കൊച്ചി:ഇന്ത്യയുടെ സാങ്കേതിക മേഖലയെ മുന്നില്‍നിന്നു നയിക്കുന്ന ‘ഡിജിറ്റല്‍ കേരള’മാണ് തന്റെ സ്വപ്നമെന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിനി കംപ്യൂട്ടര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്ന ‘ലേണ്‍ ടു കോഡ്’ പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുട്ടികള്‍ക്കിടയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങിനോട് താല്പര്യം വളര്‍ത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന ലേണ്‍ ടു കോഡ് പദ്ധതിയുടെ ഭാഗമായി 2500 സ്കൂള്‍ കുട്ടികള്‍ക്കാണ് റാസ്ബറി പൈ കംപ്യൂട്ടര്‍ കിറ്റുകള്‍ വിതരണം ചെയ്തത്.
ആദ്യത്തെ കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് കിറ്റ് മുഖ്യമന്ത്രി വിതരണം ചെയ്തതിനു പിന്നാലെ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു.
ലോകത്തിലാദ്യമായാണ് സ്കൂള്‍ കുട്ടികള്‍ക്ക് ഒരു സര്‍ക്കാര്‍ റാസ്ബറി പൈ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ടെക്നോപാര്‍ക്ക് ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്ററിന്റെ (ടിടിബിഐ) നേതൃത്വത്തില്‍ ഐടി അറ്റ് സ്കൂളിന്റേയും സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കിറ്റ് ലഭിച്ച സ്കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക മത്സരം സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ഇന്‍ഫോസിസ് സ്ഥാപകരിലൊരാളും സ്റ്റാര്‍ട്ടപ് വില്ലേജ് ചീഫ് മെന്ററുമായ ക്രിസ് ഗോപാലകൃഷ്ണന് അറിയിച്ചു.
അഡ്വ. വി ഡി സതീശന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വല്‍സല പ്രസന്നകുമാര്‍, ടിടിബിഐ സിഇഒ ഡോ. ജയശങ്കര്‍ പ്രസാദ്, ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി നൗഫല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. യുവജന കാര്യ മന്ത്രി പികെ ജയലക്ഷ്മി ഉള്‍പ്പെടെയുള്ള എംഎല്‍എമാരും എംപിമാരും ജില്ലാതല പരിപാടികളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: