ബ്രിസ്ബെയ്ന്‍: ഏറെ ആവേശകരമായ മത്സരത്തില്‍ യുഎഇയെ രണ്ട് വിക്കറ്റിന് കീഴടക്കി അയര്‍ലന്റ് ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത അയര്‍ലന്റ് ഇന്നലെ യുഎഇ ഒരുക്കിയ 279 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കേയാണ് മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത യുഎഇ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് അടിച്ചുകൂട്ടി. 106 റണ്‍സ് നേടിയ പാക് സ്വദേശി ഷൈമാന്‍ അന്‍വറിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് യുഎഇയെ മികച്ച ടോട്ടലിലെത്തിച്ചത്. അന്‍വറിന് പുറമെ ഓപ്പണറായ അംജദ് അലി (45), അംജദ് ജാവേദ് (42), ഖുറാന് ഖാന് (36) എന്നിവരും മികച്ച ബാറ്റിംഗ് നടത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്റ് തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ഗാരി വില്‍സണിന്റെയും (80) കെവിന് ഒബ്രിയാന്റെയും (50) പോര്‍ട്ടര്‍ഫീല്‍ഡിന്റെയും ജോയ്സിന്റെയും (ഇരുവരും 37 റണ്‍സ്) മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് 279 റണ്‍സെടുത്ത വിജയം സ്വന്തമാക്കിയത്. ഗാരി വില്‍സണാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ അയര്‍ലന്റ് യുഎഇയെ ബാറ്റിംഗിന് അയച്ചു. ടീമിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ അംജദ് അലിയും എ.ആര്. ബെരന്‍ഗറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം യുഎല്ഇക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ 49 റണ്‍സുള്ളപ്പോള്‍ ബെരന്ഗറെ (13) സ്റ്റിര്‍ലിംഗിന്റെ പന്തില്‍ പോര്‍ട്ടര്‍ഫീല്‍ഡ് കയ്യിലൊതുക്കി. തൊട്ടുപിന്നാലെ യുഎഇയുടെ മലയാളിതാരം കൃഷ്ണചന്ദ്രന് പൂജ്യനായി സ്റ്റിര്‍ലിംഗിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയും ചെയ്തു. സ്കോര്‍ 73-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 71 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത അംജദ് അലിലെ ഒബ്രിയാന്റെ പന്തില്‍ സോറന്‍സെന്‍ പിടികൂടുകയായിരുന്നു.
തൊട്ടുപിന്നാലെ യുഎഇ ടീമിലെ മറ്റൊരു ഇന്ത്യക്കാരനായ സ്വപ്നില്‍ പട്ടീലും (2) ഒബ്രിയാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ യുഎഇ നാലിന് 78 എന്ന നിലയിലായി. പിന്നീട് സ്കോര്‍ 125-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും യുഎഇക്ക് നഷ്ടമായി. 36 റണ്‍സെടുത്ത ഖുറാം ഖാനെ ഡോക്ക്റെല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 131-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും നഷ്ടമായ യുഎഇ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചു. രണ്ട് റണ്‍സെടുത്ത റോഹന്‍ മുസ്തഫയാണ് കുസാക്കിന്റെ പന്തില്‍ വില്‍സണ്‍ ക്യാച്ച് നല്കി മടങ്ങിയത്. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഷൈമാന്‍ അന്‍വറിനൊപ്പം അംജദ് ജാവേദ് കൂട്ടുചേര്‍ന്നതോടെ യുഎഇയുടെ ശക്തമായ തിരിച്ചുവരവിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 71 പന്തില്‍ 107 റണ്‍സ്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 2003-ല്‍ വെസ്റ്റിന്‍ഡീസിന്റെ റിഡ്ലി ജേക്കബ്സും രാംനരേഷ് സര്‍വനും ചേര്‍ന്ന് നേടിയ 98 റണ്‍സിന്റ റെക്കോഡാണ് ഇവര്‍ പഴങ്കഥയാക്കിയത്. സ്കോര്‍ 238-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 35 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 42 റണ്‍സെടുത്ത അംജദ് ജാവേദിനെ സോറന്‍സെനിന്റെ പന്തില്‍ ജോയ്സ് പിടികൂടി. പിന്നീട് ഷൈമാന്‍ അന്‍വറിന്റെ ഒറ്റയാന് പോരാട്ടമായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 269 റണ്‍സ് എത്തിച്ചശേഷമാണ് ഷൈമാന്‍ പുറത്തായത്. ഇതിനിടെ താരം സെഞ്ചുറിയും പൂര്‍ത്തിയാക്കി. 79 പന്തില്‍ നിന്ന് 10 ഫോറും ഒരു സിക്സറുമടക്കമാണ് ഷൈമാന്റെ സെഞ്ചുറി. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യ സെഞ്ചുറി നേടുന്ന താരമെന്ന ബഹുമതിയും ഷൈമാന്‍ അന്‍വര്‍ ഇന്നലെ സ്വന്തമാക്കി. മുന്‍ നായകന് ഖുറാം ഖാന് ശേഷം ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ യുഎഇ താരം കൂടിയാണ് ഷൈമാന്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നേപ്പാളിനെതിരെയും ഷൈമാന്‍ സെഞ്ച്വറി (109) നേടിയിരുന്നു. ഒടുവില്‍ 83 പന്തില്‍ നിന്ന് 106 റണ്‍സ് നേടിയ ഷൈമാനെ സോറന്‍സെനിന്റെ പന്തില്‍ വില്‍സണ്‍ പിടികൂടി. പിന്നീട് അവസാന എട്ട് പന്തില്‍ നിന്ന് 7 റണ്‍സ് കൂടി എടുക്കാനേ യുഎഇക്ക് കഴിഞ്ഞുള്ളൂ. അയര്‍ലന്റിന് വേണ്ടി സോറന്‍സെന്‍, കുസാക്ക്, സ്റ്റിര്‍ലിംഗ്, ഒബ്രിയാന് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
279 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്റിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത പോള്‍ സ്റ്റിര്‍ലിംഗിനെ മഞ്ജുള ഗുരുഗെ വിക്കറ്റ് കീപ്പര്‍ സ്വപ്നില്‍ പട്ടീലിന്റെ കൈകൡലെത്തിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പോര്‍ട്ടര്‍ഫീല്‍ഡും ജോയ്സും ചേര്‍ന്ന് സ്കോര്‍ 72 റണ്‍സിലെത്തിച്ചു. ഇതിനിടെ വ്യക്തിഗത സ്കോര്‍ 16 റണ്‍സില്‍ നില്‍ക്കേ അംജദ് ജാവേദിന്റെ പന്തില്‍ ജോയ്സ് ബൗള്‍ഡായെങ്കിലും പുറത്തായില്ല. സ്റ്റമ്പില്‍ നിന്ന് ഉയര്‍ന്ന ബെയില്‍ വീണ്ടും സ്റ്റമ്പില്‍ തന്നെ കൃത്യമായി വീണതാണ് ജോയ്സിന് തുണയായത്. ഒടുവില്‍ വ്യക്തിഗത സ്കോര്‍ 37-ല്‍ എത്തിയശേഷമാണ് ജോയ്സ് അംജദ് ജാവേദിന്റെ പന്തില്‍ പട്ടീലിന് ക്യാച്ച് നല്കി മടങ്ങിയത്.
സ്കോര്‍ 94-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും 97-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും അയര്‍ലന്റിന് നഷ്ടമായി. 37 റണ്‍സെടുത്ത പോര്‍ട്ടര്‍ഫീല്‍ഡിനെ മുഹമ്മദ് തൗഖിര്‍ ബൗള്‍ഡാക്കിയപ്പോള്‍ നീല്‍ ഒബ്രിയാനെ (17) തൗഖിര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു. ഇതോടെ യുഎഇ വിജയം സ്വപ്നം കാണാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ആന്‍ഡി ബാല്‍ബിര്‍നെയും ഗാരി വില്‍സണും ചേര്‍ന്നതോടെ കളി വീണ്ടും അയര്‍ലന്റിന്റെ വരുതിയിലായി. 74 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. സ്കോര്‍ 171-ല്‍ എത്തിയപ്പോള്‍ 30 റണ്‍സെടുത്ത ബാര്ബിര്നെയെ മുഹമ്മദ് നവീദ് പുറത്താക്കിയെങ്കിലും തുടര്‍ന്നെത്തിയ കെവിന് ഒബ്രിയാന് തുടക്കത്തിലേ വെടിക്കെട്ടിന് തിരികൊളുത്തിയതോടെ കളി പൂര്‍ണമായും അയര്‍ലന്റിന്റെ കയ്യിലായി. സ്കോര്‍ 243-ല്‍ എത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 25 പന്തില്‍ നിന്ന് 8 ഫോറും രണ്ട് സിക്സറുകളുമടക്കം 50 റണ്‍സെടുത്ത ഒബ്രിയാനെ അംജദ് ജാവേദ് മുഹമ്മദ് നവീദിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ മൂണി രണ്ട് റണ്‍സിന് ജാവേദിന്റെ പന്തില്‍ അംജദ് അലിക്ക് ക്യാച്ച് നല്കി പുറത്തായി. സ്കോര്‍ 7ന് 259. പിന്നീട് വിജയത്തിന് 12 റണ്‍സ് അകലെ വച്ച് 69 പന്തുകളില്‍ നിന്ന് 9 ഫോറുകളുടെ സഹായത്തോടെ 80 റണ്‍സെടുത്ത ബില്സണും മടങ്ങിയെങ്കിലും അഞ്ച് റണ്‍സെടുത്ത കുസാക്കും 7 റണ്‍സെടുത്ത ഡോക്ക്റെല്ലും ചേര്‍ന്ന് നാല് പന്തുകള്‍ ബാക്കിനില്‍ക്കേ അയര്‍ലന്റിനെ വിജയത്തിലേക്ക് നയിച്ചു. യുഎഇക്ക് വേണ്ടി അംജദ് ജാവേദ് മൂന്നും മുഹമ്മദ് നവീദ്, മുഹമ്മദ് തൗഖിര്‍ എന്നിവര്‍ രണ്ടുവിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: