മൂവാറ്റുപുഴ: കാക്കൂര്‍ കാളവയലിനോടനുബന്ധിച്ച് കാളവണ്ടിയോട്ടവും മരമടി മത്സരവും നടത്തണമെന്ന അപേക്ഷ ആര്‍ഡിഒ നിരസിച്ചു. ജെല്ലികെട്ട്, കാളവണ്ടിയോട്ടം ഉള്‍പ്പെടുയുള്ള കായികമത്സരങ്ങള്‍ വിലക്കികൊണ്ടുള്ള സുപ്രീംകോടതി ഉത്തരവും കേരള ഹൈക്കോടതിയുടെ അനുമതി പിന്‍വലിച്ചുള്ള ഉത്തരവും സംസ്ഥാന കൃഷി-മൃഗസംരക്ഷണ വകുപ്പ് ഉത്തരവും ചൂണ്ടിക്കാണിച്ച് മൃഗക്ഷേമ പ്രവര്ത്തനസംഘടനകളായ മൂവാറ്റുപുഴയിലെ ദയ സെക്രട്ടറി പി. ബി. രമേശ്കുമാറും ഇടുക്കി എസ്പിസിഎ പ്രസിഡന്റ് എം. എ. ജയചന്ദ്രനും നല്കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ ആര്‍ഡിഒ പി. എന്‍. സന്തോഷ് അപേക്ഷ നിരസിച്ചത്. കാക്കൂര്‍ കാളവയല്‍ സംഘാടകസമിതി പ്രസിഡന്റ് വത്സല ഭാസ്കരന്, ജനറല്‍ കണ്‍വീനര്‍ സനല്‍. ബി. മേനോന്, സൈബു മടക്കാലില്‍ എന്നിവരാണ് അപേക്ഷ നല്‍കിയത്.
ഇതോടെ കാളകളെ ഉപയോഗിച്ചുള്ള ഒരു മത്സരവും കാക്കൂരില്‍ നടത്താന്‍ കഴിയില്ല. കുംഭമാസത്തിലെ അശ്വതി മുതല്‍ രോഹിണി വരെയുള്ള നാളുകളില്‍ ആഘോഷിക്കുന്ന കാര്‍ഷികമേള ഈ മാസം 23മുതല്‍ 26വരെയാണ് നടക്കുന്നത്. സമാപനദിവസമാണ് കാളവണ്ടിയോട്ട മത്സരവും മരമടിയും. കഴിഞ്ഞ നവംബര്‍ 15-നാണ് സുപ്രീംകോടതി ജെല്ലികെട്ട് കേസില്‍ കാളവണ്ടിമത്സരം നിരോധിച്ച് ഉത്തരവിട്ടത്. ഇത് പ്രകാരം കരടി, കുരങ്ങ്, കടുവ, പുള്ളിപുലി, സിംഹം തുടങ്ങിയവയും ഈ ഉത്തരവിന്റെ പരിധിയില്‍ വരും. മൃഗങ്ങളെ പരിശീലിപ്പിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും അനാവശ്യമായി വേദനിപ്പിക്കുന്നതും ദുരിതത്തിലാക്കുന്നതും കുറ്റകരമാണ്.
2009മുതല്‍ മൂന്ന് വര്‍ഷം മുന്‍ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തില്‍ കാളവയലില് മത്സരം നടത്താനായില്ല. 2009ല്‍ നിരോധനം മറികടന്ന് മത്സരം നടത്താനുള്ള സംഘാടകസമിതിയുടെ നീക്കം പോലീസ് ലാത്തിച്ചാര്‍ജ്ജിലും സംഘര്‍ഷത്തിലും കലാശിച്ചിരുന്നു. തുടര്‍ന്ന് സംഘാടകര്‍ ഹൈക്കോടതിയെ സമീപച്ചതോടെ ഉപാധികളോടെ അനുമതി ലഭിക്കുകയും കഴിഞ്ഞ വര്‍ഷം വരെ മത്സരങ്ങള്‍ നടത്തുകയും ചെയ്തു.
മൂവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുന്ന കാളകള്‍ക്ക് മദ്യം നല്‍കുന്നില്ലെന്നും മത്സരത്തിനിടെ പീഡിപ്പിക്കുന്നില്ലെന്നും ഉറപ്പ് വരുത്തിയാണ് മത്സരം നടന്നിരുന്നത്. അനുമതി നിഷേധിച്ചതോടെ കുതിരവണ്ടിയോട്ട മത്സരം നടത്താനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അനുമതി വാങ്ങേണ്ടിവരും. കാളവയലിന്റെ ആവേശവും പ്രാധാന്യവും ചോരാതെ കൂടുതല്‍ പരിപാടി ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ മികച്ച 125കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക പ്രദര്‍ശനം, പുഷ്പമേള, വിളമത്സരം, വടംവലി-പക്ഷിരാജ മത്സരം, ജോഡികാള മത്സരം, മഡ്റേസ്, സാംസ്കാരികഘോഷയാത്ര, കലാപരിപാടികള്‍ എന്നിവ ആഘോഷമാക്കാനാണ് സംഘാടകസമിതി തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: