്റ്റാര്‍ക്കും ജോണ്‍സണും ഉള്‍പ്പെടെയുള്ള ബൗളിംഗ്നിര ഗംഭീര ഫോമിലുമാണ്. ന്യൂസിലാന്റിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തി ആറ് വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് പിഴുതത്. ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 151 റണ്‍സിന് പുറത്തായിട്ടും ന്യൂസിലാന്റിന്റെ ഒമ്പത് വിക്കറ്റ് വീഴ്ത്താനും ബൗൡഗ് മികവില്‍ കംഗാരുക്കള്‍ക്ക് കഴിഞ്ഞിരുന്നു. ഇന്ന് താരതമ്യേന പരിചയക്കുറവുള്ള അഫ്ഗാനിസ്ഥാന് താരങ്ങള്‍ സ്റ്റാര്‍ക്കിനെയും ജോണ്‍സണെയും എങ്ങനെ നേരിടുമെന്നാണ് കാണേണ്ടത്.
അതേസമയം അഫ്ഗാനിസ്ഥാന് ആദ്യ രണ്ട് കളികളിലും പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ മത്സരത്തില്‍ സ്കോട്ട്ലാന്റിനെ അട്ടിമറിച്ച് ലോകകപ്പിന്റെ ചരിത്രത്തില്‍ തങ്ങളുടെ ആദ്യവിജയം സ്വന്തമാക്കിയിരുന്നു. ഈ ആത്മവിശ്വാസത്തിലായിരിക്കും ഓസ്ട്രേലിയക്കെതിരെ ജയിക്കുമെന്ന പ്രതീക്ഷയൊന്നുമില്ലെങ്കിലും പൊരുതാനുറച്ച് അഫ്ഗാന് പോരാളികള്‍ കളത്തിലിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: