മലബാറിലെ കാവുകളായ കാവുകള്‍ക്കെല്ലാം ഇത് നിദ്ര വഴി മാറി നില്ക്കുന്ന രാവിരവുകള്‍. കുരുത്തോല തോരണങ്ങള്‍ കൊണ്ടലങ്കരിച്ച, കാറ്റില്‍ കൊടികള്‍ പാറിക്കളിക്കുന്ന കാവുകളില്‍ വെള്ളാട്ടത്തിന്റെയും തിറയാട്ടത്തിന്റെയും സൗന്ദര്യം നുകരാന്‍ ഭക്തജനസഞ്ചയം ഒഴുകുകയായി.
കുംഭമാസത്തോടെ തിറ, താലപ്പൊലി ഉത്സവത്തിന്റെ തിരക്കു പിടിച്ച നാളുകളാണ് മലബാറിലെ കാവുകള്‍ക്കെല്ലാം. ചെറുതും വലുതുമായ ഒട്ടനവധി കാവുകളില്‍ തിറ, താലപ്പൊലി ഉത്സവം പൊടിപൊടിക്കുകയാണ്. തറവാട് സ്വത്തായും ദേശത്തിന്റെയായും ഉള്ള കാവുകളില്‍ കുടിയിരിക്കുന്ന ഭഗവതി, ഭദ്രകാളി, നാഗകാളി, കരിങ്കാളി, ഗുളികന്, പൊട്ടന്, പൂക്കുട്ടി, കരിങ്കുട്ടി, കുലവന്, കരുവോന്‍, കരിയാത്തന്‍, വെട്ടുമൂര്ത്തി തുടങ്ങി ഒട്ടനവധി ദേവീ ദേവന്മാരുടെയും മൂര്‍ത്തികളുടെയും വെള്ളാട്ടങ്ങളും അവയുടെ തിറകളുമായി കാവുകളുടെ രാപ്പകലുകള്‍ ഭക്തജനങ്ങളെയും ആസ്വാദകരെയും കൊണ്ട് നിറഞ്ഞിരിക്കും.
ചടുലവും രൗദ്രരൂപവുമാര്‍ന്ന കുട്ടിച്ചാത്തന് തിറയുടെ വകഭേദങ്ങളാണ് പൂങ്കുട്ടി, കരിങ്കുട്ടി തിറകള്‍. ഉച്ചയ്ക്ക് കാവുകളിലെ പ്രസാദ ഊട്ടും കഴിഞ്ഞ് കലശം വരവിന് ശേഷം വെള്ളാട്ടം കെട്ടിയാടന്‍ തുടങ്ങും. രാത്രി താലപ്പൊലിയോടെ തിറ തുടങ്ങുകയായി. ഭക്തിയുടെ ഉച്ചകോടിയില്‍ വെട്ടിത്തെളിച്ച് നിണമണിഞ്ഞ ശിരസില്‍ മഞ്ഞള്‍പ്പൊടി ചാര്‍ത്തി കോമരങ്ങള്‍ ഉറഞ്ഞുതുള്ളും. വെള്ളാട്ടത്തിന്റെയും തിറയുടെയും കോമരത്തിന്റെയും അരുളപ്പാട് വേദനിക്കുന്ന ഭക്തമനസിന് ആശ്വാസം പകരുന്നു. നേര്‍ച്ച നേര്‍ന്ന വഴിപാടുകള്‍ വിധിയാംവണ്ണം കഴിച്ച് ഉത്സവം കഴിഞ്ഞ് ഭക്തര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ തിറയാട്ട കലാകാരന്മാര് അടുത്ത കാവുകളിലേയ്ക്ക്, കൂടെ അവരുടെ ആരാധകരും.
തിറ കഴിഞ്ഞ കാവുകളില്‍ ഒരാഴ്ചക്കാലം വിളക്കും തിരിയുമില്ലാതെ അടഞ്ഞു കിടക്കും. പിന്നെ അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: