കൊച്ചി: രാജാപ്പാര്‍ട്ട് വേഷങ്ങള്‍ക്കും സെറ്റുകളുടെ മായക്കാഴ്ചകള്‍ക്കും അപ്പുറം സിനിമക്ക് ഒരു സൗന്ദര്യ സങ്കല്‍പ്പമുണ്ടെന്ന് അന്ന് ഇവിടെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. മലയാള സിനിമയുടെ നടുമുറ്റത്ത് ആ പൂങ്കുയില്‍ പാട്ടും പാടി പറന്നെത്തുന്നതുവരെ.
നാടകീയത നിറഞ്ഞ സംഭാഷണങ്ങളും കൃത്രിമ സെറ്റുകളുമായി വിരസക്കാഴ്ചകളുടെ ആവര്‍ത്തനം സൃഷ്ടിച്ചുകൊണ്ടിരുന്ന അഭ്രപാളികളില്‍ ഈ കുയില്‍നാദം മാറ്റത്തിന്റെ വരവറിയിച്ചു.
പി. ഭാസ്കരന് മാഷുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നീലക്കുയില്‍ മലയാള സിനിമക്ക് സമ്മാനിച്ചത് കാഴ്ചയുടെ പുതിയ ഭാവുകത്വങ്ങള്‍ മാത്രമായിരുന്നില്ല എ.വിന്‍സെന്റ് എന്ന പുതിയ ഛായാഗ്രാഹകനെയും കൂടിയായിരുന്നു.
പ്രകൃതിയുടെ അകൃത്രിമ സൗന്ദര്യം ഒപ്പിയെടുത്ത് കാഴ്ചയുടെ വിരുന്നൊരുക്കിയതിലൂടെ വിന്‍സെന്റിന്റെ ക്യാമറ പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ പുതിയ ലോകം സമ്മാനിക്കുകയായിരുന്നു.
സിനിമയില്‍ വാതില്‍പ്പുറ കാഴ്ചകള്‍ ആദ്യമായി മലയാളി കണ്ടത് നീലക്കുയിലിലൂടെയാണ്. ഇരുകയ്യും നീട്ടിയാണ് കലാസ്വാദക ലോകം നീലക്കുയിലിനെ വരവേറ്റത്. ദേശീയ തലത്തില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ആ വര്‍ഷം നീലക്കുയിലിനായിരുന്നു.
ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍ ഭാസ്കരന് മാഷ്, സത്യന് എന്നീ ലെജന്ഡുകളോടൊപ്പം ചേര്‍ത്തു പറയേണ്ട പേരാണ് വിന്‍സെന്റ് മാഷുടേതും. പി. ഭാസ്കരന്റെ കവിത പോലെ തന്നെ സുന്ദരമായിരുന്നു ആ ചിത്രവും. കഥയും ഗാനങ്ങളും പ്രകൃതിക്കാഴ്ചകളും , കഥാപാത്രങ്ങള്ക്കൊപ്പമോ അതിലേറെയോ പ്രാധാന്യത്തോടെ പ്രേക്ഷകന്റെ മനസ്സില്‍ ചേക്കേറി. പി.ഭാസ്കരന്റെ ഗാനങ്ങളോ സത്യന്റെയും മിസ് കുമാരിയുടേയും ഭാവപ്രകടനങ്ങളോ വിന്‍സെന്റിന്റെ കാമറക്കാഴ്ചകളോ ഏതാണ് പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിച്ചത് എന്ന് പറയുക അസാധ്യം.
തൃശ്ശൂര്‍ അന്നകര പാടത്തും പരിസര പ്രദേശങ്ങളിലുമാണ് നീലക്കുയിലിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. കാര്‍ഷിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ വിന്‍സെന്റ് മാഷ് തനിമയൊട്ടും ചോരാതെ ഒപ്പിയെടുക്കുകയായിരുന്നു. അതിനായി കാമറയും ലെന്‍സുകളും സംഘടിപ്പിക്കുന്നതിന് ഏറെ പ്രയാസപ്പെട്ട കാര്യം പിന്നീട് പലപ്പോഴും അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.
അന്നകര പാടത്തെ സൂര്യോദയവും സായം സന്ധ്യകളും പലവട്ടം സ്ക്രീനില്‍ മിന്നിമാഞ്ഞു. വൈദ്യുതി വിളക്കുകളുടെ സഹായമൊന്നുമില്ലാതിരുന്ന കാലത്ത് വെയില് തിളങ്ങുന്നതും ചായുന്നതും നിലവുദിക്കുന്നതുമൊക്കെ കാത്ത് കാമറയുമായി ധ്യാനത്തിലിരുന്ന മണിക്കൂറുകള്‍ എന്നും അഭിമാനത്തോടെ ഓര്‍ത്ത് പറയുമായിരുന്നു അദ്ദേഹം.
ഞാറ്റുപാട്ടിന്റെ താളത്തില്‍ ഉഴുതുമറിച്ചിട്ട ഉര്വ്വരയായ ഭൂമിയില്‍ വിത്തു വീഴുന്നതും പിന്നെ കര്‍ഷകന്റെ കാത്തിരിപ്പ് തളിരായി ,ഇതളായി, തണ്ടായി,പൂവായി ,കായായി,കതിരായി മാറുന്നതും കാമറ അതീവ സൗന്ദര്യത്തോടെ സ്ക്രീനില്‍ കാട്ടിത്തന്നു.
ചേറിലും ചെളിയിലും പുതഞ്ഞ തങ്ങളുടെ ജീവിതത്തിന് ഇത്രയും തിളക്കവും സൗന്ദര്യവുമുണ്ടെന്ന് കര്ഷകന് വിന്‍സെന്റ് മാഷുടെ കാമറക്കണ്ണിലൂടെ തിരിച്ചറിയുകയായിരുന്നു. വിയര്‍പ്പുകൊണ്ട് മുത്ത് വിളയിച്ചെടുത്ത തങ്ങളുടെ കൃഷിഭൂമിയും പരിസരങ്ങളും അലൗകികമായ പരിവേഷത്തോടെ സ്ക്രീനില്‍ കണ്ട പലരും അത്ഭുതത്തോടെ തീയറ്ററില്‍ ഇരുന്നുപോയി. തൃശ്ശൂര്‍ക്കാരായ പലരും ഈ കാഴ്ചകള്‍ വീണ്ടും വീണ്ടും കാണാന്‍ തീയേറ്റിലെത്തി.
ഡിജിറ്റല്‍ യുഗത്തിന്റെ അനന്തമായ സാങ്കേതിക സാധ്യതകളുടെ ഇക്കാലത്ത് ഇത് വലിയ സംഭവമല്ലായിരിക്കാം. എന്നാല്‍ അറുപത് വര്‍ഷം മുന്‍പ് ടിവിയും ടെലിഫോണും ടേപ്പ് റിക്കോര്‍ഡര്‍ പോലുമില്ലാതിരുന്ന കാലത്ത് കേരളത്തില്‍ അതൊരു മഹാ സംഭവമായിരുന്നു. ജീവിതവും സിനിമയും അന്ന് വെറും ബ്ളാക്ക് ആന്റ് വൈറ്റ് കാഴ്ചകള്‍ മാത്രമായിരുന്നു. പക്ഷേ അത് മലയാള സിനിമയില്‍ മാറ്റത്തിന്റെ കാലമായിരുന്നു. ഭാവനയും ഭാവുകത്വവും നവീനതക്കായി തുടിച്ചിരുന്ന കാലം. മായക്കാഴ്ചകള്‍ക്ക് പകരം സിനിമ എന്ന രസക്കാഴ്ചയുടെ ഇത്തിരി വട്ടത്തിലേക്ക് ജീവിതം മെല്ലെമെല്ലെ കയറി വരികയായിരുന്നു.
സാഹിത്യത്തിലും മറ്റു കലാരൂപങ്ങളിലും സംഭവിച്ചുകൊണ്ടിരുന്ന പരിവര്‍ത്തനത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു അത്. കാഴ്ചയുടെ കലകൂടിയായ സിനിമയില്‍ ഈ നവഭാവുകത്വം സൃഷ്ടിക്കുന്നതിനായി ആദ്യം കണ്ണു തുറന്നത് വിന്‍സെന്റ് മാഷുടെ കാമറയായിരുന്നു. കാലത്തിനു മുന്‍പേ നടക്കുകയും കര്‍മ്മംകൊണ്ട് സ്വയം അടയാളപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭകളുടെ ഗണത്തിലാണ് വിന്‍സെന്റ് മാഷുടെ ഓര്‍മ്മകള്‍ക്ക സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: