മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കൊടിയിറങ്ങി. പ്രതീക്ഷിച്ച പോലെ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കിലും മെഡല്‍വേട്ടയില്‍ എക്കാലത്തെയും മികച്ച പ്രകടനത്തിലൂടെ കേരളം 54 സ്വര്‍ണ്ണങ്ങള്‍ക്ക് അവകാശികളായി മാറുകയും ചെയ്തു. എന്നാല്‍ ഓവറോള്‍ ചാമ്പ്യന്മാരായ സര്‍വ്വീസസിനെ വെല്ലുവിളിക്കാനുള്ള കരുത്ത് കേരളമുള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും ഉണ്ടായിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ ട്രാക്ക് ആന്റ് ഫീല്‍ഡില്‍ കേരളത്തെ വെല്ലുവിളിക്കാന്‍ മറ്റുള്ളവര്‍ക്കൊന്നും കഴിഞ്ഞതുമില്ല. പ്രതേ്യകിച്ചും വനിതാതാരങ്ങളെ.
കേരളം നേടിയ 54 സ്വര്‍ണ്ണങ്ങളില്‍ സിംഹഭാഗവും നേടിയത് വനിതകളാണ്. അത്ലറ്റിക്സിലും സൈക്ലിംഗിലും തുഴച്ചിലിലും കനോയിങ് ആന്റ് കയാക്കിങ്ങിലും ഷൂട്ടിംഗിലും ബാഡ്മിന്റണിലും മറ്റ് മറ്റുനാട്ടുകാരുടെ കരുത്തില്‍ ബോക്സിംഗില്‍ പോലും കേരളം മികച്ച പ്രകടനം നടത്തി. എന്നാല്‍ നീന്തല്‍ക്കുളത്തില്‍ കേരളം നേടിയ എട്ട് സ്വര്‍ണ്ണങ്ങളില്‍ ഏഴെണ്ണത്തിനും അവകാശികളായത് പുരുഷന്മാരാണ്. ആറ് സ്വര്‍ണ്ണമടക്കം 9 മെഡലുകള്‍ നേടിയ സാജന് പ്രകാശാണ് നീന്തല്‍ക്കുളത്തിലെ സ്വര്‍ണ്ണമത്സ്യം. ഡൈവിംഗില്‍ കേരളത്തിനായി ഇറങ്ങിയ മഹാരാഷ്ട്രതാരം സിദ്ധാര്‍ത്ഥ് പര്ദേശായിയും പൊന്നണിഞ്ഞപ്പോള്‍ വനിതകളുടെ സംഭാവന വാട്ടര്‍പോളോയിലെ സ്വര്‍ണ്ണം മാത്രം.
അത്ലറ്റിക്സില് കേരളം നേടിയ 13 സ്വര്‍ണ്ണത്തില്‍ മൂന്നെണ്ണമൊഴികെ മറ്റെല്ലാം നേടിയത് വനിതകളാണ്. 5000 മീറ്ററിലും 10,000 മീറ്ററിലും റെക്കോര്‍ഡ് സ്വര്‍ണ്ണമണിഞ്ഞ് ഒ.പി. ജെയ്ഷ അത്ലറ്റിക്സിലെ സൂപ്പര്‍താരമായി. കേരള ക്യാപ്റ്റന്‍ പ്രീജ ശ്രീധരന് 5000 മീറ്ററില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും 10000 മീറ്ററില്‍ വെള്ളിയണിഞ്ഞ് ട്രാക്കിനോട് വിടപറയുന്നതിനും ട്രാക്ക് സാക്ഷ്യം വഹിച്ചു. 30 കഴിഞ്ഞ ജെയ്ഷയാവട്ടെ പതിയെ മാരത്തണ്‍ കളത്തിലേക്ക് ട്രാക്കു മാറ്റി ചവിട്ടുകയാണ്. 800 മീറ്ററില്‍ വെങ്കലം നേടിയ സിനി എ. മാര്‍ക്കോസിന്റെയും അവസാന മീറ്റായിരുന്നു.
കേരളം രാജ്യത്തിനു സംഭാവന ചെയ്ത ഏറ്റവും മികച്ച ദീര്‍ഘദൂര ഓട്ടക്കാരിയായ പ്രീജ ഇടുക്കി ജില്ലയിലെ രാജാക്കാടിനടുത്തുള്ള മുല്ലക്കാനത്ത് നടുവിലാത്ത് രമണിയുടെയും ശ്രീധരന്റെയും മകളായി 1982 മാര്‍ച്ച് 13നാണ് ജനിച്ചത്. പിതാവ് ചെറുപ്പത്തിലേ മരിച്ചു. പ്രീജ പ്രാഥമിക വിദ്യാഭ്യാസം നേടിയ രാജാക്കാട് ഗവ. ഹൈസ്കൂളിലെ കായികാധ്യാപകനായിരുന്ന രണേന്ദ്രനാണ് പ്രീജയിലെ കായിക മികവ് കണ്ടെത്തിയത്. പാലാ അല്‍ഫോന്‍സ കോളജിലെ പഠനകാലത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചതിലൂടെ രാജ്യന്തര കായികതാരമായി പ്രീജ വളരുകയായിരുന്നു.
ഇന്റര്‍ യൂണിവേഴ്സിറ്റി മീറ്റ്, ഏഷ്യന്‍ ക്രോസ് കണ്ട്രി ചാമ്പ്യന്‍ഷിപ്പ്, സാഫ് ഗെയിംസ് എന്നിവയില്‍ നിരവധി മെഡലുകള്‍ സ്വന്തമാക്കിയ പ്രീജ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ 31. മിനിട്ട് 50.47 സെക്കന്റില്‍ സ്വര്‍ണമണിഞ്ഞു. ഈ മത്സരത്തില്‍ തന്റെ പേരിലുള്ള 32.04.41 സെക്കന്റിന്റെ ദേശീയ റെക്കോര്‍ഡ് തിരുത്താനും പ്രീജയ്ക്കു കഴിഞ്ഞു. 2011ലെ അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ പ്രീജ ശ്രീധരന് പാലക്കാട് റെയില്‍വേ ഡിവിഷന് ഓഫിസില്‍ ഹെഡ്ക്ലാര്‍ക്കായി ജോലി ചെയ്തു വരികയാണ്.
400 മീറ്ററില്‍ അനില്‍ഡ തോമസും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനു രാഘവനും വി.വി. ജിഷയും 200-ല്‍ വി. ശാന്തിനിയും ലോങ്ജമ്പില്‍ വി. നീനയും ട്രിപ്പിള്‍ജമ്പില്‍ ഷീനയും പോള്‍വോള്‍ട്ടില്‍ വെള്ളി നേടിയ സി. ദിജയും പ്രതീക്ഷകള്‍ നല്കുന്ന താരങ്ങളാണെങ്കിലും ദീര്‍ഘ ദൂരത്തില്‍ പുതിയ താരങ്ങളുടെ പിറവിക്കും ട്രാക്ക് സാക്ഷ്യം വഹിച്ചില്ല എന്നതും എടുത്തുപറയേണ്ടതാണ്.
പ്രീജ ശ്രീധരനും ഒ.പി. ജെയ്ഷക്കും ശേഷം ആര് എന്ന ചോദ്യം ഇന്നും അവശേഷിച്ചുകിടക്കുകയാണ്. 800 മീറ്ററില്‍ ടിന്റുവിന് എതിരുണ്ടായില്ല. മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചെങ്കിലും ദേശീയ റെക്കോര്‍ഡിനേക്കാള്‍ എത്രയോ അധികമായിരുന്നു ടിന്റുവിന്റെ സമയം. എന്നാല്‍ ലോങ്ജമ്പിലും ട്രിപ്പിള്‍ജമ്പിലും എം.എ. പ്രജുഷയ്ക്കേറ്റ തിരിച്ചടി ഏറെ ചിന്തിപ്പിക്കുന്നതാണ്. തമിഴ്നാടിന് വേണ്ടി മത്സരിക്കാനിറങ്ങി പോള്‍വോള്‍ട്ടില്‍ റെക്കോര്‍ഡോടെ പൊന്നണിഞ്ഞ എസ്. സുരേഖ ഭാരതത്തില്‍ തനിക്ക് എതിരാളികളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
ഷൂട്ടിംഗില്‍ ഇരട്ട സ്വര്‍ണ്ണം നേടിയ എലിസബത്ത് സൂസന് കോശിയുടെ പ്രകടനം ഏറെ പ്രതീക്ഷയുണര്‍ത്തുന്നു. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തിലും 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലും പൊന്നണിഞ്ഞാണ് എലിസബത്ത് ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കിയത്. ദേശീയ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് ഷൂട്ടിംഗില്‍ മലയാളി താരം സ്വര്‍ണ്ണം നേടുന്നത്. രാജ്യാന്തര താരങ്ങളായ അഞ്ജലി ഭഗവതിനെയും തേജസ്വിനി സിംഗ് സാവന്തിനെയും പിന്തള്ളിയാണ് ദേശീയ ഗെയിംസിന്റെ സുവര്‍ണ്ണ സിംഹാസനത്തില്‍ എലിസബത്തെന്ന ഇടുക്കിയുടെ വേട്ടക്കാരി ഇടംപിടിച്ചത്. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ മൂന്നാം വര്‍ഷ സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിനിയായ എലിസബത്ത് സൂസന് കോശി തൊടുപുഴ മലങ്കര പ്ലാന്റേഷനില്‍ മാനേജരായിരുന്ന കൊല്ലം ചേരില്‍ കോശി എബ്രഹാമിന്റെയും അനിയുടെയും മൂന്നു മക്കളില്‍ ഇളയപുത്രിയാണ്.
സൈക്ലിംഗില്‍ നാല് സ്വര്‍ണ്ണവും ഒരു വെങ്കലവും നേടിയ മഹിതാമോഹന്‍, രണ്ട് സ്വര്‍ണ്ണവും ഝരു വെള്ളിയും നേടിയ കെസിയ വര്‍ഗ്ഗീസ്, രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിയും നേടിയ വി. രജനി, അഞ്ജിത, ബിസ്മി തുടങ്ങിയവരും തുഴച്ചലില്‍ നിമ്മി, താരാ കുര്യന്, ഹണി, ഡിറ്റി മോള് വര്‍ഗ്ഗീസ്, കനോയിങ് ആന്റ് കയാക്കിങ്ങില്‍ ബെറ്റി ജോസഫ്, അനുഷ ബിജു, എസ്. ശില്പ, മിനിമോള്‍ കുട്ടപ്പന് തുടങ്ങിയവരും ഭാവിയുടെ വാഗ്ദാനങ്ങളാണ്. ബോക്സിംഗില്‍ കേരളത്തിനായി സ്വര്‍ണ്ണമണിഞ്ഞ മണിപ്പൂരി താരം മീനാകുമാരി, വെങ്കലം നേടിയ മലയാളികളുടെ സ്വന്തം അല്‍ഫോണ്‍സ മരിയതോമസ്, വനിതാ വോളിയിലും ബാസ്ക്കറ്റ് ബോളിലും പൊന്നണിഞ്ഞ മലയാളി പെണ്‍കൊടികള്‍, ആദ്യമായി ഏര്‍പ്പെടുത്തിയ ബീച്ച് വോളിയില്‍ ഷഹാന. കെ, അശ്വതി. ഇ, തായ്ക്വാണ്ടോയില് വി. രേഷ്മ, മാര്‍ഗരറ്റ് മരിയ, ബാഡ്മിന്റണിലെ ദേശീയ ചാമ്പ്യനും ഒന്നാം സീഡുമായ പി.സി. തുളസി എന്നിവരും കേരളത്തിന്റെ അഭിമാനമായി മാറി.
ഫെന്‍സിംഗിലും കേരളം അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കിയത്. വനിതകളുടെ സബ്രെ സിംഗിള്‍സില്‍ ഭവാനി ദേവി, ടീം ഇനത്തില്‍ ഭവാനി ദേവി, ജോസ്ന ക്രിസ്റ്റി, വി. ഡെന്‍സി, ഗനഹ ഖരെ വനിതകളുടെ എപ്പിയില്‍ വി.പി. ദില്‍ന, ടീം ഇനത്തില്‍ സ്റ്റെഫിത, അമ്പിളി, അശ്വതി രാജ് തുടങ്ങിയവരും സംസ്ഥാനത്തിനായി പൊന്നണിഞ്ഞു.
ജിംനാസ്റ്റിക്സില്‍ അഞ്ച് സ്വര്‍ണ്ണം നേടിയ ത്രിപുരയുടെ ദീപ കര്‍മാക്കര്‍, നീന്തല്‍ക്കുളത്തില്‍ വിസ്മയം സൃഷ്ടിച്ച് അഞ്ച് സ്വര്‍ണ്ണവും ഒരു വെള്ളിയും സ്വന്തമാക്കിയ മഹാരാഷ്ട്രയുടെ ആകാംക്ഷ വോറ, നാല് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയ അദിതി ധുമാത്കര്, മധ്യപ്രദേശിന്റെ അന്താരാഷ്ട്ര താരം റിച്ച മിശ്ര തുടങ്ങിയവരും ഉജ്ജ്വല പ്രകടനമാണ് നീന്തല്‍ക്കുളത്തില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: