പൊന്‍കുന്നം/കറുകച്ചാല്‍: കരിങ്കല്‍ ക്വാറി സമരം തുടരുന്നതിനാല്‍ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. മെറ്റിലുകളും അനുബന്ധ സാധനങ്ങളുടെയും ലഭ്യത ഇല്ലാതായതോടെ അതിവേഗം നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. ഒന്നാം ഘട്ടമായി പൊന്‍കുന്നം മുതല്‍ നെല്ലാപ്പാറ വരെ 250 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
പാതവികസനത്തിനായി കെഎസ്ടിപി ഏറ്റെടുത്ത സ്ഥലത്തെയും റോഡ്പുറമ്പോക്കില്‍ ഉണ്ടായിരുന്നതുമായ മരങ്ങള്‍ മുറിച്ചു നീക്കി ഓടനിര്‍മ്മാണം പൂര്‍ത്തിയായി വരവെയാണ് തുടര്‍ നിര്‍മ്മാണം പ്രതിസന്ധിയിലായത്. 30 മാസത്തെ സമയത്തിനുള്ളില്‍ 52 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതുമുണ്ട്. മഞ്ചക്കുഴി മുതല്‍ പൊന്‍കുന്നം ടൗണ്‍ വരെ 10 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റിനകം തീര്ക്കുവാനാകുമെന്നായിരുന്നു പ്രതീക്ഷ.
പത്തു മീറ്റര്‍ വീതിയിലാണ് റോഡ് ടാര്‍ചെയ്യുന്നത്. ഇതോടൊപ്പം ഒന്നരമീറ്റര്‍ ബോര്‍ഡറും, നടപ്പാതയും നിര്‍മ്മിക്കും. കയറ്റവും വളവുകളും നിവര്‍ക്കുന്ന ജോലികളും ആരംഭിച്ചിരുന്നു. 10 കിലോമീറ്ററുകള്‍ക്കുള്ളില്‍ 25 കലുങ്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നിര്‍മ്മാണ വസ്തുക്കള്‍ കിട്ടാതായതോടെ സമയപരിധിക്കുള്ളില്‍ എങ്ങനെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്ന ആശങ്കയും ഉയരുന്നു.
സാമ്പത്തിക വര്‍ഷം ആവസാനിക്കാറായ ഈ ഘട്ടത്തില്‍ ഒരു വിഭാഗം ക്വാറി, ക്രഷര്‍ ഉടമകള്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം കറുകച്ചാലിലും ശക്തമായി റോഡു വര്‍ക്കുകള്‍ ഉള്പ്പടയുളള പൊതുമരാമത്തു പണികളെയും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനത്തെയും സ്തംഭനാവസ്ഥയിലേക്കു നീങ്ങിയിരിക്കുന്നു. ഈ മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് ഏറെ ദുരിതമാണ് ഉണ്ടായിരിക്കുന്നത്.എത്രയും വേഗം ഈ സമരം ഒഴിവാക്കാനുളള നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളും മറ്റും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: