ചെട്ടികുളങ്ങര: ദേവീഭാഗവത പാരായണത്താലും കുത്തിയോട്ട പാട്ടുകളാലും മുഖരിതമായിരുന്ന കുത്തിയോട്ടഭവനങ്ങളില്‍ ഫെബ്രുവരി 22ന് പോലിവ്, 23ന് വിശ്രമദിനം ഭരണിനാളില്‍ അമ്മയുടെ തിരുമുന്പില് സമര്‍പ്പണം. ശിവരാത്രിനാളില്‍ ആരംഭിച്ച് രാത്രി പകല്‍ ഭേദമന്യേ ദേവീമന്ത്രങ്ങളാല്‍ മുഖരിതമായിരുന്ന വഴിപാട് കുത്തിയോട്ടഭവനങ്ങളില്‍ 23ന് നടക്കുന്ന പൊലിവ് ചടങ്ങുകള്‍ക്കുശേഷം അശ്വതിദിനമായ തിങ്കളാഴ്ച വിശ്രമദിനമായിട്ടാണ് ആചരിക്കുന്നത്. ഈ ദിവസമാണ് വഴുപാട് കുട്ടികളുടെ കോതുവെട്ട് എന്ന ചടങ്ങ് നടക്കുന്നത്. അമ്മയുടെ തിരുമുന്പില് സമര്‍പ്പിക്കുന്നതിനുള്ള കുട്ടികളെ സൂര്യാസ്തമയത്തിനു മുന്‍പായി പച്ചോല മെടഞ്ഞ് അതിന്മേല് ഇരുത്തി കുട്ടികളുടെ മുടിമുറിക്കുന്ന ചടങ്ങാണ് കോതുവെട്ട്.
പ്രത്യേക രീതിയില്‍ മുടിവെട്ടിയതിനുശേഷം കുട്ടിയെ വാഴയിലയില്‍ നിര്‍ത്തി മഞ്ഞള്‍ കലക്കിയ വെള്ളത്തില്‍ വേപ്പില ഇട്ട് ഇവരുടെ ദേഹത്ത് ധാര കോരുന്നു. തുടര്‍ന്ന് ബാലന്മാരെ പാള പാദുകമണിയിച്ച് മറ്റാരും കുട്ടികളെ സ്പര്‍ശിക്കാതെ വായ്ക്കുരവയുതിര്ത്ത് കുത്തിയോട്ട മണ്ഡപത്തിലേക്ക് ആനയിച്ച് അലക്കി വെളുപ്പിച്ച വെള്ളത്തുണിയില്‍ ഇരുത്തുന്നു.
തുടര്‍ന്ന് വഴുപാടുകാരനും ഭക്തരും കുട്ടികളുടെ ചുറ്റുമിരുന്ന് ദേവീസ്തുതികള്‍ പാടും.ഭരണിനാള്‍ പുലര്‍ച്ചെ കുട്ടികളെ കുളിപ്പിച്ച് ബന്ധുജനങ്ങള്‍ക്കും ഗുരുനാഥന്മാര്ക്കും ദക്ഷിണ നല്കി മുഖത്ത് ചുട്ടി കുത്തി കൈകളില്‍ കാപ്പണിയിച്ച് കഴുത്തില്‍ മണിമാലകള്‍ അണിയിച്ച് വാഴയില വാട്ടിയുടിപ്പിച്ച് കിന്നരിത്തൊപ്പികള്‍ അണിയിച്ച് കയ്യില്‍ അടയ്ക്ക കുത്തിയ കത്തിയുമായി കുത്തിയോട്ടപ്പാട്ടിന്റെയും താലപ്പൊലികളുടെയും വായ്ക്കുരവകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അമ്മയുടെ തിരുമുന്പിലേക്ക് സ്വീകരിക്കും. തിരുമുന്പിലെത്തി ചൂരല്‍ മുറിഞ്ഞതിനുശേഷം കുട്ടികളെ സ്നാനം ചെയ്യിപ്പിച്ച് വീട്ടുകാര്ക്കുകൈമാറുന്നതോടുകൂടി കുത്തിയോട്ട വഴിപാടിനു സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: