കൊച്ചി: പാരമ്പര്യ തിരുവാതിരകളിയുടെ സംഗമം തിരുവൈരാണിക്കുളത്ത് ഇന്ന് നടക്കും. യുവജനോത്സവവേദികളിലെ മത്സരയിനം എന്നുള്ള നിലയിലും ഒരു പ്രദര്‍ശന ഇനം എന്നുള്ള നിലയിലും തനിമയും ചൈതന്യവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാരമ്പര്യ തിരുവാതിരകളിയെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ബൃഹത്തായ ശ്രമത്തിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ലഭിച്ച അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ ഉത്സവത്തിന്റെ ഭാഗമായി അഖിലകേരള പാരമ്പര്യ തിരുവാതിര മത്സരത്തില്‍ മാറ്റുരയ്ക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെ വിജയികള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ സമ്മാനവും ട്രോഫിയും നല്കുന്നു. കൂടാതെ അഖിലകേരള തിരുവാതിര ഗാനാലാപന മത്സരം, തിരുവാതിരയുടെ വിവിധ വകഭേദങ്ങളുടെ അവതരണം, ചര്‍ച്ചകള്‍, സെമിനാറുകള്‍ മറ്റ് അനുഷ്ഠാനങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഉത്സവത്തിന്റെ ഭാഗമായി അവതരിക്കപ്പെടുന്നു. സിനിമാതാരങ്ങളായ താരാകല്യാണ്‍, കെപിഎസി ലളിത തുടങ്ങിയവര്‍ ഉത്സവത്തില്‍ സംബന്ധിക്കും. തിരുവൈരാണിക്കുളം തിരുവാതിര സംഗീത അക്കാദമി, തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ്, മാതൃഭൂമി, കേരള ഫോക്കുലര്‍ അക്കാദമി, ഹെഡ്ജ് ഇക്വറ്റീസ് എന്നീ സംഘടനകള്‍ സംയുക്തമായാണ് ഉത്സവം സംഘടിപ്പിച്ചിട്ടുള്ളത്.
ഏകദേശം 500 ഓളം തിരുവാതിര കലാകാരികള്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും പങ്കെടുക്കുന്നുണ്ട്. തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവാതിരകളി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഗമം നടത്തുന്നത് തിരുവൈരാണിക്കുളത്തപ്പന്റെ തിരുവുത്സവം കൊടിയേറുന്ന ഫെബ്രുവരി 21നാണ്. ഇതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത രീതിയില്‍ ഒരുക്കിയിട്ടുള്ള രണ്ടു വേദികളിലായാണ് ഉത്സവം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: