തകഴി: കടം കയറി കുത്തുപാളയെടുത്ത റെയില്‍വേയ് ക്കുള്ള മോചനമാണ് ഇത്തവണത്തെ ബജറ്റെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ്. തകഴി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ജനശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് എട്ട് കേന്ദ്രമന്ത്രിമാരുണ്ടായിരുന്നിട്ടും സംസ്ഥാനത്തിന് ലഭിച്ചത് പ്രഖ്യാപനങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുവാന്‍ വോട്ടു ചെയ്ത കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 1,000 കോടിയുടെ വികസന സഹായമാണ് നല്‍കിയത്. രാഷ്ട്രീയ മാറ്റത്തിന് കേരളത്തിലും തുടക്കം കുറിച്ചുകഴിഞ്ഞു. ഇടതു-വലതു കോട്ടകളില്‍ നിന്നുപോലും ബിജെപിയിലേക്കുള്ള ഒഴുക്ക് ഇതിന്റെ തെളിവാണ്.
തിരുവാതിരകളിയുടെയും അമ്പലപ്പുഴ പാല്പ്പായസത്തിന്റെയും ചരിത്രം അറിയാത്തവരാണ് ആലപ്പുഴയില്‍ വിപ്ലവ തിരുവാതിര നടത്തിയത്. പാര്‍ട്ടി വിരുദ്ധനെന്ന് പ്രഖ്യാപിച്ച ആളെക്കൊണ്ട് സമ്മേളനത്തിന്റെ പതാക ഉയര്ത്തിക്കേണ്ട ഗതികേടിലാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി തകഴി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.ബി. ഷിബുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് നിയോജക മണ്ഡലം സെക്രട്ടറി എം.സി. ശങ്കരന്‍കുട്ടി സ്വാഗതവും ശ്രീകുമാരി നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. സോമന്, കൊട്ടാരം ഉണ്ണികൃഷ്ണന്, കുട്ടനാട് മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ എം.ടി. രമേശ് ആദരിച്ചു. കേളമംഗലത്ത് നിന്ന് പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: