ആലപ്പുഴ: കനാലില്‍ പോള നിറഞ്ഞത് ജലയാനങ്ങളുടെ യാത്രകള്‍ ബുദ്ധിമുട്ടിലാക്കി. വാടക്കനാലില്‍ രാജീവ് ജെട്ടി മുതല്‍ ബോട്ട് ജെട്ടിവരെയുള്ള ഭാഗത്താണ് പോള ശല്യം രൂക്ഷമായത്. ഒരുമാസത്തോളമായി കനാലില്‍ പോള ശല്യം രൂക്ഷമാണ്. മോട്ടോര്‍ ബോട്ട്, ശിക്കാര എന്നിവയുടെ പങ്കയില്‍ പോള ചുറ്റുന്നതുമൂലം യാത്ര ബുദ്ധിമുട്ടിലാകുന്നു. പോളയോടൊപ്പമുള്ള പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും പങ്കയില്‍ ചുറ്റുന്നത് പതിവായി മാറിക്കഴിഞ്ഞു.
രാത്രികാലങ്ങളില്‍ കനാലിലേക്ക് തള്ളുന്ന മാലിന്യങ്ങള്‍ പോള കെട്ടിനില്ക്കുന്നതുമൂലം ഒഴുകിമാറാത്തത് രൂക്ഷ ദുര്‍ഗന്ധത്തിനു കാരണമാകുന്നു. വിനോദസഞ്ചാരികളുടെ സവാരി പ്രതീക്ഷിച്ച് കനാലില്‍ കെട്ടുന്ന മോട്ടോര്‍ ബോട്ടുകളിലെയും ശിക്കാരകളിലെയും ജീവനക്കാര്‍ മൂക്കുപൊത്തിയാണ് ഇവിടെ കഴിയുന്നത്. വിനോദസഞ്ചാരികളുടെ അവസ്ഥയും ഇതുതന്നെയാണ്. വിനോദസഞ്ചാരികളില്‍ പലരും വള്ളത്തില്‍ കയറിയശേഷം സവാരി വേണ്ടെന്നുപറഞ്ഞ് പുറത്തിറങ്ങിയ സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
മോട്ടോര്‍ ബോട്ടുകളും വലിയ ഹൗസ്ബോട്ടുകളുടെയും പങ്ക താഴെയായതിനാല്‍ പോളയുടെ ഉപദ്രവം ഇവര്‍ക്കു കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. പോള ശല്യം സംബന്ധിച്ച് അധികാരികള്‍ക്ക് ചെറുകിട ജലയാനങ്ങളിലെ ജീവനക്കാര്‍ പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. തിങ്കളാഴ്ച കനാലില്‍ പായല്വാരല് നടക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ ടൂറിസം മേഖലയിലുള്ളവര്‍ക്ക് ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: