ചങ്ങനാശേരി: ‘സ്വര്‍ണ്ണപ്പണയം എടുത്തുകൊടുക്കും’ എന്ന പരസ്യം കണ്ട് തട്ടിപ്പുകാര്‍ ഫോണില്‍ വിളിക്കാം. സ്വര്‍ണ്ണപ്പണയം എടുത്തുകൊടുക്കുവാന്‍ സഹായിക്കുന്നവര്‍ ജാഗ്രത പാലിക്കുക. ഇന്നലെ രാവിലെ 11 മണിക്ക് ചങ്ങനാശേരി എസ്.ബി.ഐയിലാണ് ഈ തട്ടിപ്പ് നാടകം അരങ്ങേറിയത്. ഒന്നര ലക്ഷം രൂപയുടെ പണയം ഈ ബാങ്കില്‍ വച്ചിട്ടുണ്ടെന്നും അതെടുത്ത് മറിച്ചു വില്ക്കുവാന് സഹായിക്കണം എന്നും പറഞ്ഞാണ് പരസ്യം നല്കിയ ആലപ്പുഴ പാര്‍ട്ടിയെ ഫോണില്‍ തട്ടിപ്പുകാരന് ബന്ധപ്പെട്ടത്.
കൃത്യസമയത്തുതന്നെ ആവശ്യപ്പെട്ട ഒന്നരലക്ഷം രൂപയുമായി ആലപ്പുഴക്കാരന് എത്തി. ശനിയാഴ്ച ദിവസമായതിനാല്‍ നല്ല തിരക്ക് ബാങ്കിലുണ്ടായിരുന്നു. ആലപ്പുഴക്കാരനില്നിന്നും പണം വാങ്ങി തട്ടിപ്പുകാരന് ക്യാഷ് കൗണ്ടറിന് മുന്നിലുള്ള ക്യൂവില്‍നിന്നു. പണം നല്കിയ ആള് ബാങ്കിനുള്ളില്‍ വിസിറ്റേഴ്സ്കസേരയില് ഇരുന്നു. കണ്ണുചിമ്മി തുറക്കുന്ന സമയത്തിനുള്ളില്‍ ക്യൂവില്‍നിന്നയാള്‍ മുങ്ങി. പരിഭ്രാന്തനായ ആലപ്പുഴക്കാരന് മാനേജരോട് കാര്യം പറഞ്ഞു. അപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു പണയം ബാങ്കില്‍ ഇല്ല എന്ന് അറിയുന്നത്. ഉടന്‍തന്നെ ചങ്ങനാശേരി പോലീസില്‍ പരാതി നല്കി. ഒരു മാസം മുന്‍പ് സമാന രീതിയില്‍ ഒരു തട്ടിപ്പ് നടന്നിരുന്നെങ്കിലും പോലീസിന് പ്രതികളെ പിടിക്കാന്‍ സാധിച്ചിട്ടില്ല. കാരണം പരാതി ഇല്ല എന്നുള്ളതാണ്.
ചങ്ങനാശേരി കേന്ദ്രീകരിച്ച് തട്ടിപ്പു സംഘങ്ങള്‍ സജീവമായിട്ടുണ്ടെങ്കിലും പോലീസ് നിഷ്ക്രിയരാണ്. കഴിഞ്ഞ മാസം ഒരു തട്ടിപ്പുസംഘം ഇതേ രീതിയില്‍ 3,80,000 രൂപയുടെ പണയം ചങ്ങനാശേരിയിലെ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും എടുക്കാനെന്ന് തെറ്റിധരിപ്പിച്ച് വാങ്ങിയിരുന്നു. എന്നാല്‍ പരാതിക്കാരില്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ല എന്നാണ് അറിയാന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: