ചെട്ടികുളങ്ങര: ദേവീക്ഷേത്രത്തിലെ കുത്തിയോട്ട വഴിപാട് നടക്കുന്ന ഭവനങ്ങളിലേക്ക് ഭക്തജനപ്രവാഹം. രാവിലെ മുതല്‍ ആരംഭിക്കുന്ന ദേവീ ഭാഗവത പാരായണത്തിനും വൈകിട്ട് 6.45ന് ദീപാരാധനയ്ക്കും ശേഷമാണ് വഴിപാട് ഭവനങ്ങളില്‍ കുത്തിയോട്ടങ്ങള്‍ ആരംഭിക്കുന്നത്. നാലുമണിക്കൂറോളം നീളുന്ന കുത്തിയോട്ടം ദര്‍ശിക്കാന്‍ വിദൂര ദേശത്തുനിന്നുപോലും ഭക്തര്‍ വഴിപാട് ഭവനങ്ങളില്‍ എത്തിച്ചേരുന്നു. കുത്തിയോട്ടം ദര്‍ശിക്കുന്ന ഭക്തര്‍ ഇവിടെ തയ്യാറാക്കിയിരിക്കുന്ന ഭഗവത് പ്രസാദം കഴിക്കണമെന്നാണ് വിശ്വാസം. അതിനാല്‍ കുത്തിയോട്ട ഭവനങ്ങളില്‍ എത്തിച്ചേരുന്നവരെ സ്വീകരിച്ച് വഴിപാടുകാരന് ഭക്ഷണം നല്കുന്നു.
ചെട്ടികുളങ്ങരയിലെ കുത്തിയോട്ട വഴിപാട് ഏറെ പ്രത്യേകതയുള്ളതാണ്. വഴിപാടുകാരന് സ്വന്തം ചിലവില്‍ സ്വഭവനത്തിലോ ദേവീസാന്നിധ്യമുള്ള മറ്റ് സ്ഥലങ്ങളിലോ ആണ് ഇത് നടത്തുന്നത്. കുത്തിയോട്ട ഭവനങ്ങളില്‍ വെള്ളവിരിച്ച പന്തലിനുള്ളില്‍ കുരുത്തോല, ആലില, മാവില, വെറ്റില, അടയ്ക്ക, കമുകിന് പൂക്കുല തുടങ്ങിയവ അലങ്കാരമായി ഉപയോഗിക്കുന്നു. പാട്ടുകാരും ചുവടുകാരുമാണ് പ്രധാനമായിട്ടുള്ളത്. പാട്ടിനും ചുവടിനും പ്രത്യേകം ആശാന്മാരുമുണ്ട്. പഴയകാലത്ത് ചുട്ടിതോര്ത്തും ബനിയനുമായിരുന്നു. ഇപ്പോള്‍ തോര്‍ത്തു മാറി മുണ്ടാണ് ഉപയോഗിക്കുന്നത്. ചുവടുകാരും പാട്ടുകാരുമായി നൂറോളം പേരാണ് ഒരു കുത്തിയോട്ട സമതിയിലുള്ളത്. എല്ലാ ദിവസവും കുത്തിയോട്ടം ആരംഭിക്കുന്നതിനു മുന്‍പായി ചൂരല്‍ മുറിയുന്ന കുട്ടികളെ ആശാന്മാര് കൈക്കു പിടിച്ച് ദേവീമണ്ഡപത്തിന് അഭിമുഖമായി നാലു പാദം ചുവട് വയ്പ്പിക്കും. ഇതിനു ശേഷമാണ് മുതിര്‍ന്നവര്‍ ചുവട് ആരംഭിക്കുന്നത്.
ദേവീസ്തുതിയിലാണ് പാട്ടും ചുവടും ആരംഭിക്കുന്നത്. ആദ്യം നാലുപാദം ചുവട്, തുടര്‍ന്ന് കഥകളും കുമ്മികളും പാടും. പാട്ടിന്റെ വേഗതയ്ക്കനുസരിച്ച് ചുവടിനും വേഗത കൂടും. ഈ സമയം വഴിപാട് ഭവനങ്ങള്‍ ഭക്തിസാന്ദ്രമാകും. രാത്രി 11 വരെ കുത്തിയോട്ടം തുടരും. രേവതിനാള് വൈകിട്ട് നടക്കുന്ന പൊലിവ് (കാണിക്ക) ചടങ്ങിന് പ്രാധാന്യം ഏറെയാണ്. ഞായറാഴ്ചയാണ് പൊലിവ് ചടങ്ങ്. വഴിപാടുകാരനോടൊപ്പം ഭക്തര്‍ക്കും അമ്മയ്ക്ക് ആത്മ സമര്‍പ്പണം നടത്താനുള്ള ചടങ്ങാണിത്. അശ്വതിനാള്‍ വിശ്രമദിനമാണ്. ഭരണിനാള്‍ രാവിലെ ഘോഷയാത്രയായി വഴിപാടുകാരന് കുട്ടികളെ ദേവിയുടെ തിരുനടയില്‍ എത്തിച്ച് സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ട വഴിപാട് പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: