തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ടീം മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയികളായ മുഴുവന്‍ അംഗങ്ങള്‍ക്കും ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിഗത ഇനത്തില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന തീരുമാനം നേരത്തെ എടുത്തിരുന്നതാണ്. അതിന് പുറമേയാണ് ടീം ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് ജോലി നല്‍കുന്നത്.
102 പേരാണ് ടീം ഇനങ്ങളില്‍ സ്വര്‍ണം നേടിയത്. ഇതില്‍ 62 പേര്‍ക്ക് നിലവില്‍ സര്‍ക്കാര്‍ ജോലിയുണ്ട്. ജോലിയില്ലാത്ത 40 പേര്‍ക്കും ഉടന്‍ ജോലി നല്‍കും. വ്യക്തിഗത ഇനത്തിലെ വിജയികളില്‍ 106 പേര്‍ക്കാണ് ജോലിക്ക് അര്‍ഹതയുള്ളത്. ഇതില്‍ 60 പേര്‍ക്ക് ഇപ്പോള്‍ തന്നെ ജോലിയുണ്ട്. ബാക്കിയുള്ള 46 പേരെ ജോലിക്കായി പരിഗണിക്കും. നിലവില്‍ ജോലിയുള്ളവര്‍ക്ക് ഒരു ഗ്രേഡ് പ്രമോഷനോ അല്ലെങ്കില്‍ ഇന്‍ക്രിമെന്റോ നല്‍കും. ഇതില്‍ ഏതാണ് വേണ്ടതെന്ന് അവര്‍ക്ക് തെരഞ്ഞെടുക്കാം. ടീം ഇനത്തില്‍ വെള്ളിയും വെങ്കലവും നേടിയ അംഗങ്ങള്‍ക്ക് ജോലി നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചന നടത്തുന്നുണ്ട്. ഇതില്‍ 94 പേര്‍ക്ക് നിലവില്‍ ജോലിയുണ്ട്. ഇല്ലാത്തത് 85 പേര്‍ക്കാണ്. അവരുടെ കാര്യത്തില്‍ എന്തുസഹായം ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ടീം ഇനത്തില്‍ പങ്കെടുത്ത് സ്വര്‍ണമെഡല്‍ നേടിയഓരോ അംഗത്തിനും മൂന്നുലക്ഷം രൂപ വീതം പാരിതോഷികം നല്‍കും. വെള്ളിമെഡല്‍ ജേതാക്കള്‍ക്ക് രണ്ടുലക്ഷവും വെങ്കലം നേടിയവര്‍ക്ക് ഒരുലക്ഷം രൂപയും നല്‍കും. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ അഞ്ചുലക്ഷമാണ് പാരിതോഷികം. വെള്ളിമെഡല്‍ നേടിയവര്‍ക്ക് മൂന്നുലക്ഷവും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് രണ്ടുലക്ഷവും നല്‍കും. പരിശീലകര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുന്നത് സംബന്ധിച്ച് വിശദമായ പ്രപോസല്‍ തയാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കേരളതാരങ്ങളായ സാജന് പ്രകാശ്, എലിസബത്ത് സൂസന് കോശി, അനില്ഡോ തോമസ്, അനു രാഘവന് എന്നിവര്‍ക്ക് എല്ലാ സഹായങ്ങളും പ്രോത്സാഹനങ്ങളും സര്‍ക്കാര്‍ നല്‍കും. അവര്‍ ആവശ്യപ്പെടുന്ന പരിശീലകന്റെ സേവനം ലഭ്യമാക്കും. എവിടെ പരിശീലനം വേണമെന്ന് അറിയിച്ചാല്‍ അതിനുളള സൗകര്യങ്ങളും ചെയ്തുകൊടുക്കും.
ദേശീയ ഗെയിംസിന് വേണ്ടി നിര്‍മ്മിച്ച സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തേക്കാള്‍ വെല്ലുവിളിയാണ് ഈ സ്റ്റേഡിയങ്ങള്‍ പരിപാലിക്കുക എന്നത്. ഈ സാഹചര്യത്തില്‍ കൊല്ലത്തെ ഹോക്കി സ്റ്റേഡിയത്തിന്റെ മേല്‍നോട്ടം പോലീസിനെ ഏല്‍പ്പിക്കും. കണ്ണൂരിലെ സ്റ്റേഡിയത്തിന്റെ ചുമതല ജില്ലാ കളക്ടര്‍ക്കും നല്‍കും. ഇതൊക്കെ താല്‍ക്കാലിക സംവിധാനങ്ങളാണെന്നും സ്ഥിരമായി സ്റ്റേഡിയങ്ങളുടെ ചുമതല ആര്‍ക്കെങ്കിലും നല്‍കണമോയെന്ന കാര്യം വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേനംകുളത്ത് നിര്‍മ്മിച്ചിരിക്കുന്ന ഗെയിംസ് വില്ലേജ് പൊളിച്ചു നീക്കരുതെന്ന് വിവിധ തലങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. സിഡ്കോയുടെ കീഴിലുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ വ്യവസായ വകുപ്പ് ഉദാരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യം പരിഗണിച്ച് ഗെയിംസ് വില്ലേജ് നിലനിര്‍ത്തണമോ വേണ്ടയോ എന്നകാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കും. ഗെയിംസ് വില്ലേജ് പൊളിച്ച് പരസ്യമായി ലേലം ചെയ്യണമെന്നതായിരുന്നു ഇതുവരെയുള്ള തീരുമാനം. എന്നാല്‍ മറിച്ചൊരു സാഹചര്യമുണ്ടെങ്കില്‍ അതേക്കുറിച്ചും ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയിംസിന്റെ ഓഡിറ്റിംഗിനെക്കുറിച്ച് പ്രതിപക്ഷത്തിന് പരാതിയുണ്ടല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഏതായാലും ഞങ്ങള്‍ വീക്ഷണത്തിന്റെ ഓഡിറ്ററെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 1987ല്‍ നടന്ന ദേശീയ ഗെയിംസിന്റെ ഓഡിറ്റിംഗ് നടത്തിയത് ദേശാഭിമാനിയുടെ ഓഡിറ്ററായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: