പമ്പാവാലി: ശബരിമല തീര്‍ത്ഥാടന പാതയായ പമ്പാവാലിയില്‍ പമ്പാനദിയുടെയും അഴുതനദി സംഗമസ്ഥലത്ത് അയ്യപ്പ വിഗ്രഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെ നദിയില്‍ കുളിക്കാനെത്തിയ സ്ത്രീകളാണ് നദിക്കരയിലെ കാടുപിടിച്ച പാറക്ക് മുകളില്‍ വിഗ്രഹം കണ്ടെത്തിയത്.
പമ്പാവാലി പുതിയ പാലത്തിന് സമീപമുള്ള ഫോറസ്റ്റ് സ്റ്റേഷനു മുന്‍വശത്തായുള്ള പമ്പാനദിയൊഴുകുന്ന വനമേഖലയുടെ ആറാട്ട് കടവ് ഭാഗത്താണ് വിഗ്രഹം കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് അഞ്ച് ഏക്കര്‍ ഭൂമിയോട് കൂടിയ അയ്യപ്പക്ഷേത്രം ഈ ഭാഗത്ത് നിലനിന്നിരുന്നതായും ഈ ഭാഗത്തിന് ആറാട്ട്കടവ് എന്ന പേര് വന്നതുപോലും ക്ഷേത്രത്തിലെ ഉത്സവ ആറാട്ട് നടന്ന സ്ഥലമായതുകൊണ്ടാണെന്നും നാട്ടുകാര്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പ് ശബരിമല തീര്‍ത്ഥാടനവേളയില്‍ അയ്യപ്പ ഭക്തന്റെ മാലവെള്ളത്തില് പോയതിനെ തുടര്‍ന്ന് പമ്പാനദിയില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഈ വിഗ്രഹം കിട്ടിയിരുന്നു. അന്ന് നാട്ടുകാര്‍ കരയില്‍വച്ച വിഗ്രഹം വീണ്ടും കാണാതാകുകയായിരുന്നു.
അയ്യപ്പവിഗ്രഹം കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് നാട്ടുകാരും വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും സ്ഥലം സന്ദര്‍ശിച്ചു. ധ്യാനനിരതനായിരിക്കുന്ന ധര്‍മ്മശാസ്താവിന്റെ വിഗ്രഹമാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് സമഗ്രഹമായ അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമല തീര്‍ത്ഥാടനപാതയായ പമ്പാവാലി മേഖലയില്‍ ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നോയെന്നും മറ്റുള്ള കാര്യങ്ങള്‍ അന്വേഷിക്കമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: