തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ മുന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബില്‍ നിന്നും മൊഴിയെടുത്തു. നിലവില്‍ പത്തനംതിട്ട പോലീസ് കമ്മീഷണറായ ജേക്കബ് ജോബിനെ തൃശൂര്‍ റേഞ്ച് ഐജി ടി.ജെ.ജോസ് ശനിയാഴ്ച തൃശൂരിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തത്.
വൈകീട്ട് നാലിന് തുടങ്ങി ആറ് വരെ തുടര്‍ന്ന മൊഴിയെടുക്കലില്‍ അവ്യക്തവും സംശയകരവുമായ വിധത്തിലുള്ളതായിരുന്നു മറുപടിയെന്നാണ് പോലീസില്‍ നിന്ന് തന്നെ ലഭിക്കുന്ന വിവരം. ചന്ദ്രബോസ് കൊലക്കേസിലെ നാള്‍വഴികളും അന്വേഷണഘട്ടങ്ങളും ഇടപെടലുകളും ജേക്കബ് ജോബില്‍ നിന്നും ഐജി ചോദിച്ചറിഞ്ഞു.
ബംഗളൂരു, തിരുനെല്‍വേലി തെളിവെടുപ്പ് യാത്രകള്‍ എന്തിനു വേണ്ടിയായിരുന്നുവെന്നും വിശദാംശങ്ങള്‍ എന്തായിരുന്നുവെന്നും ചോദിച്ചതിന് മറുപടിയുണ്ടായില്ല. ഈ യാത്രയെ കുറിച്ചായിരുന്നു പേരാമംഗലം സ്റ്റേഷനിലെ ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ സാമ്പത്തികാരോപണമുന്നയിച്ചിരുന്നത്.
അന്വേഷണം വഴിതിരിച്ചുവിട്ട് നിസ്സാമിനെ സംരക്ഷിക്കുന്നതിന് ജേക്കബ് ജോബ് ശ്രമിച്ചതായ ആരോപണത്തില്‍ എഡിജിപി ശങ്കര്‍ റെഡിയും അന്വേഷണം നടത്തുന്നുണ്ട്. ജേക്കബ് ജോബിന്റെ ഇടപെടലും നടപടികളും സംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ചും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്്. അന്വേഷണത്തിന്റെ പ്രധാനഘട്ടത്തിനിടെ ഈ മാസം 11നാണ് ജേക്കബ് ജോബിനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയത്.
സംഭവത്തിന് ശേഷം നിസ്സാമുമായി രഹസ്യചര്‍ച്ച നടത്തിയതും ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താതിരുന്നതും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന നിസ്സാമിന്റെ ഭാര്യ അമലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാതിരുന്നതും, തെളിവെടുപ്പെന്ന പേരില്‍ ബംഗളൂരുവിലേക്കും തിരുനെല്‍വേലിയിലേക്കുമുള്ള യാത്രകളുമായിരുന്നു ആദ്യം ആരോപണമുയര്‍ത്തിയത്.
വെള്ളിയാഴ്ച അന്വേഷണ പുരോഗതി വിലയിരുത്തി എഡിജിപി ശങ്കര്‍ റെഡിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നതിനിടയില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് പണം വാങ്ങിയെന്ന കടുത്ത ആരോപണവും ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ജേക്കബ് ജോബില്‍ നിന്നും വിശദാംശങ്ങള്‍ തേടാന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി ശനിയാഴ്ച തൃശൂരിലെത്താനും നിര്‍ദ്ദേശിക്കുകയായിരുന്നു.
ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ച് നിസ്സാമിന് തോക്ക് കൈവശം വെക്കുന്നതിനുള്ള അനുമതി നല്‍കിയത് ജേക്കബ് ജോബിന്റെ അനുവാദത്തോടെയായിരുന്നുവെന്ന വിവരവും പോലീസ് തന്നെ പുറത്തു വിട്ടതോടെ കൊലക്കേസിലെ പ്രതി നിസാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്നതോടൊപ്പം, പോലീസ് സേനയുടെ മനോവീര്യം കെടുത്തുന്ന വിധത്തിലും, കേസ് ഒതുക്കാന്‍ പണം വാങ്ങിയെന്ന ആരോപണമുന്നയിച്ച് സേനയെ കളങ്കിതമാക്കിയെന്ന ഗുരുതര ആക്ഷേപമാണ് ജേക്കബ് ജോബിനെതിരെ ഉയര്‍ന്നിരിക്കുന്നത്. പോലീസ് അസോസിയേഷന് തന്നെ ജേക്കബ് ജോബിനെതിരെ പരസ്യവിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു ജേക്കബ് ജോബില്‍ നിന്നും ഐജി മൊഴിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: