ന്യൂദല്‍ഹി:’ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ ഗതിവേഗം വര്‍ധിപ്പിച്ചുകൊണ്ട് രാജ്യത്തെ മൊബൈല്‍, ലാന്‍ഡ് ഫോണ്‍ കോള്‍ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ ടെലഫോണ്‍ അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ തീരുമാനം. ടെലികോം സര്‍വീസുകളുടെ ഇന്റര്‍ കണക്ഷന് ചാര്‍ജുകള്‍ വേണ്ടെന്നുവെയ്ക്കാനുള്ള തീരുമാനമാണ് നിരക്കുകള്‍ കുറയുന്നതിന് കാരണം.
ഒരു നെറ്റ്വര്ക്കില് നിന്നും മറ്റൊരു നെറ്റ്വര്‍ക്കിലേക്ക് കോളുകള്‍ പോകുമ്പോള്‍ ഓപ്പറേറ്ററര്ക്ക് നല്‍കേണ്ട തുകയാണ് ഇന്റര്‍ കണക്ഷന് ചാര്‍ജ്. ലാന്‍ഡ് ഫോണിന്റെ ഇന്റര്‍ കണക്ഷന് തുകയായ 20 പൈസ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ലാന്‍ഡ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന അധിക നിരക്ക് ഇല്ലാതാകും.
രാജ്യത്തെ ലാന്‍ഡ് ഫോണ്‍ ഉപയോഗം ക്രമാതീതമായി താഴ്ന്നിരുന്നു. പുതിയ തീരുമാനം ലാന്‍ഡ് ഫോണ്‍ ഉപഭോഗം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിഎസ്എന്‍എല്‍ ചെയര്മാന് അനുപം ശ്രീവാസ്തവ പറഞ്ഞു.
രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 94.39 കോടിയായപ്പോള്‍ ലാന്ഡ്ഫോണ് ഉപയോഗിക്കുന്നവര്‍ വെറും 2.7 കോടി മാത്രമാണ്. ലാന്ഡ്ഫോണ് ഉപഭോക്താക്കളില്‍ 62.71 ശതമാനം ബിഎസ്എന്‍എല്ലും 13.04 ശതമാനം എംടിഎന്‍എലും 12.55 ശതമാനം എയര്‍ടെല്ലുമാണ്. ടാറ്റ 6 ശതമാനവും റിലയന്‍സ് 4.39 ശതമാനവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: