വരാപ്പുഴ: വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രഭൂമി പഞ്ചായത്ത് ഭരണസമിതി കയ്യേറുന്നു. ഊരാഴ്മ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വരാപ്പുഴ തിരുമൂപ്പം ക്ഷേത്രത്തിന്റെ വലിയകുളം ഉള്‍പ്പെടുന്ന ഭൂമിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡും വരാപ്പുഴ പഞ്ചായത്തുമായി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കെയാണ് പഞ്ചായത്ത് ക്ഷേത്രകുളം നവീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള നീന്തല്‍കുളം നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നത്.
1905 ലെ ബിടിആര്‍ രേഖ പ്രകാരം നിലവിലുള്ള തര്‍ക്ക ഭൂമി ക്ഷേത്രത്തിന്റേതാണെന്നുള്ള വാദത്തില്‍ ഹൈക്കോടതി നിലവില്‍ യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ പാടില്ല എന്ന വ്യവസ്ഥയില്‍ പഞ്ചായത്തിന് സ്റ്റേ നല്‍കിയത്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് നീന്തല്‍ പരിശീലനത്തിന്റെ പേരില്‍ വീണ്ടും ക്ഷേത്രക്കുളത്തിലേക്ക് കൈകടത്തുന്നത്.
എന്നാല്‍ ഈ കുളം പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതിന് ക്ഷേത്രം മാനേജ്മെന്റിന് എതിര്‍പ്പില്ലെങ്കിലും ദേവസ്വത്തിന്റെ അനുമതിയോടെ മാത്രമേ കുളത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ക്ഷേത്രം ഭാരവാഹികള്‍ പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് പഞ്ചായത്ത് ഭരണസമിതി ക്ഷേത്രഭൂമി പഞ്ചായത്തിന്റെ പൂര്‍ണ അധീനതയില്‍ കൊണ്ടുവരാന്‍ വേണ്ടപ്പെട്ടവരെ കുടിയേറ്റി പാര്‍പ്പിക്കുകയും ചെയ്തു. ഇതുവരെ കൈയ്യേറിയിട്ടുള്ള ഭൂമിയുടെ വിവരങ്ങള്‍ പുറത്തു വരാതിരിക്കുവാനുമാണ് വികസനത്തിന്റെ പേരിലുള്ള ഈ പ്രഹസനം.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ക്ഷേത്ര ഭൂമി കൈയ്യടക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമങ്ങള്‍ക്കെതിരെ ദേവസ്വവും വിവിധ ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും സമര മുഖത്താണ്. 2005ല്‍ കൂടിയ പഞ്ചായത്ത് ഭരണ സമിതി സര്‍ക്കാര്‍ രേഖകള്‍ പോലും പരിശോധിക്കാതെ ആസ്തി രജിസ്റ്ററില്‍ പഞ്ചായത്തിന്റെതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പഞ്ചായത്തിന്റെ വാദം. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച 1905ലെ ബിടിആര്‍ രേഖയില്‍ തിരുമൂപ്പം ദേവസ്വം വക ചിറക്കുളം ആണെന്ന് വ്യക്തമാണ്. ഈ വസ്തുതകളെയെല്ലാം മറികടന്നാണ് പഞ്ചായത്ത് ഭരണസമിതി പലതവണ ക്ഷേത്ര ഭൂമി കൈയ്യടക്കാന്‍ ശ്രമിക്കുന്നത്.
4 ഏക്കര്‍ 25 സെന്റ് വരുന്ന കുളം ഉള്‍പ്പെടുന്ന ഭൂമിയില്‍ നിന്ന് 40 സെന്റ് ബിഎസ്എന്‍എല്ലിന് നല്‍കിയിട്ടുണ്ട്. ഇതിന്റെയാതൊരുവിധ രേഖകളും പഞ്ചായത്തിലോ മറ്റനുബന്ധ സ്ഥാപനങ്ങളിലോ ഇല്ല. പഞ്ചായത്ത് ഭരണസമിതിയുടെ വര്‍ഷങ്ങളായുള്ള കയ്യേറ്റം മൂലം നിലവില്‍ ക്ഷേത്ര ഭൂമി 2 ഏക്കര്‍ പോലുമില്ല.
എന്നിട്ടും പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ള പഞ്ചായത്ത് ഭരണാധികാരികള്‍ മണ്ണുമാഫിയകളുമായി ഉണ്ടാക്കിയ രഹസ്യ ഉടമ്പടി പ്രകാരം തണ്ണീര്‍ തട സംരക്ഷണ പദ്ധതിയുടെ പേരില്‍ പുനര്‍നിര്‍മ്മാണം നടത്തി. ഇതിന്റെ എസ്റ്റിമേറ്റില്‍ മണ്ണ് വാരാന്‍ അനുമതിയില്ലാതെ തന്നെ നൂറോളം ലോഡ് മണ്ണ് ഇവിടെനിന്ന് കയറ്റിവിട്ടിട്ടുണ്ട്. ഈ മണ്ണ് ലേലം ചെയ്യുന്നതിലും ക്ഷേത്രഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട് ദേവസ്വവും, വിവിധ ഹൈന്ദവ സംഘടനകളും വലിയ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: