തൃശൂര്‍: തനിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ തെളിവ് നല്‍കണമെന്ന് മുന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ്. ചന്ദ്രബോസ് കൊലക്കേസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ഐജി ടി.ജെ.ജോസിന് മൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജേക്കബ് ജോബ്.
വഴി വിട്ട് ഒരാള്‍ക്കും ഒന്നും ചെയ്ത് കൊടുത്തിട്ടില്ല. തീര്‍ത്തും ഔദ്യോഗികവും തന്റെ പരിധിയില്‍ നില്ക്കുന്ന കാര്യങ്ങളിലും മാത്രമേ ഇടപെട്ടിട്ടുള്ളൂ. നിസാമുമായി തനിക്ക് ബന്ധമുണ്ടെന്നും, രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിക്കുന്നവര്‍ തെളിവ് കൂടി നല്‍കണം. ഇക്കൂട്ടര്‍ ദൈവം മുകളിലുണ്ടെന്ന് ഓര്‍ക്കണമെന്നും ജേക്കബ് ജോബ് പറഞ്ഞു.
തെളിവെടുപ്പിന് പോയ സംഘം സുഖവാസത്തിനാണ് പോയതെന്ന ആരോപണമുയര്‍ന്നപ്പോഴായിരുന്നു താന്‍ നിസാമുമായി ചര്‍ച്ച നടത്തിയത്. അനധികൃതമായി ഒന്നും ചെയ്തിട്ടില്ല. നിസാമുമായി അടച്ചിട്ട മുറിയില്‍ രഹസ്യക്കൂടികാഴ്ച നടത്തിയെന്ന് പറയുന്ന 10ന് താന്‍ ചങ്ങനാശേരിയില്‍ ഒരു പരിപാടിയിലായിരുന്നുവെന്നും ജേക്കബ് ജോബ് അറിയിച്ചു. അന്വേഷണ സംഘത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ മറുപടി താന്‍ ഐജിയോട് ബോധിപ്പിച്ചിട്ടുണ്ടെന്നും ജേക്കബ് ജോബ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: