പത്തനാപുരം: കിഴക്കന്‍ മലയോരമേഖലയില്‍ പത്തനാപുരം ഫോറസ്റ്റ്റേഞ്ച് കറവൂര്‍ ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ട അമ്പനാര്‍ സെക്ഷന്‍ എന്നിവയുടെ പരിധിയില്‍പ്പെട്ട നൂറ് ഹെക്ടറോളം വനപ്രദേശം കത്തിനശിച്ചു.
അലിമുക്ക്-അച്ചന്‍കോവില്‍ വനാന്തരപാതയോട് ചേര്‍ന്നുകിടക്കുന്ന ചണ്ണക്കാമണ്‍, ചെറുകടവ്, ഓലപ്പാറ, കോട്ടക്കയം, പാറക്കുന്ന്, കൊച്ചുപച്ച, കുമ്പഴക്കടവ്, വലിയകാവ്, അമ്പലംകുന്ന്, മൈക്കാമൈന്‍, വഞ്ചിത്തടം, കിണറ്റുകുഴി, കൊച്ചുപാറ എന്നീ പ്രദേശങ്ങളാണ് കത്തി നശിച്ചത്. റിസര്‍വ് ഫോറസ്റ്റും പ്ലാന്റേഷനുമുള്പ്പെടെയാണ് വനപ്രദേശം നശിച്ചത്.
വേനല്‍ക്കാലങ്ങളില്‍ കാട്ടുതീ പ്രതിരോധിക്കാന്‍ താല്‍ക്കാലിക ഫയര്മാന്മാരെ നിയമിക്കുന്നതും ഫയര്‍ലൈന്‍ തെളിച്ച് കാട്ടുതീ തടയുന്നതും പതിവാണ്. എന്നാല്‍ ഇക്കുറി വനസംരക്ഷണസമിതി ഫയര്മാന്മാരെ പിന്‍വലിച്ചതാണ് കാട്ടുതീ പ്രതിരോധിക്കാന്‍ കഴിയാതെ പോയതെന്ന് ആരോപണമുണ്ട്. കോടികള്‍ സര്‍ക്കാരില്‍ നിന്ന് മുതല്‍ മുടക്കി പ്ലാന്റ് ചെയ്ത തേക്ക്, മാഞ്ചിയം, മിക്സര്‍ പ്ലാന്റ് എന്നിവയും കത്തിയമര്‍ന്നത് സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കുന്നു.
അപ്രതീക്ഷിതമായ കാട്ടുതീ വ്യാപനം ജന്തുക്കളുടെ ആവാസവ്യവസ്ഥയെയും കാര്യമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കനത്ത വരള്‍ച്ചാ പ്രദേശങ്ങളായതിനാല്തന്നെ കാട്ടുജന്തുക്കള്‍ കാടുവിട്ട് നാട്ടിലിറങ്ങുന്ന സാഹചര്യവും ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: