കൊച്ചി: മൗറീഷ്യസ് തീര സംരക്ഷണ സേനയ്ക്ക് വേണ്ടി ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച് കൈമാറിയ വിവിധോദ്ദേശ്യ കപ്പലായ സിജിഎസ് ബാരകൂട പരിശീലനത്തിനായി കൊച്ചിയിലെത്തി. കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ആണ് കപ്പല്‍ നിര്‍മ്മിച്ചത്. മൗറീഷ്യസ് തീര സംരക്ഷണ സേന ഉപയോഗിക്കുന്ന ഏറ്റവും വലിയ കപ്പലാണിത്. തീര രക്ഷാ ദൗത്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിനും കപ്പല്‍ നിര്‍മ്മാണ രംഗത്ത് ഇന്ത്യയ്ക്ക് വന്‍ കുതിച്ചു ചാട്ടം നടത്തുന്നതിനും ഇത് സഹായകരമാകും.
കടല്‍കൊള്ളക്കാരെ തുരത്തല്‍, നിരീക്ഷണം, തീരസംരക്ഷണം എന്നിവയാണ് സിജിഎസ് ബാരകൂടയുടെ ദൗത്യം. രക്ഷാദൗത്യം, കള്ളക്കടത്ത് തടയല്‍, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം, മലിനീകരണ രക്ഷാ ദൗത്യം തുടങ്ങിയ മേഖലകളിലും ബാരകൂട സേവനം നല്‍കും. മള്‍ട്ടിപ്പിള്‍ റഡാറുകള്‍, സെന്‍സറുകള്‍, 30 എം എം ഇന്ത്യന്‍ നിര്‍മ്മിത തോക്ക് എന്നിവയ്ക്ക് പുറമേ ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളും ബാരകൂടയിലുണ്ട്. ഹെലികോപ്റ്റര്‍ ഓപ്പറേഷന്, സര്‍ജിക്കല്‍ രക്ഷാ ദൗത്യ സംവിധാനങ്ങളും ഇതിലുണ്ട്. 62 അംഗ നാവിക സംഘത്തില്‍ കമാണ്ടിംഗ് ഓഫീസര്‍ രജനീഷ് കുമാര്‍ ദലാല്‍ ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ നേവി ഉദേ്യാഗസ്ഥരുമുണ്ട്. മൗറീഷ്യസ് തീര രക്ഷാ സേനയ്ക്കൊപ്പം ബാരകൂടയില് ഈ രണ്ടു ഇന്ത്യന്‍ നാവിക സേനാ ഉദേ്യാഗസ്ഥരും അടുത്ത രണ്ടു വര്‍ഷം സംയുക്ത ദൗത്യത്തിന്റെ ഭാഗമാകും.
കപ്പല്‍ നിര്‍മാണ രംഗത്ത് ഇന്ത്യയ്ക്ക് വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും എന്നതിന്റെ തെളിവാണ് മൗറീഷ്യസ് തീര സേനയ്ക്ക് സമയബന്ധിതമായി കപ്പല്‍ നിര്‍മ്മിച്ച് കൈമാറാന്‍ കഴിഞ്ഞതെന്ന് സി ജി എസ് ബാരകൂട കമാണ്ടിംഗ് ഓഫീസര്‍ രജനീഷ് കുമാര്‍ ദലാല്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ പരിശീലനം പൂര്‍ത്തിയാക്കി അടുത്ത 10 ദിവസത്തിനുള്ളില്‍ മൗറീഷ്യസില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
400 കോടി രൂപയാണ് ബാരകൂടയുടെ നിര്‍മാണ ചെലവ്. മൗറീഷ്യസ് സര്‍ക്കാരിന് വേണ്ടി രണ്ടു കപ്പലുകള്‍ കൂടി ഇന്ത്യയില്‍ നിര്‍മാണ ഘട്ടത്തിലാണ്. കപ്പലിലെ ഏവിയേഷന്‍ സംഘത്തിന്റെ പരിശീലനത്തിനായാണ് കപ്പല്‍ ദക്ഷിണ നാവിക ആസ്ഥാനത്തെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 21 നാണ് കപ്പല്‍ മൗറീഷ്യക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: