കൊച്ചി: കോഴിക്കോട്ടു നിന്ന് കോടമ്പാക്കത്തെത്തി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ ചരിത്രമാണ് എ. വിന്സെന്റിന്േറത്. നല്ലൊരു സിനിമാട്ടോഗ്രഫറാകണമെന്ന അഭിനിവേശമായിരുന്നു. പിതാവില്‍ നിന്നാണ് ഫോട്ടോഗ്രഫിയുടെ ബാലപാഠം സ്വായത്തമാക്കിയത്.
ഇന്നത്തെപ്പോലുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത, ആ ബ്ളാക്ക് ആന്‍ഡ് വൈറ്റ് കാലത്ത് കാമറ കൊണ്ട് അത്ഭുതം വിരിയിച്ച മാന്ത്രികനായിരുന്നു വിന്‍സെന്റ്. കാമറ കൈയിലേന്തിയ കൈകള്‍ക്ക് സംവിധാനവും അനായാസം വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചു. ഇന്റര്‍മീഡിയറ്റ് പഠനത്തിനു ശേഷം ജമിനി സ്റ്റുഡിയോയില്‍ സ്റ്റുഡിയോ ബോയി ആയി.
53ല്‍ ചാന്ദി റാണിയെന്ന തെലുങ്ക് സിനിമയ്ക്ക് അസിസ്റ്റന്റ് ഛായാഗ്രാഹകനായി ചലച്ചിത്രരംഗത്ത് എത്തിയ വിന്‍സെന്റ് മാഷ് 97ലാണ് അവസാനമായി കാമറ കയ്യിലെടുത്തത്, അന്നമയ എന്ന തെലുങ്ക് ചിത്രത്തിനു വേണ്ടി. ആദ്യം ഛായാഗ്രാഹണം നിര്‍വ്വഹിച്ച മലയാള ചിത്രം നീലക്കുയില്‍ (1964).
മുടിയനായ പുത്രന് (61), മൂടുപടം (63), തച്ചോളി ഒതേനന് (64), രാജമല്ലി (65), കുഞ്ഞാലി മരയ്ക്കാര്‍ ( 66), നദി (69), ദൗത്യം (88), അങ്കിള്‍ ബണ്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. അങ്കിള്‍ ബണ്‍(91) ആണ് അവസാനം ഛായാഗ്രഹണം നിര്‍വ്വഹിച്ച മലയാള ചിത്രം. 28 തെലുങ്കു ചിത്രങ്ങള്‍ക്കും ഗാന പറവൈ, ഗുരു, ഇളമൈക്കോലം, അവന് ഒരു ചരിത്രം എന്നിവയടക്കം 27 തമിഴ് ചിത്രങ്ങള്‍ക്കും പത്തോളം ഹിന്ദി ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.
പൊന്നും പൂവും, ശ്രീകൃഷ്ണപ്പരുന്ത്, കൊച്ചു തെമ്മാടി, പൗര്‍ണ്ണമി രാവില്‍, തീരം തേടുന്ന തിര, അച്ചാണി, ചെണ്ട, നഖങ്ങള്‍, ഗന്ധര്‍വ്വക്ഷേത്രം, ആഭിജാത്യം, ത്രിവേണി, അസുരവിത്ത്, തുലാഭാരം, അശ്വമേധം, മുറപ്പെണ്ണ്, ഭാര്‍ഗവീനിലയം, നഗരമേ നന്ദി, തച്ചോളി ഒതേനന്, ആനപ്പാച്ചന്, പ്രിയമുള്ള സോഫിയ, ധര്‍മ്മയുഗം, നിഴലാട്ടം, തീര്‍ഥയാത്ര, നദി തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഭാര്‍ഗവീനിലയത്തില്‍ സഹഛായാഗ്രാഹകനായും പ്രവര്‍ത്തിച്ചു. 86ല്‍ പുറത്തിറങ്ങിയ കൊച്ചുതെമ്മാടിയാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്ത ചിത്രം. ഒരു ചിത്രം നിര്‍മ്മിച്ചിട്ടുമുണ്ട്, ചെണ്ട. ഇതിന്റെ സംവിധാനവും വിന്‍സെന്റായിരുന്നു. ഒരു ത്രിഡി ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്, പൗര്‍ണ്ണമി രാവില്‍ (1985). 78ല്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് വയനാടന്‍ തമ്പാന്.
69ല്‍ ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടി. മലയാള ചലച്ചിത്രത്തിനു നല്കിയ സംഭാവന പരിഗണിച്ച് ജെസി ദാനിയേല്‍ പുരസ്ക്കാരം നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മികച്ച ഛായാഗ്രാഹകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: