രാമപുരം: മാര്‍ ആഗസ്തീനോസ് കോളേജും കേരളാ ഗവണ്മെന്റ് സയന്‍സ് & ടെക്നോളജി ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം ‘സയന്‍സ് ഫെസ്റ്റ് 2015’ ആയിരങ്ങള്‍ക്ക് നവ്യാനുഭവമാകുന്നു. ഇന്നലെ തുടങ്ങിയ പ്രദര്‍ശനം കാണുന്നതിന് വിവിധ സ്കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
വ്യത്യസ്ഥവും വിജ്ഞാനപ്രദവുമായ നിരവധി സ്റ്റാളുകള്‍ പ്രദര്‍ശനത്തിനായി അണിനിരത്തിയിട്ടുണ്ട്. വാന നിരീക്ഷണം, അസ്ട്രോണമി എഡ്യൂക്കേഷന്‍ യൂണിറ്റ്, പ്ലാനറ്റേറിയം, സോളാര്‍& ലൂണാര്‍ ഫില്‍റ്റേഴ്സ്, നൈറ്റ് സ്കൈവാച്ചിങ്, ഓട്ടോ ടാസ്കിങ് ടെലിസ്കോപ്പ്, മുന്നൂറിലേറെ രാജ്യങ്ങളുടെ പുരാതന-ആധുനിക നാണയങ്ങള്‍, എണ്‍പതിലേറെ രാജ്യങ്ങളുടെ ദേശീയ പതാകകള്‍, പതിനയ്യായിരത്തിലേറെ പോസ്റ്റല്‍ സ്റ്റാമ്പുകള്‍, രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ഇന്‍ഡ്യന്‍ നാണയങ്ങള്‍, സൗത്ത് ആഫ്രിക്കന്‍ സംഗീത ഉപകരണങ്ങള്‍, ഹൈ ഡിനോമിനേഷന് കറന്‍സി നോട്ടുകള്‍, ഇലഞ്ഞി വിജ്ഞാന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് & ടെക്നോളിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംങ് വിഭാഗവിദ്യാര്ത്ഥികളായ ഉണ്ണിമോന് ജോയി, കിരണ്‍ ആന്റണി, അജേഷ് എന്‍.എം., സിറാജുദീന്‍ വി.എന്‍. എന്നിവര്‍ അധ്യാപകന് ജോസഫ് ജോണിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത -വാഹനങ്ങളിലെ ചെല്‍ഡ് സേഫ്റ്റി ബ്രേക്കിംങ് സിസ്റ്റം, രാമപുരം മാര്‍ ആഗസ്തീനോസ് കോളേജിലെ ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്മെന്റ് വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്ത ട്രാഫിക് സിഗ്നലുകള്‍ക്കനുസരിച്ച് വേഗത നിയന്ത്രിച്ച് വാഹനം ഓടുന്നതിനുള്ള ഓട്ടോമാറ്റിക് സിസ്റ്റം, ഗൃഹോപകണങ്ങളെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എത്ര ദൂരെനിന്നും നിയന്ത്രിക്കുന്നതിനുള്ള സംവിധാനം, വിവിധയിനം റോബോര്‍ട്ടുകള്‍, വയര്‍ലെസ് മൊബൈല്‍ ചാര്‍ജ്ജര്‍, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്മെന്റ് ഒരുക്കിയിരിക്കുന്ന 1985ല്‍ ഡവലപ്പ് ചെയ്ത വിന്‍ഡോസ് 1.0 മുതലുള്ള ഇരുപതോളം ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉള്‍പ്പെട്ട സ്റ്റാളും, ബയോടെക്നോളജി ഡിപ്പാര്‍ട്മെന്റിന്റെ ടിഷ്യൂകള്‍ച്ചര്‍ രംഗത്തെ ആധുനിക കണ്ടെത്തലുകള്‍ വിവരിക്കുന്ന സ്റ്റാളും പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. പ്രദര്‍ശനം ഇന്ന് വൈകുന്നേരം 6ന് സമാപിക്കും. പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: