ആലപ്പുഴ: അനധികൃത മദ്യോത്പാദനവും വിതരണവും തടയാന്‍ ജില്ലയില്‍ എക്സൈസ് വകുപ്പ് കഴിഞ്ഞ ഡിസംബര്‍ മുതലുള്ള കാലയളവില്‍ 2,367 റെയ്ഡുകള്‍ നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തില്‍ 360 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. ഈ കേസുകളില്‍ 387 പേരെ പ്രതി ചേര്‍ക്കുകയും 359 പേരെ അറസ്റ്റ് ചെയ്ത് വിവിധ കോടതികളില്‍ ഹാജരാക്കുകയും ചെയ്തു.
ഇക്കാലയളവില്‍ 735 ലിറ്റര്‍ സ്പിരിറ്റും 41.25 ലിറ്റര്‍ ചാരായവും 508.36 ലിറ്റര്‍ വിദേശമദ്യവും 921.5 ലിറ്റര്‍ കോടയും 16.082 കിലോ കഞ്ചാവും 41.01 ലിറ്റര്‍ അരിഷ്ടവും 1448.05 ലിറ്റര്‍ കള്ളും 150.01 ലിറ്റര്‍ ബിയറും പിടുച്ചെടുത്തു. കളക്ട്രേറ്റില്‍ നടന്ന ജില്ലാതല ജനകീയസമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സമിതി യോഗത്തിനു ശേഷം, 2014 ഡിസംബര്‍ 17 മുതല്‍ 2015 ഫെബ്രുവരി 24 വരെയുളള ദിവസങ്ങളിലാണ് വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയത്.
കളളുഷാപ്പുകളില്‍ 2,670ഉം വിദേശമദ്യഷാപ്പുകളില്‍ എണ്‍പതും നാലെണ്ണം ബിയര്‍ പാര്‍ലറുകളില്‍ നാലും പരിശോധന നടത്തി. 1,130 തവണ കള്ളിന്റെ സാമ്പിളുകളും 80 തവണ വിദേശമദ്യത്തിന്റെ സാമ്പിളുകളും ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. 25 സംയുക്ത റെയ്ഡുകളും പോലീസ്-റവന്യൂ വകുപ്പുകളുടെ സഹായത്തോടെ 17 റെയ്ഡും നടത്തി. 202 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ബോധവത്കരണക്ലാസുകളും നടത്തിവരുന്നു. തിരഞ്ഞെടുത്ത സ്കൂളുകളില്‍ 90 ലഹരി വിരുദ്ധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് കുട്ടനാട് -ആലപ്പുഴ റേഞ്ചിലെ കായല്‍ പ്രദേശങ്ങളില്‍ നിരന്തരപരിശോധന നടത്തിവരികയാണ്. സ്കൂള്‍ പരിസരങ്ങളിലും തീരദേശങ്ങളിലും പരിശോധന ശക്തമാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, എക്സൈസ്- പോലീസ് ഉദ്യോഗസ്ഥര്‍, ജനകീയ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: