അഞ്ചരപതിറ്റാണ്ടുകള്ക്ക് മുമ്പ് തലശ്ശേരിയില്‍ സംഘപ്രചാരകനായിരുന്ന കാലത്ത് അവിടെ സ്വയംസേവകനായി ജനാര്ദ്ദനന് ഉണ്ടായിരുന്നു. അദ്ദേഹം ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ് അദ്ധ്യാപകനായി മണത്തനയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് വിരമിച്ചുവെന്നറിയാന് കഴിഞ്ഞു. മൃദംഗശൈലം എന്ന് കോട്ടയത്തു തമ്പുരാന്റെ ആട്ടക്കഥകളുടെ മംഗളശ്ലോകത്തില്‍ പരാമര്‍ശിക്കുന്ന മുഴക്കുന്നിലാണ് അദ്ദേഹത്തിന്റെ വാരിയം. തമിഴ്നാട്ടിലാണെങ്കില്‍ വാരിയം എന്ന് ഇംഗ്ലീഷിലെ ബോര്‍ഡിനാണു പറയുക. അവിടെ വീടുവസതി വാര്യം ഹൗസിംഗ് ബോര്‍ഡും മിന്സാരവാര്യം വൈദ്യുതി ബോര്‍ഡുമാണ്. മുഴക്കുന്നിലെ നാരായണവാരിയര്‍ മാസ്റ്റര്‍ തലശ്ശേരിയില്‍ അദ്ധ്യാപകനായിരിക്കെയാണ് ആ കുടുംബം സംഘകുടുംബമായത്.
തലശ്ശേരിക്കടുത്ത് ധര്‍മടത്തെ സ്വയംസേവകരുടെയൊക്കെ കാരണവരായിരുന്ന സി.ചിന്നേട്ടന്‍ മുഴക്കുന്നില്‍ പോയി കുറേനാള്‍ അജ്ഞാതവാസം നടത്തി. ആ കാലത്ത് അവിടെ സംഘ ശാഖ ആരംഭിക്കാന്‍ ചിന്നേട്ടന്‍ ഉത്സാഹിച്ചു. വാര്യര്മാസ്റ്ററും മക്കളും അതിന്റെ മുന്പന്തിയിലുണ്ടായിരുന്നുവെന്നു പറയേണ്ടതില്ലല്ലൊ. ചിന്നേട്ടന്റെ നിര്‍ദ്ദേശപ്രകാരമാണ് എനിക്ക് മുഴക്കുന്നില്‍ പോകാന്‍ അവസരമുണ്ടായത്. അവിടെ എത്തിപ്പെടാന്‍ അക്കാലത്ത് മണിക്കൂറുകള്‍ നടക്കണമായിരുന്നു. പക്ഷേ അവിടുത്തെ ഒട്ടേറെ വീടുകളുമായി പരിചയപ്പെടാന്‍ അതവസരമുണ്ടാക്കി. ബ്രണ്ണന്‍ കോളേജില്‍ പഠിച്ചിരുന്ന, കാമ്പ്രം ഇല്ലത്ത് കൃഷ്ണന് നമ്പൂതിരിയുടെ ഇല്ലത്തുപോയി. ആ കുടുംബത്തിന് കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രധാനമായ അധികാരങ്ങളുണ്ട്. മുഴക്കുന്നിന്റെ ഐതിഹ്യവും ചരിത്രവുമൊക്കെ അവിടെനിന്നു മനസ്സിലായി. മൃദംഗശൈല വാസിനിയായ ശ്രീപോര്ക്കല ഭഗവതിയുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും സാധിച്ചു. സാക്ഷാല്‍ പഴശ്ശിരാജാവിന്റെ കോട്ടയം രാജവംശത്തിന്റെ പരദേവതയാണ് ശ്രീ പോര്ക്കല ഭഗവതി. അവരുടെ ആസ്ഥാനമായിരുന്ന ഹരിശ്ചന്ദ്രന് കോട്ട സ്ഥിതിചെയ്യുന്ന പുരളിമല മുഴക്കുന്നില്‍ തുടങ്ങുന്നു. ഈയടുത്തകാലത്ത് മുഴക്കുന്നും പുരളിമലയുമൊക്കെ മാധ്യമങ്ങളിലിടം പിടിച്ചത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ ഏതാനും പ്രതികള്‍ ഒളിച്ചു താമസിച്ചത് മുഴക്കുന്നില്‍ പുരളിമലയിലായിരുന്നു. അവരെ പോലീസ് വേട്ടയാടി അറസ്റ്റു ചെയ്ത വിവരണങ്ങള്‍ ചാനലുകളും പത്രങ്ങളും ആഘോഷമാക്കിയിരുന്നു.
നേരത്തെ പരാമര്‍ശിച്ച ജനാര്ദ്ദനന് എംഎയ്ക്കു പഠിക്കാന്‍ എറണാകുളത്തു മഹാരാജാസ് കോളേജില്‍ ചേര്‍ന്നിരുന്നു. അടിയന്തരാവസ്ഥയ്ക്കുമുമ്പാണ്. അദ്ദേഹം താമസിച്ചത് സഹോദരീ ഭര്‍ത്താവും നാവികത്താവളത്തിലെ കേന്ദ്രീയ വിദ്യാലയത്തില്‍ ചിത്രകലാധ്യാപകനുമായിരുന്ന ആര്‍ട്ടിസ്റ്റ് കെ.കെ.വാര്യരോടൊപ്പമായിരുന്നു. സംഘകാര്യാലയത്തിലും ജനസംഘകാര്യാലയത്തിലും ജനാര്ദ്ദനന് നിത്യസന്ദര്‍ശകനായിരുന്നു. അതിനിടെ ദിനപത്രം ആരംഭിക്കാനുള്ള ചില ശ്രമങ്ങള്‍ കോഴിക്കോട്ട് തുടങ്ങി. വിളംബരം എന്ന പേരും ലഭിച്ചിരുന്നു. അതിന്റെ ചുമതല വഹിക്കാന്‍ ജനാര്ദ്ദനന് സന്നദ്ധത പ്രകടിപ്പിച്ചു. ആ ശ്രമം സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ത്തന്നെ അലസി. അതില്നിന്നാവേശംകൊണ്ടാണ് കെ.ജി.വാധ്യാര് എറണാകുളത്ത് രാഷ്ട്രവാര്‍ത്ത ആരംഭിച്ചത്.
ഇത്രയൊക്കെ പഴംപുരാണം വിളമ്പിയത് കഴിഞ്ഞ ആഴ്ചത്തെ കേസരിയില്‍ ഓയ്സ്കാ പുരസ്കാരം കെ.കെ.വാര്യര്‍ക്ക് എന്ന വാര്‍ത്തയും അദ്ദേഹത്തിന്റെ ചിത്രവും കണ്ടപ്പോഴാണ്. കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞ ”ക്ഷീരസാഗരവാരിപോലെ വെളുത്ത നീണ്ട” താടിയാണോ, വള്ളത്തോള്‍ പറഞ്ഞ ”ത്വിട്ടോലുമക്ഷികള്‍ നരച്ചു വളര്‍ന്നു മാറില്‍ തൊട്ടോരു” താടിയാണോ കണ്ടത് എന്നു വിസ്മയിച്ചു.
എറണാകുളത്ത് ജന്മഭൂമി ആരംഭിച്ച 1977-78 കാലത്ത് ജനാര്‍ദ്ദനന്റെ ആ സഹോദരീ ഭര്‍ത്താവിനെ പരിചയപ്പെടാന്‍ നേവല്‍ബേസിലെ വിദ്യാലയത്തില്‍ പോയി. പഴമക്കാര്‍ക്കു മറക്കാനാവാത്തത് ‘മറവില്‍ തിരിവ്’ എന്ന സ്ഥലത്തു ബസ്സിറങ്ങി റെയിലിന്റെ അടിയിലൂടെ കടന്നുവേണ്ടിയിരുന്നു പോകാന്‍. മാസ്റ്ററെ കണ്ടു. ജനാര്ദ്ദനനില്നിന്നു ഞങ്ങള്‍ പരസ്പരം കാണാതെ തന്നെ പരിചയക്കാരായിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്സില്‍ ചെന്ന് വ്യക്തിപരവും കുടുംബപരവുമായ ഒട്ടേറെക്കാര്യങ്ങള്‍ പങ്കുവെച്ചു. തലശ്ശേരിയിലെ സി.വി.ബാലന് മാസ്റ്ററുടേയും മാവേലിക്കരയിലെ രാമവര്‍മ രാജായുടേയും ശൈലികളാണദ്ദേഹത്തെ ആദ്യം സ്വാധീനിച്ചതെന്നു തോന്നി. പക്ഷേ സ്വന്തമായ ചിത്രരചനാരീതി വാര്യര്‍ മാസ്റ്റര്‍ വികസിപ്പിച്ചുകഴിഞ്ഞിരുന്നു. തിരുവനന്തപുരം ശ്രീചിത്രാലയത്തിലെ പ്രസിദ്ധമായ ദമയന്തിയുടെ രവിവര്‍മചിത്രം ഏതോ ചിത്രഭ്രമക്കാരന് കേടുവരുത്തിയത് കേടുപോക്കി പൂര്‍വസ്ഥിതിയിലാക്കാനുള്ള ചുമതല അദ്ദേഹത്തിനു ലഭിച്ചു. അതേത്തുടര്‍ന്നു അവിടത്തെതന്നെ പല രവിവര്‍മ ചിത്രങ്ങളും മാസ്റ്റര്‍ ശരിയാക്കി. അതോടെ മധുര, തഞ്ചാവൂര്‍, മൈസൂര്‍ മുതലായ സ്ഥലങ്ങളില്‍നിന്നും അദ്ദേഹത്തെ തേടി ആളുകളെത്തി.
ചിത്രകലയുടെ വിവിധശൈലികളെപ്പറ്റിയും ഭാരതീയവും കേരളീയവുമായ രീതികളുടെ സവിശേഷതകളെപ്പറ്റിയും മറ്റും എനിക്ക് ധാരണയുണ്ടാക്കിയത് വാര്യര്സാറുമായി ഇടയ്ക്കിടെ നടത്തിയ സംഭാഷണത്തില്‍നിന്നാണ്. എളമക്കരയിലെ പ്രാന്തകാര്യാലയത്തിലെ പൂജനീയ ഡോക്ടര്‍ജിയുടെ അര്‍ധകായ പ്രതിമയ്ക്കു ചായം കൊടുക്കാന്‍ അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ഓടിന്റെ ഛായതോന്നുന്ന ചായമടിക്കാനാണദ്ദേഹം നിര്‍ദ്ദേശിച്ചത്. അതിലെ ചുളിവുകളില്‍ നേരിയ തോതില്‍ ക്ലാവുപിടിച്ചതുപോലെ അദ്ദേഹം കെ.സി.ബാലനെക്കൊണ്ടു ചെയ്യിച്ചു.
അതിനിടെ എനിക്ക് വ്യക്തിപരമായി ഒരുകാര്യം കൂടി മാസ്റ്റര്‍ ചെയ്തുതന്നു. 1979 ല്‍ എന്റെ അമ്മ ഹൃദ്രോഗം വന്നു മരിച്ചു. അമ്മയുടെ നല്ലൊരു ചിത്രം തയ്യാറാക്കി വെക്കാന്‍ ഉണ്ടായിരുന്നില്ല. ഒരു വിവാഹാവസരത്തിലെടുത്ത ഫോട്ടോയില്‍ മാത്രമാണ്, അവസാനകാലത്തെ സ്വരൂപത്തിലുള്ള ഫോട്ടോ ഉണ്ടായിരുന്നത്. പ്രശ്നം വാര്യര്‍സാറിനെ അറിയിച്ചപ്പോള്‍ ഒരു സെ.മീറ്ററില്‍ കുറച്ചുമാത്രം വലുപ്പമുള്ള ആ ചിത്രത്തില്‍നിന്ന് ഒരു ക്വാര്‍ട്ടര്‍ സൈസ് നെഗറ്റീവുണ്ടാക്കിത്തരികയും തന്റെ സുഹൃത്തിന്റെ സ്റ്റുഡിയോയില്‍നിന്ന് വലിയ പ്രിന്റുകള്‍ എടുത്തുതരികയും ചെയ്തു. അമ്മയുടേതായി വീട്ടിലുള്ള ചിത്രം കാണുമ്പോള്‍ ഓര്‍മവരിക വാര്യര്‍ മാസ്റ്ററെയാണ്.
വാര്യര്‍ സാര്‍ വരച്ച പുരാണ സന്ദര്‍ഭ ചുവര് ചിത്രശൈലിയിലുള്ള ഏതാനും ചിത്രങ്ങളുടെ നേത്രോന്മീലന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ചിത്രകലയിലെ കൈപ്പുണ്യത്തിന്റെ അന്തിമനിമിഷം നമ്മെ വിസ്മയിപ്പിക്കുന്നവിധം ചൈതന്യവത്തായിരുന്നു.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗ ശതാബ്ദിയാഘോഷങ്ങള്ക്കിടയില് കൊടുങ്ങല്ലൂരെ അന്താരാഷ്ട്ര വിവേകാനന്ദ കേന്ദ്രത്തിലെ ഡോക്ടര്‍ ലക്ഷ്മികുമാരിയുടെ താത്പര്യപ്രകാരം വാര്യര്‍സാര്‍ പത്തു ചിത്രങ്ങള്‍ വരച്ചുകൊടുത്തു. സ്വാമിജിയുടെ ജീവിതത്തിലെ പത്തു മുഹൂര്‍ത്തങ്ങള്‍ അവയില്‍ മിന്നലാട്ടം നടത്തുന്നുവെന്ന് ഡോ.ലക്ഷ്മീ കുമാരി എന്നോടു പറയുകയുണ്ടായി. ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങളും സാമഗ്രികളും നല്കിയതല്ലാതെ അതിനു മാസ്റ്റര്‍ ഒരുവിധ പാരിതോഷികവും സ്വീകരിച്ചില്ലത്രെ. ശ്രീരാമകൃഷ്ണമഠം തന്നെ അവയുടെ പകര്‍പ്പുകള്‍ അച്ചടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നു കേട്ടു. അവ ലഭ്യമാണോ എന്നറിയില്ല.
പ്രസിദ്ധി പരാങ്മുഖനായി, കര്മശ്രേഷ്ഠനായി തന്റെ ചിത്രകളാ കുശലതയാല്‍ ഭാരതീയ ജനതയെ സമ്പന്നമാക്കുന്ന കെ.കെ.വാര്യര്‍ മാസ്റ്റര്‍ക്കു തന്റെ ചിത്രകലാ സപര്യ അഭംഗുരം തുടരാന്‍ മൃദംഗശൈല നിലയിയായ ഭഗവതി അനുഗ്രഹിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: