കോട്ടയം: ഹിന്ദു പാര്‍ലമെന്റിന്റെ ആഭിമുഖ്യത്തില്‍ ആത്മീയമഹാസമ്മേളനം 22ന് തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടക്കും. ആത്മീയകേരളം സ്വച്ഛകേരളം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് നടത്തുന്ന സമ്മേളനത്തില്‍ 100ഓളം സന്ന്യാസിശ്രേഷ്ഠന്മാരും മഠാധിപതികളും ഹിന്ദു സമുദായനേതാക്കളും പങ്കെടുക്കും. രണ്ടാം നവോത്ഥാനവിളംബരവും ഇതോടൊപ്പം നടക്കും. 22ന് രാവിലെ 6ന്് ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിയുടെ രാഷ്ട്രരക്ഷാഹോമം നടത്തി സമ്മേളനത്തിന് തുടക്കം കുറിക്കും. 10 ന് കാര്‍ത്തികതിരുനാള്‍ രവിവര്‍മരാജ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്യും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ‘ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. ഋഷിദേവ് നരേന്ദ്രന് നവോത്ഥാന പ്രഖ്യാപനവും സ്വാമി അശ്വതിതിരുനാള്‍ നയപ്രഖ്യാപനവും നടത്തും. ഹിന്ദു പാര്‍ലമെന്റിന്റെ ഈ വര്‍ഷത്തെ വിശ്വശ്രേഷ്ഠ പുരസ്കാരം ആര്.സി.സുരേഷിനും(കുവൈത്ത് ആര്.സി. ഗ്രൂപ്പ്) കര്‍മശ്രേഷ്ഠ പുരസ്കാരം ഡോ. എ.എന്‍.വിശ്വനാഥനും (ഭാരത് ഹോസ്പിറ്റല്‍) മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മാനിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ ആശംസ നേരും. കോഴിക്കോട് കശ്യാപശ്രമം ആചാര്യന് എം.ആര്. രാജേഷ് വ്യാസ പ്രൊജക്ടിന്റെ പ്രഖ്യാപനം നടത്തും. തുടര്‍ന്ന് പി. ദാസപ്പന് നായര്‍ക്കും തിരുവാര്‍പ്പ് പരമേശ്വരന് നായര്‍ക്കും ഹിന്ദു പാര്‍ലമെന്റിന്റെ പ്രത്യേക ആദരവ് നല്‍കും. ഉച്ചഭക്ഷണത്തിന് ശേഷം 2.30ന് നടക്കുന്ന ജനസഭയില്‍ അഡ്വ. പി.ആര്.ദേവദാസ് മുഖ്യാതിഥിയായിരിക്കും. ഹിന്ദു പാര്‍ലമെന്റ് പ്രസിഡന്റ് തോട്ടം നാരായണന് നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. വിവിധ ഹിന്ദുസമുദായങ്ങളുടെ 50ലേറെ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി.സുഗതന്, ദക്ഷിണമേഖലാ അദ്ധ്യക്ഷന്‍ പ്രൊഫ. എം.കൃഷ്ണന്, കെപിഎംഎസ് ജില്ലാ പ്രസിഡന്റ് എന്‍.എ.വാവ, വെള്ളാളമഹാസഭ സംസ്ഥാന ട്രഷറര്‍ വിജയന് പാറത്തോട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: