മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ വുമണ്‍സ് ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ പ്രസവമുറി അടച്ചുപൂട്ടിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു. അണുബാധയെത്തുടര്‍ന്നാണ് ലേബര്‍റൂം അടച്ചുപൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഡോക്ടര്‍ അവധിയെടുത്തതാണ് കാരണമെന്നാണ് ജനങ്ങളുടെ ആരോപണം.
തീരദേശമേഖലയിലെ പതിറ്റാണ്ട് പഴക്കമുള്ള ആശുപത്രിയാണ് മട്ടാഞ്ചേരി ഡബ്ല്യു ആന്റ് സി ആശുപത്രി. ലേബര്‍റൂം അടച്ചുപൂട്ടിയതോടെ പൂര്‍ണ്ണഗര്‍ഭിണികളെ മറ്റ് ആശുപത്രിയിലേക്ക് നീക്കുവാന്‍ ശ്രമവും തുടങ്ങിയിട്ടുണ്ട്. ഗര്‍ഭകാലത്ത് നടന്ന പരിശോധനയുടെ റിസള്‍ട്ടുകളും വിവരങ്ങളും നല്‍കിക്കൊണ്ടാണ് ഇവരെ മറ്റ് ചികിത്സാലയങ്ങളിലേക്ക് നീക്കുന്നത്. എന്നാല്‍ പൂര്‍ണ്ണഗര്‍ഭിണികളെ ചികിത്സിക്കാനും പ്രസവശുശ്രൂഷയ്ക്കും മറ്റ് ആശുപത്രികളോ ഡോക്ടര്‍മാരോ തയ്യാറാകുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ചില സ്വകാര്യ ആശുപത്രികള്‍ ഗര്‍ഭിണികളുടെ ചികിത്സ ഏറ്റെടുക്കുകയും കുഴപ്പംപിടിച്ച കേസുകളാണെന്ന് ചൂണ്ടിക്കാട്ടി വന്‍തുക ചികിത്സാചെലവിനത്തില്‍ ഈടാക്കുകയും ചെയ്യുന്നതായും പറയുന്നു.
അരൂര്‍, പള്ളൂരുത്തി, കുമ്പളങ്ങി, കണ്ണമാലി, ചെല്ലാനം, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളില്‍നിന്നായി നൂറുകണക്കിന് ഗര്‍ഭിണികളാണ് ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നത്. ഡബ്ല്യു ആന്റ് സി ആശുപത്രി വികസനത്തിനായി കോടികള്‍ ചെലവഴിക്കുമ്പോഴും അടിയന്തിരവും അനിവാര്യവുമായ ചികിത്സാസൗകര്യമൊരുക്കുന്നതില് അധികൃതര്‍ നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഗര്ഭിണികള്ക്കൊപ്പമെത്തുന്നവരുടെ അനധികൃത പ്രവേശനംമൂലമാണ് ലേബര്റൂമില് അണുബാധയ്ക്കിടയാകുന്ന സാഹചര്യമുണ്ടാകുന്നതെന്നും ആശുപത്രി വികസനസമിതി യോഗംചേര്‍ന്നശേഷം തുടര്‍ നടപടികളും സ്ഥിതികളും വിലയിരുത്തുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: