കൊച്ചി: സംസ്ഥാനത്തെ ഐടി വിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് സ്വയം പഠിക്കാനവസരം നല്കുന്ന പുതിയ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നു. ‘ലേണ്‍ ടു കോഡ്’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. തെരെഞ്ഞെടുത്ത 2500 സ്കൂള്‍ കുട്ടികള്‍ക്ക് പദ്ധതിയുടെ ഭാഗമായി റാസ്പ്ബറി പൈ കംപ്യൂട്ടര്‍ കിറ്റുകള്‍ വിതരണം ചെയ്യും.
ഇന്ത്യയില്‍ സര്‍ക്കാര്‍തലത്തില്‍ ആദ്യത്തെ റാസ്പ്ബറി പൈ കിറ്റ് വിതരണമാണിത്. ലോകത്തിലാദ്യമായാണ് സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഒരു സര്‍ക്കാര്‍ റാസ്ബറി പൈ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ടെക്നോപാര്‍ക്ക് ടെകനോളജി ബിസിനസ് ഇന്‍ക്യുബേറ്ററിന്റെ (ടിടിബിഐ) നേതൃത്വത്തില്‍ ഐടി അറ്റ് സ്കൂളിന്റേയും സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വടക്കന്‍ പറവൂരിലെ വ്യാപാര ഭവനില്‍ നടക്കുന്ന ഉദ്ഘാടനത്തില്‍ വ്യവസായ, ഐടി വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് തുടങ്ങിവര്‍ പങ്കെടുക്കും. വിദ്യാഭ്യാസ മന്ത്രിപികെ അബ്ദുറബ്ബ് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചടങ്ങില്‍ പങ്കെടുക്കുക. ഉദ്ഘാടനചടങ്ങിനു സമാന്തരമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രോഗ്രാമിംഗ് കിറ്റുകള്‍ വിതരണം ചെയ്യും. ഐടി അറ്റ് സ്കൂള്‍ മുഖാന്തിരം പരിശീലനം നേടിയ വിദഗ്ധരുടെ പ്രോഗ്രാമിങ്ങ് ക്ലാസുകള്‍ ഉദ്ഘാടനചടങ്ങിനു ശേഷം ആരംഭിക്കും. വിക്ടേഴ്സ് ചാനലിലൂടെ പരിപാടി തത്സമയം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംപ്രേഷണം ചെയ്യും.
ലേണ്‍ ടു കോഡ് പദ്ധതിയിലൂടെ പ്രതിവര്‍ഷം 10,000 പ്രോഗ്രാമിങ്ങ് കിറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പ്രാഥമിക പരിശീലനത്തിനു ശേഷം ചിട്ടയായ പരിശീലനത്തിലൂടെയും വിലയിരുത്തലുകളിലൂടെയും മത്സരങ്ങളിലൂടെയും കുട്ടികളിലെ പ്രോഗ്രാമിങ്ങ് കഴിവുകള്‍ വളര്‍ത്തിയെടുക്കും.
ലോകത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നായി കേരളത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ലേണ്‍ ടു കോഡിനു പിന്നിലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്കു കരുത്തു പകരുന്ന പ്രധാനഘടകങ്ങളിലൊന്നാണ് ഐടി. സംസ്ഥാനത്തെ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ ചെറുപ്പത്തില്‍ തന്നെ ഐടി വിദ്യാഭ്യാസത്തോടും പുതിയ പരീക്ഷണങ്ങളോടും താത്പര്യം വളര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക്സ്, ഐസിടി മേഖലകളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ള വിദഗ്ധരെ വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ ഇന്ത്യയ്ക്ക് വ്യവസായ രംഗത്ത് കരുത്താര്ജ്ജിക്കാനാകു എന്ന് ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന് പറഞ്ഞു. കഴിവുള്ള യുവാക്കളുടെ കഠിനാധ്വാനം രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ വന്‍കിട കമ്പനികളാക്കി വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പം മാത്രമുള്ള ചെറു കംപ്യൂട്ടറുകളാണ് റാസ്പ്ബറി പൈ. ഇവ കംപ്യൂട്ടര്‍ മോണിറ്റര്‍ ടിവി തുടങ്ങിയ ഡിസ്പ്ലേ ഉപകരണങ്ങളില്‍ ഘടിപ്പിച്ച് സാധാരണ കംപ്യൂട്ടര്‍ പോലെ ഉപയോഗിക്കാം. സ്ക്രാച്ച്, പൈത്തണ്‍ എന്നീ പ്രോഗ്രാമുകള്‍ പഠിക്കുന്നതിനോടൊപ്പം ഇന്‍ര്‍നെറ്റില്‍ തെരയുന്നതിനും ഗെയിമുകളും വീഡിയോകളും പ്രവര്‍ത്തിപ്പിക്കുന്നതിനും ഈ ചെറു കംപ്യൂട്ടറുകളിലൂടെ സാധിക്കും. ബി പ്ലസ് ബോര്‍ഡ്, എന്ക്ലോഷര്, എട്ട് ജിബി എസ്ഡി കാര്‍ഡ്, എച്ച്ഡിഎംഐ കേബിള്‍, എച്ച്ഡിഎംഐവിജിഎ കേബിള്‍, യുഎസ്ബി കീബോര്‍ഡ്, യുഎസ്ബി മൗസ് എന്നിവയടങ്ങുന്ന ഒരു റാസ്ബറി പൈ കിറ്റിന് 4324 രൂപയാണ് വില.
ഒരു കോടിയിലധികം രൂപയാണ് ടിടിബിഐ കിറ്റുകള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റ് ഉപയോഗിക്കുന്നതിനുള്ള പ്രാഥമിക പരിശീലനമാണ് ആദ്യഘട്ടത്തില്‍ നല്‍കുക. ആഴത്തിലുള്ള കോഡിങ്ങ് പരിശീലനം മാര്‍ച്ചിലെ പരീക്ഷകള്‍ക്കു ശേഷം ആരംഭിക്കും. ഏപ്രില്‍ മുതല്‍ ഓരോ കുട്ടിക്കും പരിശീലകരെ നല്‍കിയാവും കംപ്യൂട്ടര്‍ പഠനം നടത്തുക.
പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി ആറു മാസം കൂടുമ്പോള്‍ വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കുട്ടികളെ ലേണ്‍ ടു കോഡില്‍ പങ്കാളികളാക്കുമെന്ന് ടിടിബിഐ സിഇഒ ഡോ ജയശങ്കര്‍ പ്രസാദ് സി പറഞ്ഞു. അവധിക്കാല ക്ലാസുകളും കോഡിങ്ങ് മത്സരങ്ങളും സംഘടിപ്പിച്ച് പദ്ധതി കൃത്യമായി മുന്നോട്ടു കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: