കുന്നത്തൂര്‍: ചക്കുവള്ളി ജംഗ്ഷനിലെ പൊതുകിണര്‍ തകര്‍ത്ത സംഭവത്തില്‍ ബിജെപിയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ പഞ്ചായത്ത് തുടര്‍നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ 13നാണ് സ്വകാര്യവ്യക്തി നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് മുമ്പിലെ പൊതുകിണര്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.
സംരക്ഷണഭിത്തി തകര്‍ത്ത് കിണര്‍ നികത്താനായിരുന്നു ശ്രമം. തുടര്‍ന്ന് പ്രദേശവാസികള്‍ ഇത് തടഞ്ഞു. പോരുവഴി പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ പൊതുകിണര്‍ വേനലില്‍ പോലും വറ്റാതായതിനാല് പഞ്ചായത്തിലെ കോളനികളിലേക്ക് ഇവിടെ നിന്നും കുടിവെള്ളം എത്തിക്കാന്‍ പദ്ധതി ആവിഷ്ക്കരിച്ചിരിക്കെ ആയിരുന്നു സ്വകാര്യവ്യക്തി കിണര്‍ തകര്‍ത്തത്. തന്റെ കെട്ടിടത്തിലേക്കുള്ള വഴി തടസം നീക്കാന്‍ വേണ്ടിയാണ് കിണര്‍ തകര്‍ത്തത്.
ഈ വ്യക്തിക്കെതിരെ നടപടിയെടുക്കുവാന്‍ പഞ്ചായത്ത് മടിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. പൊതുകിണര്‍ ഉപയോഗശൂന്യമാക്കിയ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് ശൂരനാട് പോലീസിലും പഞ്ചായത്ത് അധികൃതര്‍ക്കും ബിജെപി പോരുവഴി പഞ്ചായത്ത് സമിതി പരാതി നല്കി. അതിനെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പൊതുകിണര്‍ ഏഴ് ദിവസത്തിനകം പുനര്‍നിര്‍മ്മിച്ച് നല്കാന് സ്വകാര്യവ്യക്തിക്ക് നോട്ടീസ് നല്കാന് തീരുമാനമായി.
അതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് കൈമാറും. അതിന് തയ്യാറാകാത്തപക്ഷം പഞ്ചായത്ത് മറ്റ് നിയമനടപടികള്‍ ആരംഭിക്കും. നോട്ടീസ് നല്‍കാനുള്ള തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു.
പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് പഞ്ചായത്ത് സമിതി ഭാരവാഹികളായ അനികുറുപ്പ്, കെ.സജീവ്, രാധാകൃഷ്ണന് എന്നിവര്‍ അറിയിച്ചു. എന്നാല്‍ പൊതുകിണര്‍ തന്റെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് കെട്ടിട ഉടമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: