ആലപ്പുഴ: കരുമാടി-പടഹാരം-പത്തില്‍പാലം തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ബന്ധപ്പെട്ട അധികാരികളോട് നിരവധിതവണ അഭ്യര്‍ത്ഥിച്ചിട്ടും പരിഹാരമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കലാ-സാംസ്കാരിക സംഘടനകളായ ടാഗോര്‍ കലാകേന്ദ്രം, എല്ലോറ സാംസ്കാരിക വേദി, ജയകേരള, നവയുവദര്ശന, കരുമാടിക്കുട്ടന്‍സ് എന്നീ സംഘടനകള്‍ ഒന്നിച്ച് ചേര്‍ന്ന് കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിച്ചു.
കരുമാടി മുതല്‍ പത്തില്‍പ്പാലം വരെയുള്ള റോഡ് മൂന്ന് ഡിവിഷനില്പ്പെട്ടതാണ്. കരുമാടി സ്കൂള്‍ വരെയുള്ള ഭാഗം പിഡബ്ല്യുഡി, സ്കൂള്‍ മുതല്‍ പടഹാരം വരെയുള്ള ഭാഗം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലും പടഹാരം മുതല്‍ പത്തില്‍പ്പാലം വരെയുള്ള ഭാഗം ചമ്പക്കുളം ബ്ലോക്കിന്റെ അധീനതയിലുമാണ്. വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നിട്ടില്ല. പ്രദേശവാസികളുടെ സഞ്ചാരമാര്‍ഗമായ ആലപ്പുഴ-പടഹാരം ബസ് സര്‍വീസ് പോലും റോഡിന്റെ ശോച്യാവസ്ഥയെ തുടര്‍ന്ന് ട്രിപ്പ് വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
തകഴി ജങ്ഷന് സമീപമുള്ള റെയില്‍വേ ക്രോസ് അടച്ചിടുന്ന സമയങ്ങളില്‍ പ്രധാന റോഡായ തകഴിയില്‍ നിന്നും കരുമാടിയിലെത്താനുള്ള ഏകമാര്‍ഗമാണ് ഈ റോഡ്. മാര്‍ച്ച് 15ന് മുമ്പായി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്ത പക്ഷം ഏപ്രില്‍ ഒന്ന് മുതല്‍ കരുമാടി ജങ്ഷനില്‍ അനിശ്ചിതകാല സമരം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: