പള്ളിയറ രാമേട്ടന് സപ്തതി നിറവിലാണ്. ഇന്ന് അദ്ദേഹത്തിന് 70 വയസ്സ് തികയുന്നു. വയനാട്ടില്‍ ആദ്യമായാണ് ഒരു വനവാസി നേതാവിന്റെ സപ്തതി ആഘോഷം നടക്കുന്നത്. അതും സ്വന്തം നാട്ടുകാര്‍ ആഘോഷിക്കുന്നതിന്റെ ആദരം ഒന്നുവേറെതന്നെ. പള്ളിയറ എന്ന വാക്കിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നതായിരുന്നു ഞായറാഴ്ച്ച നടന്ന നാട്ടുകാരുടെയും വനവാസികളുടെയും ആദരം. സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ ആഘോഷത്തിനായി കണിയാമ്പറ്റയിലെത്തി.
പേരുപോലെതന്നെ പ്രൗഢിയിലാണ് പള്ളിയറ തറവാടും. നാലുകെട്ടിന്റെ ഒരുഭാഗത്താണ് പത്തായപ്പുര. നിറഞ്ഞ്കവിയുന്ന നെല്ലറതന്നെയായിരുന്നു പത്തായപ്പുരയുടെ പ്രൗഢിയും. കൂട്ടകുടുംബ വ്യവസ്ഥിതി മാറിയതോടെ പത്തായപ്പുര അപ്രസക്തമാണെങ്കിലും ഗോത്രപാരമ്പര്യമനുസരിച്ച് രാമേട്ടനും കുടുംബവും ഇന്നും പത്തായപ്പുര പരിപാലിച്ചുവരുന്നു.
കര്ഷകന്, എഴുത്തുകാരന്, പോരാളി
വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷനായ രാമേട്ടന് സംസ്ഥാനത്തെ വനവാസികളുടെ അനിഷേധ്യശബ്ദമാണ്. 1970 കളിലെ ആദിവാസി സമരങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രസാധകനും രാമേട്ടന്തന്നെ. മുന്‍കാല ആദിവാസി സമരങ്ങളിലേക്ക് വെളിച്ചംവീശുന്ന ഒരു മഹത്ഗ്രന്ഥം തന്നെയാണിത്. വനവാസി സമരങ്ങളെകുറിച്ച് പഠിക്കാന്‍ റഫറന്‍സായി പുതുതലമുറ പുസ്തകം ഉപയോഗിച്ച്വരുന്നു.
കഴിഞ്ഞ 45 വര്‍ഷത്തെ നിസ്വാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനം രാമേട്ടനെ ജനപ്രിയ നായകനാക്കി. തീര്‍ച്ചയായും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ജാനകിയേട്ടത്തിക്ക് ഇതിലുള്ള പങ്ക് കുറച്ചുകാണാവുന്നതല്ല.
1970 കളില്‍ ജനസംഘത്തിലൂടെയാണ് രാമേട്ടന് മുഖ്യധാരയിലെത്തുന്നത്. നാനാവിഭാഗത്തിലേയും വനവാസികളെ കോര്‍ത്തിണക്കിയതിലൂടെ രാമേട്ടന് സ്വന്തം തറവാടുകളില്‍ നിന്നും അതിരൂക്ഷമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.
പള്ളിയറ കുടുംബക്ഷേത്രോത്സവങ്ങളില് ഇതര ആദിവാസി വിഭാഗങ്ങള്‍ പങ്കെടുത്തിരുന്നതും തറവാട്ട് കാരണവന്മാരുടെ എതിര്‍പ്പിന് കാരണമായി. തന്റെ ആശയങ്ങള്‍ ഇവരെ ബോധ്യപ്പെടുത്താന്‍ അദേഹത്തിന് നന്നേ പാടുപെടേണ്ടിവന്നു.
വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനും അവരുടെ പേരില്‍ കള്ളക്കേസുണ്ടാക്കി ജയിലിലടയ്ക്കുന്നത് തടയുന്നതിനും രാമേട്ടന് സംഘടനയിലൂന്നി സമരങ്ങള്ത്തന്നെ നടത്തി. തോക്കും തീ തുപ്പുന്ന പീരങ്കികളുമായി കടന്നുവന്ന ബ്രിട്ടീഷ് സേനയെ കിടുകിടാ വിറപ്പിച്ച പരമ്പരാഗതമായ അമ്പും വില്ലുമേന്തിയ, പടയാളികളുടെ രാജാവായ പഴശ്ശിരാജാവിനും പടത്തലവന്മാരായ തലക്കര ചന്തുവിനും എടച്ചന കുങ്കനും സ്മാരകം നിര്‍മ്മിക്കുന്നതിനുവേണ്ടി നടത്തിയ സമരം ഐതിഹാസികമായി.
രാമേട്ടന്റെ നേതൃത്വത്തില്‍ 1985ല്‍ ഇഷ്ടികയും മണലും സിമന്റുമായി ആദിവാസികള്‍ മാനന്തവാടിയിലേക്ക് മാര്‍ച്ച് നടത്തുകയും പഴശ്ശികുടീരം പിടിച്ചെടുത്ത് സ്മാരകം നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി.
ഗത്യന്തരമില്ലാതെവന്ന ഭരണാധികാരികള്‍ സമരക്കാര്‍ക്കുമുന്നില്‍ മുട്ടുമടക്കുകയും പഴശ്ശിരാജാവിന് ഉചിതമായ സ്മാരകം നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ തീരുമാനം നടപ്പിലാക്കാന്‍ വേണ്ടി ആദിവാസികള്‍ക്ക് വീണ്ടും സമരങ്ങള്‍ നടത്തേണ്ടിവന്നു. ഇത്തരം സമരങ്ങളിലും രാമേട്ടന് എന്നും മുന്‍ നിരയില്‍തന്നെ.
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കോല്‍പ്പാറ കാട്ടുനായ്ക്ക കോളനി വെങ്ങപ്പള്ളി കുറിച്ച്യ കോളനി, കാഞ്ഞിരങ്ങാട്, എടവക, പള്ളിക്കുന്ന്, പുല്ലോറ കോളനികളിലെ ഭൂസമരങ്ങളും രാമേട്ടനെന്ന വനവാസി സംഘാടകനെ ശ്രദ്ധേയനാക്കി.
തലക്കര ചന്തുവിന് പനമരത്ത് ചെറുതായെങ്കിലും സ്മാരകമുയര്ത്താനായി എന്ന കാര്യത്തില്‍ രാമേട്ടന് അഭിമാനിക്കാം. ചന്തുവിന്റെ പേരില്‍ സൈനിക സ്കൂള്‍ തുടങ്ങുക തുടങ്ങിയ നിരവധി ആവശ്യങ്ങളുമായി വനവാസി വികാസ കേന്ദ്രം ഇന്നും സമരമുഖത്തുതന്നെ. കുങ്കന് സ്മാരകം നിര്‍മിക്കാനുള്ള സമരപരമ്പരകളും വനവാസി വികാസകേന്ദ്രം ഏറ്റെടുത്തുകഴിഞ്ഞു.
സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക്
1965 ല്‍ പത്താംതരം കഴിഞ്ഞ രാമേട്ടന് ബത്തേരി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസില്‍ ക്ലാര്‍ക്കായി നിയമനം ലഭിച്ചു. എന്നാല്‍ തറവാട്ടിലെ കൃഷിയിടങ്ങള്‍ നോക്കിനടത്തേണ്ടിവന്നതിനാല് സര്‍ക്കാര്‍ ജോലി അദ്ദേഹം വേണ്ടെന്നുവെച്ചു.
പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായ അദ്ദേഹത്തെ തേടി ഇക്കൊല്ലത്തെ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകജ്യോതി പുരസ്ക്കാരമെത്തി. പൈതൃക വിത്തിനങ്ങള്‍ സംരക്ഷിച്ച് ജൈവകൃഷി അവലംബിച്ചതിന്റെ സാക്ഷ്യപത്രം കൂടിയായിരുന്നു സര്‍ക്കാരിന്റെ അംഗീകാരം.
ഗന്ധകശാല, ജീരകശാല, ചോമാല, ചെന്നെല്ല്, തൊണ്ടി, വെളിയന്‍ തുടങ്ങിയ വിത്തിനങ്ങളാണ് നെല്‍കൃഷിക്കായി ഉപയോഗിച്ചുവരുന്നത്. അന്യംവന്ന വിത്തിനങ്ങള്‍ ഇന്നും പള്ളിയറ തറവാട്ടില്‍ സുഭദ്രം. അതികാലത്തെഴുന്നേറ്റ് പാടത്ത് ജോലി ചെയ്യുന്നതിലൂടെയാണ് രാമേട്ടനിലെ കര്ഷകന് ഉണരുന്നത്. പുത്തൂര്‍വയല്‍ സ്വാമിനാഥന് ഗവേഷണനിലയത്തിന്റെ ഡയറക്ടര്‍ കൂടിയാണ് രാമേട്ടന്.
1979 ല്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സീറ്റില്‍ മത്സരിച്ചായിരുന്നു ജയം. മാനന്തവാടി , കല്‍പ്പറ്റ, ബത്തേരി അസംബ്ലി മണ്ഡലങ്ങളിലും മത്സരിച്ചിട്ടുണ്ട്.
1989ല്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലും മത്സരിച്ചു. കണിയാമ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാമേട്ടന്റെ വ്യക്തി പ്രഭാവം മനസിലാക്കിയ കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത് സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു രാമേട്ടന്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ സംസ്ഥാന മന്ത്രിപദത്തില്തന്നെ അദ്ദേഹം എത്തുമായിരുന്നു.
രാമേട്ടന്റെ വ്യക്തിപ്രഭാവത്തെ എതിര് പാര്‍ട്ടിക്കാര്‍പോലും ആദരിക്കുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് മുന്‍ എംഎല്‍എയും എകെഎസ് സംസ്ഥാന പ്രസിഡന്റുമായ കെ.സി.കുഞ്ഞിരാമന്റെ വാക്കുകള്‍ .വയനാട്ടില്‍ വരേണ്ണ്യ വര്‍ഗ്ഗം മാത്രം സപ്തതി ആഘോഷിക്കുന്നസമയത്ത് ഒരു ആദിവാസിനേതാവിന്റെ സപ്തതി ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമായികരുതുന്നുവെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്. ഫെബ്രുവരി 15ന് കണിയാമ്പറ്റ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന രാമേട്ടന്റെ സപ്തതി ആഘോഷ ചടങ്ങും പുതുമയുള്ളതായി.
രാമേട്ടന്റെ വ്യക്തിപ്രഭാവം വിളിച്ചറിയിക്കുന്നതായിരുന്നു സ്വന്തം നാട്ടിലെ ക്ഷിരോത്പാദക സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പ്. കണിയാമ്പറ്റയിലെ ചിത്രമൂല സംഘത്തിലെ മുഴുവന്‍ സീറ്റുകളിലും ബിജെപി നേതൃത്വം വിജയിച്ചുകയറി. പ്രസിഡന്റായി രാമേട്ടനെ വീണ്ടും തെരഞ്ഞെടുത്തു.
15 വര്‍ഷത്തിനു ശേഷമാണ് ഇവിടെ രാമേട്ടന് വീണ്ടും പ്രസിഡന്റാകുന്നത്. ഈ തെരഞ്ഞെടുപ്പുഫലം വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് കരുത്തു നല്കി എന്ന കാര്യത്തില്‍ സംശയമില്ല. മന്ത്രി പി.കെ. ജയലക്ഷ്മി അംഗവും ജയലക്ഷ്മിയുടെ സഹോദരന് മത്സരിക്കുകയും ചെയ്ത തവിഞ്ഞാല്‍ ഗിരിജന്‍ സഹകരണ സംഘത്തിലും ബിജെപി നേടിയ വന്‍ വിജയം വനവാസികളുടെ ആത്മാഭിമാനം തൊട്ടുണര്‍ത്തുന്നതായിരുന്നു.
ഐ.സി. ബാലകൃഷ്ണന് എംഎല്‍എ. ഇവിടെ ഡയറക്ടര്‍ ബോര്‍ഡംഗമാണ്. ഇവിടെ മത്സരിച്ച അദ്ദേഹത്തിന്റെ സഹോദരനും തോറ്റു. കൂടെ കോണ്‍ഗ്രസിലെ രണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളും പരാജയമറിഞ്ഞവരില് ഉള്‍പ്പെടുന്നു. സംഘത്തിലെ മുഴുവന്‍ സീറ്റുകളും വനവാസി വികസന കേന്ദ്രം പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ബിജെപി തൂത്തുവാരി.
തികഞ്ഞ ആതിഥേയന്
സംസ്ഥാനത്തെ ഏറ്റവും വലിയ കൂട്ടുകുടുംബമായിരുന്നു മുമ്പ് പള്ളിയറ. 39 ഏക്കര്‍ കരയും 30 ഏക്കര്‍ പാടശേഖരവും പള്ളിയറക്ക് സ്വന്തം. 500 ക്വിന്റല്‍ നെല്ല് സൂക്ഷിക്കാവുന്ന പത്തായപ്പുര അന്ന് നിറഞ്ഞ് കവിയും. ഇന്ന് തറവാട്ടിലെ നാലുകെട്ടില്‍ രാമേട്ടനും ഭാര്യയും മക്കളും മരുമക്കളും മാത്രം. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ കാത്താര്‍ വീട്ടില്‍ ചാപ്പന്റെയും കീരയുടെയും മകനാണ് രാമേട്ടന്.
1966ല്‍ വിവാഹം. അഞ്ചു മക്കള്‍. സീത, പ്രേമകുമാരി, സുരേഷ് ബാബു, മോഹന്‍ദാസ്, പ്രജിത. മരുമക്കളായ അച്ചപ്പനും ബാബുവും ശാന്തയും വിനീതയും വിനോദും സപ്തതി ആഘോഷങ്ങളില്‍ സജീവ സാന്നിദ്ധ്യം. ഏതുസമയത്തും ആര്‍ക്കും ആതിഥ്യമരുളുന്ന പള്ളിയറ തറവാട്ടില്‍ ഭാരതത്തിലെ പല ജനനായകന്മാരും സന്ദര്‍ശനം നടത്തി.
1987ല്‍ അടല്‍ ബിഹാരി വാജ്പേയ്ക്ക് രാമേട്ടന് ആതിഥ്യമരുളി. പ്രമോദ് മഹാജന്, പ്രമുഖ സംഘ അധികാരികള്‍, ബിഎംഎസ്, ബിജെപി നേതാക്കള്‍, പരിവാര്‍ സംഘടനാ നേതാക്കള്‍, തുടങ്ങിയവരും പള്ളിയറയുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. ഇന്ന് വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി വിവിധ സര്‍വ്വകലാശാലകളിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ രാമേട്ടനെ തേടിയെത്തുന്നു. ഗോത്ര കാര്‍ഷിക സംസ്കൃതിയുടെ പൊരുള്‍ തേടി…
വനവാസികള്‍ക്കുവേണ്ടി സമരമുഖത്ത്
കുടിയേറ്റ ജനത സ്വത്വം നശിപ്പിച്ച ഒരു സാംസ്കാരിക വിഭാഗത്തിന് മുന്‍ കാലങ്ങളിലെ ചെറുത്തുനില്‍പ്പിന് സംഘപരിവാര്‍ സംഘടനകള്‍ മാത്രമായിരുന്നു ആശ്രയം. 70 കളില്‍ പരിവാര്‍ സംഘടനകള്‍ ശക്തമായ സമരത്തിലൂടെ വനവാസികള്‍ക്ക് തുണയാകുന്ന കാഴ്ചയാണ് കാണാനാകുക.
വനവാസികളുടെ സമരചരിത്രം പൂര്‍ണ്ണമായും 70 കളിലെ ആദിവാസി സമരങ്ങളില്‍ രാമേട്ടന് പ്രതിപാദിക്കുന്നുണ്ട്. പല ഘട്ടങ്ങളിലും രാമേട്ടന്റെ നേതൃത്വത്തില്‍ നടന്ന സമര പരിപാടികളില്‍ വനവാസികള്‍ക്ക് അമ്പും വില്ലും ഏന്തേണ്ടതായും വന്നു.
അടിയന്തിരാവസ്ഥ കാലത്ത് വൈത്തിരി ജയിലിലും ഒളിവിലുമായിരുന്ന സംഘടനാ നേതാക്കള്‍ക്ക് വേണ്ട സഹായം നല്‍കുന്നതിനായി രാമേട്ടന് നിയോഗിക്കപ്പെട്ടു. ഒളിവില്‍ പോയവര്‍ക്കും ജയിലിലുള്ളവര്‍ക്കും ജയില്‍ മോചിതര്‍ക്കും വയനാട്ടിലെ വനവാസികളാണ് സഹായ ഹസ്തവുമായി മുന്‍നിരയില്‍ ഉണ്ടായിരുന്നത്.
കോല്പ്പാറകുന്നിലെ കാട്ടുനായ്ക്ക വിഭാഗത്തിന്റെ 13 ഏക്കര്‍ ഭൂമി കോമുഹാജി, കോല്‍പ്പാറ ഹുസൈന് ഹാജി, എന്നിവര്‍ ചേര്‍ന്ന് കയ്യേറി. ഭൂമി ഒഴിപ്പിക്കുന്നതിന് രാമേട്ടന്റെ നേതൃത്വത്തില്‍ വനവാസികള്‍ നടത്തിയ സമരം ശ്രദ്ധേയമായി.
നിയമപമായ മാര്‍ഗങ്ങളിലൂടെ ഭൂമി ഒഴിപ്പിക്കല്‍ നടപടി നടക്കാതെ വന്നപ്പോള്‍ നൂറുകണക്കിന് വനവാസികള്‍ അമ്പും വില്ലുമേന്തി ഭൂമി പിടിച്ചെടുക്കല്‍ സമരത്തിനിറങ്ങി. ഇതോടെ സര്‍ക്കാര്‍ കണ്ണു തുറന്നു. കോഴിക്കോട് ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കല്‍പ്പറ്റയിലെത്തി. ഹാജിക്കുവേണ്ടി മലപ്പുറത്തുനിന്നും നിരവധി ഗുണ്ടകളും.
വയനാട്ടില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥ. പഴശ്ശിയുടെ പോരാളികളായ വനവാസികള്‍ക്കു മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ഭൂമി അവകാശികള്‍ക്ക് വിട്ടുകൊടുത്തു. കോല്പ്പാറകുന്നില് 27 വീടുകളിലായി 32 കുടുംബങ്ങളും 250 ഓളം അംഗങ്ങളും ഇന്നുണ്ട്. സമരം നയിച്ച ചെല്ലന്, വയ്യന്‍ തുടങ്ങിയവരുടെ പിന്മുറക്കാരാണിവര്. വയനാട്ടില്‍ ഇത്തരത്തില്‍ നൂറുകണക്കിന് സമരങ്ങള്‍ക്കാണ് രാമേട്ടന് നേതൃത്വം കൊടുത്തത്.
‘മഞ്ഞവര്ണ്ണ കൊടിതന്നില്
അമ്പും വില്ലും അടയാളം
ഇതാണു ഞങ്ങടെ കൊടിയെങ്കില്‍
അവകാശങ്ങള്‍ നേടിയെടുക്കും
പദ്ധതിയെല്ലാം കടലാസില്‍
പട്ടിണിയെല്ലാം വയനാട്ടില്‍
വയനാടിന്റെ ഉടയവര്‍ ഞങ്ങള്‍
വയനാടിന്റെ സന്തതി ഞങ്ങള്‍’
ഒരുകാലത്ത് വയനാട് മുഴുവന്‍ മുഴങ്ങിക്കേട്ട ആദിവാസി സമരങ്ങളിലെ മുദ്രാവാക്യമാണിത്. രാമേട്ടന് എഴുപതിലും ഈ മുദ്രാവാക്യങ്ങള്‍ നെഞ്ചോടുചേര്‍ത്ത് താലോലിക്കുന്നു. കുറിച്യ കുടുംബങ്ങളില്‍ സ്ത്രീകള്‍ മാത്രമുള്ള സമയങ്ങളില്‍ വില്ലേജ് അധികാരികളെത്തി ബലമായി ലെവിനെല്ല് പിടിച്ചെടുത്തുകൊണ്ട് പോയതും കൂട്ടുകുടുംബങ്ങളെ ഒറ്റക്കുടുംബമായി കണ്ട് ആദായനികുതി അടപ്പിച്ചതും വനവാസികളിലെ സമരവീര്യം ആളിക്കത്തിച്ചു. ഇതിനെതിരെ സമരം നയിച്ച്, ഇതെല്ലാം പിന്‍വലിക്കാന്‍ കഴിഞ്ഞു എന്നതും രാമേട്ടന്റെ നേട്ടങ്ങളാണ്.
വയനാട്ടില്‍ ശക്തമായ അടിത്തറയുള്ള രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പിന്തുണയോടെയായിരുന്നു രാമേട്ടന്റെ സമരങ്ങളെല്ലാം. തലക്കര ചന്തുവിന്റ പേരില്‍ വര്‍ഷാവര്‍ഷം സംസ്ഥാനതല അമ്പെയ്ത്ത് മത്സരം സംഘടിപ്പിക്കാനും രാമേട്ടനായി. സര്‍ക്കാരിനെക്കൊണ്ട് ഇതിലേക്ക് എവര്‍റോളിംഗ് ട്രോഫി നല്‍കാനും അദ്ദേഹത്തിനായി. 32-ാമത് അമ്പെയ്ത്ത് മത്സരം ഇക്കൊല്ലം വയനാട്ടിലെ ബത്തേരിയില്‍ നടന്നു.
ഗോത്രകുലത്തില്‍ നിന്നും ഭ്രഷ്ട് കല്പ്പിച്ചും സമുദായ പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെയും സ്വസമുദായക്കാര്‍ തന്നെ രാമേട്ടനെതിരെ മുമ്പ് വാളെടുത്തിട്ടുണ്ട്. ഇതെല്ലാം താനുറച്ചു വിശ്വസിക്കുന്ന സംഘടനക്കുവേണ്ടിയാണല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു രാമേട്ടന്. അടിയ, പണിയ വിഭാഗക്കാരോടൊപ്പം ഭക്ഷണം കഴിച്ചതും അവര്‍ക്ക് ഭക്ഷണം നല്കിയതും അവരെ കുടുംബക്ഷേത്രോത്സവത്തില് പങ്കാളികളാക്കിയതും സമുദായത്തിലെ പാരമ്പര്യാചാരങ്ങളെ മറികടന്ന് വിവാഹം നടത്തിയതും രാമേട്ടനെന്ന ഗോത്രനേതാവിനെ വ്യത്യസ്ഥനാക്കി.
പ്രദേശത്തെ തസ്കരന്മാരേയും തട്ടിപ്പുകാരേയും വകവരുത്തി നാട്ടില്‍ ക്ഷേമം നടപ്പിലാക്കിയ കള്ളമ്പട്ടി ഭഗവതി തനിക്കു തുണയാകുന്നു എന്നാണ് രാമേട്ടന്റെ വിശ്വാസം. ഈ വിശ്വാസം തന്നെയാണ് ഒരു ഗ്രാമത്തിന്റെ വിശ്വാസവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: