രോഗചികിത്സകര്ക്ക് അമിത ധനസമ്പാദനം നടത്തണമെന്ന ത്വരക്കുപരി മാനവ സേവ ചെയ്യണമെന്നുള്ള ദൃഢനിശ്ചയമാണ് വേണ്ടതെന്നു കരുതുന്ന വ്യക്തിയാണ്, ഡോക്ടര്‍ വി. രാമാനന്ദ പൈ.
1946 ഡിസംബര്‍ 11ന് ദേവകി വാസുദേവ പൈ-എന്‍.വാസുദേവ പൈ ദമ്പതികളുടെ എട്ടുമക്കളില്‍ രണ്ടാമനായി ജനിച്ച് കൊച്ചിയിലെ തമ്മനത്ത് താമസിക്കുന്ന അദ്ദേഹം തിരുമല ദേവസ്വം (ടിഡി) സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിഎസ്സി സുവോളജി ബിരുദ പഠനം പൂര്‍ത്തിയാക്കിയശേഷം 1967-1973 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും എംബിബിഎസ്സും തുടര്‍ന്ന് എംഎസ്, എംഎസിഎച്ചും കരസ്ഥമാക്കി.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സ്തുത്യര്‍ഹ സേവനം നടത്തിയശേഷം 2002 ല്‍ സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചു. തുടര്‍ന്ന് എറണാകുളത്തെ സുധീന്ദ്ര മെഡിക്കല്‍ മിഷനില്‍ സേവനം നടത്തിവരികയാണദ്ദേഹം. 1983-1984 ല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സേവനത്തില്‍ തുടരവെ തന്നെ, വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ എളമക്കര, കുന്നുകര എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച സൗജന്യമെഡിക്കല്‍ ക്യാമ്പില്‍ മുഖ്യ ഡോക്ടറായും മാനവസേവകനായും മാതൃക കാണിച്ചു. അദ്ദേഹവുമായി വാ.ലക്ഷ്മണപ്രഭു നടത്തിയ അഭിമുഖത്തില്‍ നിന്നും…
ഡോക്ടര്‍, താങ്കള്‍ കഴിഞ്ഞ നാലുദശകങ്ങളായി രോഗചികിത്സാ രംഗത്തുണ്ട്. ഈ രംഗത്തുനിന്ന് മാറിക്കൊണ്ട് വിശ്രമജീവിതത്തിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നില്ലേ?
ഇല്ല. എന്റെ ശരീരവും മനസ്സും അനുവദിക്കുന്ന കാലത്തോളം രോഗചികിത്സാരംഗത്ത് ഞാന്‍ സേവനം തുടരും. എന്നെ ഡോക്ടറായി കാണുവാന്‍ ആഗ്രഹിച്ച എന്റെ അച്ഛന്റെ ഉപദേശവും അതായിരുന്നു. രോഗികള്‍ക്ക് അതുപോലെ ആരോഗ്യം കാംക്ഷിച്ചുവരുന്നവര്ക്ക് എന്നാല്‍ കഴിയുന്നത് സ്ഥായിയായ ആശ്വാസം നല്‍കുകയെന്നതാണ്. അതാണ് എന്റെ ജീവിതലക്ഷ്യം.
കാന്‍സര്‍, കിഡ്നി ഡയാലിസിസ്, കരള്‍ രോഗം, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ കൂടിക്കൂടി വരുന്ന കാലഘട്ടത്തില്‍ ആണല്ലോ നമ്മളിപ്പോള്‍. ഇതിനെക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം?
ശരിയാണ്. ഈ രോഗങ്ങള്‍ ഏറിവരികയാണ്. അതിനു ധാരാളം കാരണങ്ങളുണ്ട്. എന്നാല്‍ പേടിപ്പെടുത്തുന്ന രോഗങ്ങളില്ലാത്ത വൃദ്ധജനങ്ങള്‍ ശാരീരികമായ ഒരു അസുഖത്തിന് അടിപ്പെട്ടുവരികയാണിപ്പോള്. അതിനെക്കുറിച്ച് സംസാരിക്കുവാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
ഡോക്ടര്‍ ഉദ്ദേശിക്കുന്നത്?
എന്റെയും താങ്കളുടേയും പ്രായക്കാര്‍ അവരുടെ പാദങ്ങളുപയോഗിച്ച് ഒരസുഖമില്ലാതെ എത്ര ദൂരമാണ് നടന്നിട്ടുണ്ടാവുക. എന്നാല്‍ പലര്‍ക്കും ആ പ്രായത്തിലെത്തുന്നതിനു മുന്‍പു തന്നെ സ്വന്തം പാദങ്ങളോട് കേഴേണ്ടിവരുന്നു; ഒന്നുനില്ക്കാന്, ഒന്നു നടക്കാന്‍, ഒന്നു മടക്കാന്‍ എല്ലാത്തിനും പ്രയാസം നേരിടും.
വാര്‍ദ്ധക്യവേളയില്‍ നമ്മുടെ കാലുകള്‍ക്ക് ഈ സ്ഥിതി വരാന്‍ കാരണം. ആ സ്ഥിതി വരാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
ഇടുപ്പ് എന്ന ചക്രത്തെ താങ്ങുന്ന തുടയെല്ല്, തുടയെല്ലിനു താഴെ കാലിന്റെ എല്ല്, അതിനുതാഴെ പാദം എന്നതാണ് പാദത്തിന്റെ അല്ലെങ്കില്‍ കാലിന്റെ ഘടന. ഹിപ്, മുട്ട്, കണങ്കാല് എന്നീ സന്ധികള്‍, സന്ധികളെ ചലിപ്പിക്കുന്ന മസിലുകള്‍, അവയ്ക്ക് പോഷണം നല്കുന്ന സിരകള്‍, നിജസ്ഥിതി അറിയിക്കുന്ന ഞരമ്പുകള്‍ ഇവയെയെല്ലാം പൊതിയുന്ന തൊലി. ഇവയുടെയെല്ലാം ആരോഗ്യമാണ് പാദങ്ങളുടെ പൊതുവായ പ്രവര്‍ത്തനശേഷിയുടെ അടിത്തറ.
ഇവയുടെ സംരക്ഷണം എങ്ങനെയാണ് നടത്തേണ്ടത്? ഇതിന് ഏറെ ധനചെലവുണ്ടോ?
എല്ലുകള്‍ ബലമുള്ളവയായിരിക്കണം. ബലമുള്ളവയാകുവാന് എല്ലുകളില്‍ ആവശ്യമായ കാലസ്യം ഉണ്ടാകണം. കുറച്ചുവെയില് ദിവസേന കൊള്ളുകയാണെങ്കില്‍ ധനച്ചെലവില്ലാതെ ചെറിയ തോതില്‍ എല്ലുകള്‍ക്ക് കാത്സ്യം ലഭിക്കും.
കാത്സ്യം അടങ്ങുന്ന പാല്, മുട്ട, കാത്സ്യം ഗുളികകള്‍ എന്നിവയില്‍നിന്നും എല്ലുകള്ക്കാവശ്യമുള്ള കാത്സ്യം ലഭിക്കുന്നതാണ്. പിന്നെ നിരന്തരമായി കാലുകളുടെ ഉപയോഗത്തിലൂടെ എല്ലുകളെ ബലപ്പെടുത്താം. ഇതിലൂടെ ഓസ്റ്റിയൊപൊറോസിസ് എന്ന എല്ലിന് ബലക്ഷയത്തെ ഒരുപരിധിവരെ നിയന്ത്രിക്കുവാന്‍ സാധിക്കും. ഇനി സന്ധികളെ കുറിച്ച് വിവരിക്കാം. ഇടുപ്പ്, മുട്ട്, കണങ്കാല് എന്നിവയാണ് സന്ധികളില്‍ പെടുന്നവ.
ഇടുപ്പുസന്ധി ഒടിയാനുള്ള സാധ്യതകളേറെയാണ്. പെട്ടെന്നുള്ള വീഴ്ചയിലാണ് സാധാരണയായി ഇടുപ്പുസന്ധി ഒടിയുന്നത്. അതുകൊണ്ട് വീഴാതെ നോക്കണം. തൂക്ക കൂടുതല്‍, വീഴ്ച, കളികളില്‍ നിന്നുമുണ്ടാകുന്ന മുറിവ്, വാതം സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ എന്നിവയാണ് മുട്ടിന് പ്രശ്നമുണ്ടാക്കുന്നത്. നടത്തത്തിലെ പെട്ടെന്നുള്ള വ്യതിയാനമാണ് കണങ്കാലിന്റെ സന്ധിക്ക് ക്ഷതമേല്‍പ്പിക്കുന്നത്. ആങ്കിള്‍ സ്പ്രെയ്ന്‍ ഉണ്ടാകുന്നത് ഇങ്ങനെയാണ്. നടത്തത്തില്‍ ശ്രദ്ധ കൂടുതല്‍ നല്കിയാല് ഈ പ്രശ്നം കാര്യമായ തോതില്‍ വരാതെ നോക്കാം.
മസിലിന്റെ ആരോഗ്യത്തെക്കുറിച്ച്?
മസിലിന്റെ ആരോഗ്യമാണ് സന്ധികളിലെ തേയ്മാനം കുറയ്ക്കുന്നത്. നിരന്തരവ്യായാമത്തിലൂടെ മസിലിന്റെ ബലം കൂട്ടാനും സന്ധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സാധിക്കും. ശരീരത്തിന്റെ നിരന്തര പ്രവര്‍ത്തനത്തിന് ഊര്‍ജം ആവശ്യമാണ്. അതോടൊപ്പം ഇത്തരം പ്രവര്‍ത്തനം കൊണ്ടുണ്ടാക്കുന്ന മലിനവസ്തുക്കളെ നിര്‍മാര്‍ജനവും ചെയ്യണം. സിരകളാണ് ഈ ചുമതല ഏറ്റെടുത്തു നടത്തുന്നത്.
സിരകളുടെ ഉള്‍വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുത്തുന്നതുമായ പ്രമേഹം, പുകവലി എന്നിവയുടെ നിയന്ത്രണം തികച്ചും അത്യാവശ്യമാണ്. കാലുകളിലെ സ്പര്‍ശനശേഷി, സ്ഥാനം എന്നിവ തലച്ചോറിനെ അറിയിക്കുന്നതും തലച്ചോറില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നതും ഞരമ്പുകളാണ്. ഞരമ്പുകള്‍ ഇക്കാരണത്താല്‍ എന്നും പ്രവര്‍ത്തനക്ഷമമായിരിക്കണം.
തൊലിയെക്കുറിച്ചും ഒന്നു വിവരിക്കാമോ?
ദുര്‍ഘട പരിസ്ഥിതികളില്‍നിന്നും കാലുകളെ സംരക്ഷിക്കുന്നത് ശരീരത്തിന്റെ തൊലിയാണ്. കാല്തൊലിയില് കടന്നുകൂടുന്ന ഫംഗസ്, ബാക്ടീരിയ എന്നിവ ഇല്ലാതാക്കാന്‍ കാലുകള്‍ നിരന്തരം ശുചിയാക്കി വെക്കേണ്ടതാണ്.
പാദങ്ങള്‍ ആരോഗ്യമുള്ളതായിരിക്കുവാന് ഉത്തമങ്ങളായ ദിനചര്യകള്‍ ഏതൊക്കെയാണ്?
ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുന്നതിനുമുന്‍പ് സ്വല്‍പ്പസമയം ഇരിക്കണം. പിന്നീടാണ് എഴുന്നേല്‍ക്കേണ്ടത്. തുടര്‍ന്ന് കുറഞ്ഞത് രണ്ടുമിനിട്ടെങ്കിലും കഴിഞ്ഞു വേണം നടക്കുവാന്‍. കുളിമുറിയിലും മറ്റും പോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. പ്രായമായവര്‍ തെന്നിവീഴാന്‍ സാധ്യത ഏറെയുള്ള ഇടമെന്ന നിലയില്‍ വീട്ടിലുള്ള മറ്റ് അംഗങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം.
നടക്കുന്ന വേളയില്‍ കാഴ്ചക്കുറവോ, കേള്‍വിക്കുറവോ തോന്നുകയാണെങ്കില്‍ ആ കുറവ് പരിഹരിച്ചു വേണം റോഡിലൂടെ നടക്കുവാന്‍. യോജ്യമായ ചെരുപ്പോ ഷൂസോ ആയിരിക്കണം ധരിക്കേണ്ടത്. പാദത്തിന്റെ കീഴെ വേദനയുള്ളവര് കുഷ്യന് ചെരുപ്പ് ഉപയോഗിക്കണം. രണ്ടുകാലിലും തുല്യമര്‍ദ്ദം കൊടുത്തുവേണം നടക്കേണ്ടത്. ധൃതിയിലുള്ള നടത്തം, നടത്തത്തിനിടയില്‍ തിരിയല്‍ എന്നിവ ഒഴിവാക്കണം. ആവശ്യമെങ്കില്‍ ബലമുള്ള വടി ഉപയോഗിച്ചു നടക്കുവാന്‍ ലജ്ജിക്കരുത്.
ഇനി ഏറ്റവും ശ്രദ്ധിക്കേണ്ട ചുറ്റുപാടുകള്‍ പറയാം. ബസ്സില്‍ കയറുമ്പോള്‍, കോണിപ്പടികളിലെ കയറ്റിറക്ക വേളയില്‍, നനഞ്ഞ പ്രതലത്തിലും മഴയത്തും നടക്കുമ്പോള്‍, മിനുസ തറയില്‍ നടക്കുമ്പോളെല്ലാം പ്രായമായവര്‍ പ്രത്യേകിച്ച് നല്ല ശ്രദ്ധ കാണിക്കണം. അതുപോലെ രാത്രി കിടക്കുന്നതിനുമുമ്പ് പാദങ്ങള്‍ നന്നായി തേച്ചു കഴുകി തുടക്കണം. മുറിവുണ്ടെങ്കില്‍ വേണ്ട ഓയില്‍മെന്റോ ലോഷനോ ഉപയോഗിക്കണം.
വ്യായാമം ചെയ്യണമെന്നത് നിര്‍ബന്ധമാണോ?
വര്‍ഷങ്ങളായി വ്യായാമം ചെയ്തു ശീലമുള്ളവര്‍ അതു തുടരണം. അവര്‍ക്ക് നിന്നു വ്യായാമം ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും ഇരുന്നുള്ളതും കിടന്നുള്ളതുമായ വ്യായാമം അവര്‍ തുടരണം. ആര്‍തറൈറ്റിസ് ഇന്ഫെക്ഷന് എന്നിവയുള്ളവര്‍ നല്ല ചികിത്സക്ക് വിധേയമാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: