ആലപ്പുഴ: 2003ല്‍ അടച്ചുപൂട്ടിയ കോമളപുരം സ്പിന്നിങ് മില്‍ എത്രയും വേഗം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയത്തക്കവിധമുള്ള പുനഃരുദ്ധാരണ പദ്ധതിക്ക് രൂപം നല്കാന് വിപുലമായ ആലോചനാ യോഗം കൂടുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉറപ്പു നല്‍കിയതായി യൂണിയന് നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സ്പിന്നിങ് മില്‍ വര്‍ക്കേഴ്സ് യൂണിയന് പ്രസിഡന്റ് അഡ്വ. വി. മോഹന്‍ദാസ്, സെക്രട്ടറി ടി.ആര്. ആനന്ദന്, ഭാരവാഹികളായ പി.വി. സുധാകരന്, ബി. ഗിരീഷ് എന്നിവര്‍ നല്കിയ നിവേദനത്തെ തുടര്‍ന്നാണ് ഉറപ്പു നല്‍കിയതെന്ന് യൂണിയന് ഭാരവാഹികള്‍ അറിയിച്ചു.
14 കോടി രൂപയുണ്ടെങ്കില്‍ മാത്രമേ കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കാനും ഉത്പാദനം തുടങ്ങാനും കഴിയത്തക്കവിധം വൈദ്യുതി, വെള്ളം, ഗോഡൗണ്സ ഓഫീസ് സമുച്ചയം തുടങ്ങി അത്യാവശ്യം വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിയൂവെന്ന് സ്പിന്നിങ് മില്‍ സ്പെഷ്യല്‍ ഓഫീസര്‍ ജി. മണികണ്ഠന് 2012 നവംബറില്‍ സര്‍ക്കാരിലേക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതായി മോഹന്‍ദാസ് ചൂണ്ടിക്കാട്ടി. കളക്ടര്‍ മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടിലെ എട്ടിന നിര്‍ദേശങ്ങള്‍ ഫലവത്തായി നടപ്പാക്കിയാല്‍ തൊഴിലാളികളുടെ ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് യൂണിയന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: